Follow Us On

22

February

2024

Thursday

മാധ്യമദിന സന്ദേശത്തിന്റെ ഉൾക്കാഴ്ചകൾ

മാധ്യമദിന സന്ദേശത്തിന്റെ ഉൾക്കാഴ്ചകൾ

സഭയുടെ കവാടങ്ങൾ ലോകത്തിനുമുമ്പിൽ തുറന്നിടാൻ ആഹ്വാനംചെയ്ത രണ്ടാം വത്തിക്കാൻ സൂന്നഹദോസിന്റെ തീരുമാനപ്രകാരം സഭയിൽ ആരംഭിച്ച മാധ്യമദിനാഘോഷത്തിന് അരനൂറ്റാണ്ട് പൂർത്തിയാവുന്നു. മാധ്യമലോകത്തിലെ നൂതനപ്രവണതകളെ അത്രയൊന്നും ഭാവാത്മകമായി കാണുന്ന പാരമ്പര്യമില്ലാതിരുന്ന കത്തോലിക്കാസഭയുടെ ധീരമായ ഒരു തീരുമാനംതന്നെയാണ് മാധ്യമദിനാചരണത്തിലൂടെ നാം ദർശിച്ചത്. തുടർന്നിങ്ങോട്ട് ഈ 50 വർഷങ്ങളിലും അതതുകാലങ്ങളിലെ പാപ്പമാർ ആ ദിനത്തിന്റെ സന്ദേശം പങ്കുവെക്കുകയും ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ വിശ്വാസീസമൂഹം അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കുടുംബങ്ങളെ സംബന്ധിച്ച അസാധാരണവും സാധാരണവുമായ സിനഡുകൾ നടന്നതിന്റെ പശ്ചാത്തലത്തിൽ 2015ൽ ‘കുടുംബങ്ങളിൽ വളരേണ്ട ആശയവിനിമയ സംസ്‌കാരത്തെക്കുറിച്ചും’ കാരുണ്യവർഷാചരണവുമായി ബന്ധപ്പെടുത്തി ഈ വർഷം ‘കരുണയും സാമൂഹികസമ്പർക്കമാധ്യമങ്ങളും: സഫലമായ ഒരു നേർക്കാഴ്ച’ എന്ന വിഷയത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ പങ്കുവെച്ചത്. നവമാധ്യമങ്ങളുടെയും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും അനിയന്ത്രിതമായ കുത്തൊഴുക്കിൽപ്പെട്ട് ആധുനിക തലമുറ നട്ടംതിരിയുമ്പോൾ കരുണയ്ക്കായുള്ള മനുഷ്യന്റെ നിലവിളി അവഗണിക്കരുതെന്ന ഓർമപ്പെടുത്തലാണ് ഇത്തവണത്തെ സന്ദേശത്തിന്റെ കാതൽ.
അമ്പതാം ലോകസമ്പർക്ക മാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച മാധ്യമദിന സന്ദേശത്തിന്റെ ഊന്നൽ സമ്പർക്കമാധ്യമങ്ങളിലൂടെ തെളിയുന്ന കരുണയുടെ കടാക്ഷത്തെക്കുറിച്ചാണ്. 1965ൽ സമാപിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ മാധ്യമങ്ങളെക്കുറിച്ചുള്ള ഡിക്രിയുടെ (ഇങ്കർ മീറിഫിക്ക) 18^ാം ഖണ്ഡിക ഇപ്രകാരം പറയുന്നു: ‘സാമൂഹിക സമ്പർക്കമാധ്യമങ്ങളോട് സഹകരിച്ച് സഭയുടെ പ്രേഷിതമാനം കൂടുതൽ വിസ്തൃതമാക്കാൻ ലോകത്തിലുള്ള എല്ലാ കത്തോലിക്കാ രൂപതകളും തങ്ങളുടെ രൂപതാധ്യക്ഷന്മാരുടെ തീരുമാനങ്ങൾക്കു വിധേയമായി ആണ്ടുവട്ടത്തിലെ ഒരു ദിനം മാധ്യമദിനമായി കൊണ്ടാടണം. ആ ദിവസം വിശ്വാസികളെ ഈ വിഷയത്തിൽ പ്രബുദ്ധരാക്കുകയും പ്രാർത്ഥനയും പ്രവർത്തനവും സഹകരണവും വഴി മാധ്യമമേഖല ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മെയ് മാസത്തിലാണ് സഭയുടെ മാധ്യമദിനാചരണം.
