Follow Us On

28

March

2024

Thursday

നൈജീരിയയിൽ വീണ്ടും തീവ്രവാദി അക്രമണം; നൂറുകണക്കിന് ആളുകളെ ബന്ധികളാക്കിയെന്ന് റിപ്പോർട്ട്

നൈജീരിയയിൽ വീണ്ടും തീവ്രവാദി അക്രമണം; നൂറുകണക്കിന് ആളുകളെ ബന്ധികളാക്കിയെന്ന് റിപ്പോർട്ട്

അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ കുക്കാവാ നഗരം ആക്രമിച്ച് നൂറുകണക്കിന് ആളുകളെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, രണ്ട് ഡസൺ ട്രക്കുകളിലായി എത്തിയ ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്’ (ഐ.എസ്.ഡബ്ല്യു.എ.പി) തീവ്രവാദികൾ നഗരത്തിന് സംരക്ഷണം ഒരുക്കാൻ നിയോഗിക്കപ്പെട്ട സൈനീകരെ ആക്രമിച്ചശേഷം നഗരവാസികളെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

മൈദിഗുരിയിലെ താൽക്കാലിക ക്യാംപിൽനിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയവരെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇസ്ലാമിക തീവ്രവാദികളുടെ അക്രമം ഭയന്ന് അനേകായിരങ്ങളാണ് മൈദിഗുരിയിലെ കാംപിൽ കഴിയുന്നത്. ഇസ്ലാമിക അക്രമങ്ങൾമൂലം മൈദിഗുരിക്കും സമീപപ്രദേശങ്ങളിലുമായി ഏതാണ്ട് മൂന്ന് ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായിട്ടുണ്ട് എന്നാണ് കണക്കുകൾ. നിരവധി തവണ തീവ്രവാദ ആക്രമണങ്ങൾക്ക് വിധേയമായ നഗരമാണ് കുക്കാവാ. 2015ൽ ബോക്കോ ഹാരം നടത്തിയ ആക്രമണത്തിൽ 100ൽപ്പരം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2015മുതൽ ഇതുവരെ 12000 ക്രൈസ്തവർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. 2020ന്റെ ആദ്യത്തെ രണ്ട് മാസങ്ങളിൽമാത്രം കൊല്ലപ്പെട്ടത് 350ൽപ്പരം ക്രൈസ്തവരാണ്. മൂന്നു ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായി. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോകുന്നതും പതിവാകുകയാണ്. കഴിഞ്ഞ മാസങ്ങളിൽ കഡുണ, സോകോട്ട സംസ്ഥാനങ്ങളിൽ ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു.

വംശീയ ഹത്യയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോഴും നൈജീരിയൻ ഭരണകൂടം നിഷ്‌ക്രിയത്വം തുടരുന്നു എന്നതാണ് ഖേദകരം. ഈ സാഹചര്യത്തിൽ ദൈവീക ഇടപെടൽ യാചിച്ച് സഭാനേതൃത്വം ആഹ്വാനം ചെയ്ത 40 ദിന പ്രാർത്ഥന ആരംഭിക്കാൻ ദിനങ്ങൾമാത്രം ശേഷിക്കേയാണ് ക്രൈസ്തവ സമൂഹത്തെ നടുക്കി വീണ്ടും ആക്രമണമുണ്ടായത്. ഓഗസ്റ്റ് 22നാണ് പ്രാർത്ഥനാ ദിനം ആരംഭിക്കുക.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?