Follow Us On

28

March

2024

Thursday

ക്രൈസ്തവ വിരുദ്ധത: നൈജീരിയയിൽ 41 ദിന പ്രാർത്ഥനയ്ക്ക്‌ ആരംഭം; അണിചേരാം നമുക്കും

ക്രൈസ്തവ വിരുദ്ധത: നൈജീരിയയിൽ 41 ദിന പ്രാർത്ഥനയ്ക്ക്‌ ആരംഭം; അണിചേരാം നമുക്കും

അബൂജ: ഇസ്ലാമിക തീവ്രവാദികളിൽനിന്ന് മുക്തിതേടി സഭാനേതൃത്വം ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനങ്ങളിലേക്ക് നൈജീരിയയിലെ ക്രൈസ്തവ സമൂഹം. ഓഗസ്റ്റ് 22ന് തുടക്കം കുറിച്ച 40 ദിന പ്രാർത്ഥനാ യജ്ഞത്തിന് സെപ്തംബർ 30നാണ് സമാപനമാകുന്നത്. കൂടാതെ, നൈജീരിയൻ സ്വാതന്ത്ര്യദിനമായ ഒക്‌ടോബർ ഒന്നിന് വിശേഷാൽ പ്രാർത്ഥനാദിനാചരണത്തിനും സഭാനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

41 ദിനം നീളുന്ന പ്രാർത്ഥനാ യജ്ഞത്തിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ ഐക്യദാർഢ്യവും പ്രതീക്ഷിക്കുന്നുണ്ട് നൈജീരിയൻ സഭ. മാതാവിന്റെ സ്വർഗാരോപണ തിരുനാളിൽ, നൈജീരിയക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ആഹ്വാനം ഇതിന് കാരണമാകുമെന്നാണ് സഭാനേതൃത്വത്തിന്റെ വിശ്വാസം. വംശഹത്യയ്ക്ക് സമാനമെന്നോണം ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രാർത്ഥനായജ്ഞത്തിന് നൈജീരിയൻ സഭാ നേതൃത്വം ആഹ്വാനം ചെയ്തത്.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അവസാനിക്കാൻ ദൈവീക ഇടപെടലിനായി സമർപ്പിക്കുന്ന പ്രാർത്ഥനയ്‌ക്കൊപ്പം ഒരു സ്വർഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വ സ്തുതി എന്നിവ ചൊല്ലാനാണ് സഭാനേതൃത്വം നിഷ്‌കർഷിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാചരണത്തിലെ പ്രാർത്ഥനയുടെ ഭാഗമായി ജപമാലയിലെ ദുഃഖത്തിന്റെ രഹസ്യം ചൊല്ലാനും നിർദേശം നൽകിയിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം 2015മുതൽ ഇതുവരെ 12000 ക്രൈസ്തവർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. 2020ന്റെ ആദ്യത്തെ രണ്ട് മാസങ്ങളിൽമാത്രം കൊല്ലപ്പെട്ടത് 350ൽപ്പരം ക്രൈസ്തവരാണ്. മൂന്നു ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായി. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും സെമിനാരിക്കാരെയും തട്ടിക്കൊണ്ടുപോകുന്നതും പതിവാകുകയാണ്. കഴിഞ്ഞ മാസങ്ങളിൽ കഡുണ, സോകോട്ട സംസ്ഥാനങ്ങളിൽ ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു.

ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ കൊന്നൊടുക്കുമ്പോഴും നൈജീരിയൻ ഭരണകൂടം തുടരുന്നു എന്നതാണ് ഖേദകരം. ഈ സാഹചര്യത്തിൽ, നൈജീരിയൻ സഭ ആഹ്വാനംചെയ്ത പ്രാർത്ഥനായജ്ഞം അന്താരാഷ്ടതലത്തിൽതന്നെ ശ്രദ്ധേയമാകും. ‘രാജ്യത്ത് അരക്ഷിതാവസ്ഥയും ഭീകരപ്രവർത്തനങ്ങളും വർദ്ധിക്കുകയാണ്. കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർവരും ഇടപെടണം. അക്രമികളെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണം. മതമൗലികവാദികളുടെ ക്രൂരതയ്ക്ക് ഇരയായവർക്ക് നീതി ലഭിക്കണം,’ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് അഗസ്റ്റിൻ ഒബിയോറ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?