സഭയും മാധ്യമങ്ങളും
മാധ്യമങ്ങളുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞതിനാലാണ് പാപ്പമാർ കാലാകാലങ്ങളിൽ വിശ്വാസിസമൂഹത്തെ മാധ്യമ ഉപയോഗത്തെക്കുറിച്ച് അവബോധമുള്ളവരാക്കാൻ ശ്രമിച്ചത്. സഭയുടെ പ്രേഷിതദൗത്യത്തിന് സാമൂഹിക സമ്പർക്കമാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്നുതന്നെയാണ് രണ്ടാം വത്തിക്കാൻ കൗൺസിലും അഭിപ്രായപ്പെട്ടത്. 1936ൽ പീയൂസ് 11^ാമൻ പാപ്പ പുറപ്പെടുവിച്ച ‘വിജിലാന്തി ക്യൂര’, 1957ൽ പീയൂസ് 12^ാമൻ പുറപ്പെടുവിച്ച ‘മിറാന്ത പ്രോർസ്യുസ്’ എന്നീ ചാക്രിക ലേഖനങ്ങളിലൂടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന മൂല്യങ്ങളെക്കുറിച്ചും ശ്രദ്ധയോടെ അവ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുകയുണ്ടായി.
മാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിന്റെ നവസാധ്യതകളായി പരിഗണിച്ച് ശരിയായരീതിയിൽ ഉപയോഗിക്കണമെന്നാണ് ‘ഇങ്കർ മീറിഫിക്ക’ ഡിക്രിയിലൂടെ സഭാ പിതാക്കന്മാർ ഓർമപ്പെടുത്തിയത്. ആഗോളമാധ്യമദിനാഘോഷവും മാധ്യമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സംഭാവനകളാണ്. പോൾ ആറാമൻ പാപ്പ പുറപ്പെടുവിച്ച അജപാലന നിർദേശം ‘കൊമ്മ്യൂണിയോ ഏത്ത് പ്രോഗ്രേസിയോ’, സാമൂഹിക സമ്പർത്തക്കിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പുറപ്പെടുവിച്ച അപ്പസ്‌തോലിക ആഹ്വാനം ‘എവാഞ്ചലി നുൺസിയാന്തി’, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പുറപ്പെടുവിച്ച ചാക്രിക ലേഖനം ‘റെദംപ്‌തോറിസ് മിസിയോ’ എന്നിവ യഥാകാലങ്ങളിലുള്ള സഭയുടെ മാധ്യമ സമീപനങ്ങൾ വിളിച്ചോതുന്ന രേഖകളാണ്.
‘കൊമ്മ്യൂണിയോ ഏത്ത് പ്രോഗ്രേസിയോ’ എന്നത് മാനവ നന്മയാണ് എല്ലാ മാധ്യമങ്ങളും ലക്ഷ്യംവെക്കേണ്ടതെന്ന് പഠിപ്പിക്കുന്ന രേഖയാണെങ്കിൽ, മാധ്യമങ്ങൾ ശരിയാംവിധം ഉപയോഗിച്ചില്ലെങ്കിൽ നാഥന്റെമുമ്പിൽ സഭ കുറ്റക്കാരിയാകുമെന്ന് ഓർമിപ്പിക്കുകയായിരുന്നു ‘എവാഞ്ചലി നുൺസിയാന്തി’യുടെ ലക്ഷ്യം. അറിവ് പകരലിന്റെ മേഖലയിൽ മാത്രമല്ല രൂപീകരണത്തിന്റെ മേഖലയിലും ശക്തമായ സ്വാധീനമാണ് മാധ്യമങ്ങൾക്കുള്ളതെന്ന ബോധ്യത്തോടെ മാധ്യമങ്ങളെ കൈകാര്യം ചെയ്യാണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായിരുന്നു ‘റെദംപ്‌തോറിസ് മിസിയോ’.
ഫ്രാൻസിസ് പാപ്പയുടെ കാരുണ്യകടാക്ഷം
കരുണയുടെ വിശുദ്ധ വത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ മാധ്യമദിനസന്ദേശം ‘കരുണയും സാമൂഹികസമ്പർക്കമാധ്യമങ്ങളും’ എന്ന വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. ഫ്രാൻസിസ് പാപ്പാ കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിനംമുതൽ അദ്ദേഹത്തിന്റെ പ്രഥമ പരിഗണന സ്‌നേഹത്തിലൂന്നിയ കാരുണ്യത്തിനായിരുന്നു. പാപ്പയായി എന്നറിഞ്ഞ ഉടനേ തൊട്ടടുത്തിരുന്നിരുന്ന ബ്രസീലിയൻ കർദിനാൾ ക്ലാവുദിയോ ഹ്യൂംസ് നിയുക്ത പാപ്പയുടെ ചെവിയിൽ മന്ത്രിച്ചത് ‘പാവങ്ങളെ മറക്കരുത്’ എന്നായിരുന്നു. ദാരിദ്ര്യത്തെ പ്രണയിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമം ഔദ്യോഗികമായി സ്വീകരിച്ചതിലൂടെ തന്റെ ജീവിതദർശനം പാപ്പ വ്യക്തമാക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് കാരുണ്യത്തിന്റെ ജ്വലിക്കുന്ന മുഖവുമായി ലോകാതിർത്തികളിലേക്ക് ഇറങ്ങിച്ചെല്ലാൻ ധീരത കാണിക്കുന്ന പാപ്പയായി അദ്ദേഹം മാറി.
പാപ്പയുടെ പ്രതിവാരസന്ദർശനങ്ങളിലും വിദേശയാത്രാവേളകളിലും അദ്ദേഹം പിന്തുടർന്നത് വേറിട്ട ശൈലിതന്നെയായിരുന്നു. ജയിലുകളിലും ചേരികളിലും കഴിയുന്നവർ, അഭയാർത്ഥികളും ഒഴിവാക്കപ്പെട്ടവരും എന്നുവേണ്ട സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുമെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇടംതേടി. അഭയാർത്ഥി പ്രവാഹത്തിൽ യൂറോപ്പ് പകച്ചുനിന്നപ്പോൾ ദൈവാലയത്തിന്റെയും ആശ്രമങ്ങളുടെയും ക്രൈസ്തവ ഭവനങ്ങളുടെയും കവാടങ്ങൾ അവർക്കായി തുറക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ഗ്രീസിലെ അഭയാർത്ഥി ക്യാംപ് സന്ദർശിച്ച അദ്ദേഹം മുസ്ലീം വിശ്വാസികളായ മൂന്ന് അഭയാർഥി കുടുംബങ്ങളെയും കൂട്ടിയാണ് വത്തിക്കാനിലേക്ക് മടങ്ങിയത്.
കരുണയും സമ്പർക്കമാധ്യമങ്ങളും
പരസ്പര സമ്പർക്കത്തിലൂടെ സ്‌നേഹസമൂഹമായി ജീവിക്കാനാണ് ദൈവമക്കളെല്ലാരും വിളിക്കപ്പെട്ടിരിക്കുന്നത്. കാരുണ്യത്തിന്റെ അവതാരമായി മനുഷ്യപുത്രൻ ഭൂജാതനായതും ഈ സ്‌നേഹത്തിന്റെ സദ്വാർത്ത എല്ലാവരെയും അറിയിക്കാനാണ്. ക്രൈസ്തവരുടെ ജീവിതസാക്ഷ്യത്തിലൂടെയാണ് ഈ സുവിശേഷം പ്രചരിപ്പിക്കപ്പെടേണ്ടത്. പരസ്പര ബന്ധങ്ങൾക്കായി നിർമിക്കുന്ന പാലങ്ങളാണ് സാമൂഹിക,സമ്പർക്ക മാധ്യമങ്ങൾ. വ്യക്തികളെ തമ്മിലും കുടുംബങ്ങളെ തമ്മിലും പരസ്പരം ഒന്നിപ്പിക്കാൻ സഹായിക്കുന്ന ചാലകം തന്നെയാണത്.
ക്രിസ്തുവിന്റെ അനുയായികൾ ആശയവിനിമയത്തിലൂടെ സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പാലങ്ങൾ നിർമിക്കാൻ മുന്നിട്ടിറങ്ങണം. നിസ്സംഗത പകർച്ചവ്യാധിപോലെ പടരുന്ന വർത്തമാനകാലത്ത് കരുണയുടെ വക്താക്കളായി ജീവിക്കാനുള്ള ആഹ്വാനമാണ് കാരുണ്യവർഷം നമുക്കു തരുന്നത്. രാഷ്ട്രീയ, നയതന്ത്രമേഖലകളിലും ഈ കാരുണ്യഭാഷ്യം ശക്തമാകണം. മനുഷ്യമനസ്സുകളെ പരസ്പരം അകറ്റാൻ ഇടയാക്കുന്ന വാർത്തകളും സംഭവങ്ങളും സമൂഹമധ്യത്തിൽ ഭയത്തിന്റെയും വെറുപ്പിന്റെയും അലകൾ തീർക്കുമ്പോൾ അത്തരം സാഹചര്യങ്ങളെ ഊതിപ്പെരുപ്പിച്ച് സെൻസേഷനലിസം സൃഷ്ടിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ പിൻതിരിയണം.
അജപാലകരുടെ കാരുണ്യസമ്പർക്കം
കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിസ് പാപ്പാ ഗ്രീസിലെ ലെസ്‌ബോസിലെ സന്ദർശനം കഴിഞ്ഞ് റോമിലേക്ക് യാത്രയായപ്പോൾ, അവിടെനിന്നുള്ള മൂന്നുകുടുബങ്ങളിലെ 12 പേരെ കൂടെക്കൂട്ടിയത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട്‌ചെയ്തത്.
ആ ക്യാംപിൽ ക്രൈസ്തവരുണ്ടായിരുന്നിട്ടും ഔദ്യോഗിക രേഖകളെല്ലാം കൃത്യമായിരുന്ന മുസ്ലീം മതവിശ്വാസികളെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് പാപ്പയുടെ മറുപടി വളരെ വ്യക്തമായിരുന്നു: ‘എല്ലാവരും ദൈവത്തിന്റെ മക്കളാണ്.’
ദൈവത്തിന്റെ കരുണയുടെ പ്രഘോഷകരായ അജപാലകർക്ക് അവശ്യംവേണ്ട കരുണ മതത്തിനും വിശ്വാസങ്ങൾക്കും അതീതമാകണമെന്ന പ്രബോധനം നൽകുകയായിരുന്നു ഇതിലൂടെ പാപ്പ. പാപികളെയും തിരസ്‌കൃതരെയും പാവങ്ങളെയും ചേർത്തുപിടിക്കുന്ന സഭയാണ് പരിശുദ്ധ പിതാവ് സ്വപ്‌നം കാണുന്നത്. 50 വർഷംമുമ്പ് സമാപിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിൽ പോൾ
ആറാമൻ പാപ്പാ പങ്കുവെച്ചതുപോലെ, കാർക്കശ്യത്തിന്റെ വാളിനേക്കാൾ കാരുണ്യത്തിന്റെ ലേപനമാണ് സഭയ്ക്കു വേണ്ടത് എന്നതിന്റെ പ്രായോഗിക ശൈലിയാണ് ഫ്രാൻസിസ് പാപ്പ ഇന്നത്തെ ലോകത്തിനു നൽകുന്ന സന്ദേശം.
ഈ സമീപനം ഉണ്ടാകണമെന്ന് പാപ്പ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നുമുണ്ട് അദ്ദേഹത്തിന്റെ രണ്ടാമത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘സ്‌നേഹത്തിന്റെ സന്തോഷം’. കുടുംബ ജീവിതത്തിന്റെ വിവിധ പ്രതിസന്ധികളിൽപെട്ട് ഉഴറുന്നവരെ എറിയാനുള്ള കല്ലുകളല്ല നിയമങ്ങളെന്നും കുറ്റംവിധി
ക്കുന്നതിനുപകരം അവരെ മനസ്സിലാക്കി കരുണയോടെ അനുധാവനം ചെയ്യാൻ അജപാലകർ മുന്നിട്ടിറങ്ങണമെന്നും പാപ്പ ഓർമിപ്പിക്കുന്നു.
സ്‌നേഹത്തോടെ സത്യം മുറുകെപ്പിടിക്കാനും അജപാലകർ തയാറാകണം. സത്യം എന്നത് ആത്യന്തികമായി ക്രിസ്തു തന്നെയാണ്. സത്യം പ്രഘോഷിക്കുകയും അനീതികളെയും തിന്മകളെയും എതിർക്കുകയും ചെയ്യേണ്ടത് ക്രൈസ്തവരുടെ കടമയാണ്.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ കാരുണ്യത്തോടെയുള്ള സമീപനമാണ് ഇന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ശാന്തതയിലും കാരുണ്യത്തിലും ചാലിച്ച സ്‌നേഹത്തോടെ മൊഴിയുന്ന വചസുകൾക്കേ പാപപങ്കിലഹൃദയങ്ങളെ സ്പർശിക്കാനാവൂ. പരുഷമായ ദേഷ്യപ്പെടലുകളിലൂടെയും ഫലരഹിതമായ ഉപദേശങ്ങളിലൂടെയും മനുഷ്യരെ അകറ്റുന്നവരായി മാറരുത് അജപാലകർ എന്നും ഈ വർഷത്തെ മാധ്യമദിന ചിന്തകളിൽ പാപ്പാ വെളിപ്പെടുത്തുന്നു.
മാനവ സമൂഹം ഒരു കുടുംബം
വിശ്വമാനവ കുടുംബമെന്ന ദർശനമാണ് ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്യുന്നത്. മക്കളുടെ നന്മമാത്രം കാംക്ഷിച്ച് എല്ലാവരെയും ഒന്നുപോലെ സ്‌നേഹിക്കുന്ന മാതാപിതാക്കളാണ് ഒരു കുടുംബത്തെ കുടും
ബമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അവരുടെ സ്‌നേഹമാകട്ടെ വ്യവസ്ഥകളോടു കൂടിയ സ്‌നേഹവുമല്ല. ഏതു സമയത്തും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാവുന്ന ഇടമാണ് കുടുംബം. ഇത്തരമൊരു സമൂഹ സങ്കൽപ്പമാണ് ഫ്രാൻസിസ് പാപ്പയ്ക്കുള്ളത്. ഭയംകൂടാതെ യഥാർഥ സ്വാതന്ത്ര്യത്തോടെ ഏവരും വസിക്കുന്ന ഗേഹമാകണം ഭൂമി.
എന്തു നല്ല നടക്കാത്ത സ്വപ്‌നമെന്ന്, ഒരുപക്ഷേ, നാം ചിന്തിച്ചേക്കാം. എന്നാൽ ഈ ഒരു ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നാണ് പാപ്പയുടെ ആഗ്രഹം. ഈ ഒരു ലക്ഷ്യം സാധ്യമാകണമെങ്കിൽ മറ്റുള്ളവരെ ശ്രവിക്കുന്നവരായി നാം മാറണം. ആശയവിനിമയം എന്നത് അടിസ്ഥാനപരമായി പങ്കുവെക്കലാണെങ്കിലും ഈ പങ്കുവെക്കലിൽ ശ്രവണവും സ്വീകരണവും നടക്കേണ്ടതുണ്ട്.
ശ്രദ്ധയും ധാരണയും ധ്യാനവും കൂടിച്ചേരുമ്പോഴാണ് യഥാർഥ ശ്രവണം നടക്കുന്നത്. അത്തരത്തിൽ അപരന് ചെവികൊടുക്കുമ്പോൾ ഇവിടെ സമാധാനത്തിന്റെ വിത്തുകൾ പാകപ്പെടും.
നവമാധ്യമങ്ങളുടെ അനന്തസാധ്യതകൾ
നവമാധ്യമങ്ങളുടെ അനന്തസാധ്യതകളെക്കുറിച്ചുകൂടി വിശകലനം ചെയ്യന്നുണ്ട് ഈ വർഷത്തെ മാധ്യമദിനസന്ദേശം. സാമൂഹികമാധ്യമങ്ങൾ പരസ്പരബന്ധങ്ങൾ സുഗമമാക്കാനും പോഷിപ്പിക്കാനും ഏറെ സഹായകമാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ, ജാഗ്രതപുലർത്തിയില്ലെങ്കിൽ കൂടുതൽ ധ്രുവീകരണത്തിനും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള വിഭജനത്തിനും ഇത് വഴിതെളിക്കുമെന്ന കാര്യത്തിലും സംശയമില്ല. മദ്യ, മയക്കുമരുന്ന് മാഫിയ സംഘങ്ങളും പെൺവാണിഭക്കാരും കുറ്റവാളികളുമൊക്കെ ഈ നവസാധ്യതകൾ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി വിനിയോഗിക്കുന്നതിന്റെ അപകടം സമൂഹം അനുഭവിക്കുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായുണ്ടാകുന്ന വർധന, ഈ സമൂഹത്തിന്റെ യാത്ര അപകടകരമായ അവസ്ഥയിലേക്കാണെന്ന് വ്യക്മാക്കുന്നു. ഉത്തരവാദിത്വപൂർണമായ മാധ്യമ ഉപയോഗത്തിലേക്ക് സമൂഹത്തെ നയിക്കാനുള്ള ദൗത്യവും സഭ ഏറ്റെടുക്കേണ്ടതുണ്ട്. ഈ മാധ്യമങ്ങൾ നമ്മെ കൂടുതൽ വിശ്വപൗരന്മാരാക്കണമെന്നുതന്നെയാണ് സഭ പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള ഒരു തുറന്ന ജാലകമായി, ഒരു മഹാഡിജിറ്റൽ ചത്വരമായി, സംഗമഭൂമിയായി നവമാധ്യമങ്ങൾ പ്രസരിക്കുമ്പോൾ ഈ വിശ്വപൗരസങ്കല്പം പൂവണിയുകതന്നെ ചെയ്യും.
മാധ്യമങ്ങളുടെ അനന്തസാധ്യതകൾ ദൈവത്തിന്റെ ദാനമാണെന്ന കാര്യം സഭ ഔദ്യോഗികമായി പങ്കുവെക്കുന്ന നിലപാടുകൾതന്നെയാണ്. ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള അടുപ്പം കൂടുതൽ സുദൃഢമാക്കാൻ ഈ മാധ്യമശൃംഖലകളിലൂടെ സാധ്യമാണ്. ആശയവിനിമയബന്ധങ്ങളും കരുണയും തമ്മിലുള്ള നേർക്കാഴ്ച സഫലമാകണമെങ്കിൽ കരുതലിന്റെയും സാന്ത്വനത്തിന്റെയും സൗഖ്യത്തിന്റെയും സൗഹൃദത്തിന്റെയും ഇഴയടുപ്പം സൃഷ്ടിക്കാൻ മാധ്യമങ്ങൾ പരിശ്രമിക്കണം.

ഫാ. ജോളി വടക്കൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?