Follow Us On

28

October

2020

Wednesday

‘സർവാധിപനാം കർത്താവേ…’ പാടുമ്പോൾ ഓർക്കാറുണ്ടോ രചയ്താവിനെ; അദ്ദേഹത്തിന്റെ തിരുനാൾ ദിനമാണ് ഇന്ന്‌

‘സർവാധിപനാം കർത്താവേ…’ പാടുമ്പോൾ ഓർക്കാറുണ്ടോ രചയ്താവിനെ; അദ്ദേഹത്തിന്റെ തിരുനാൾ ദിനമാണ് ഇന്ന്‌

സീറോ മലബാർ ദിവ്യബലിയിലെ ‘സർവാധിപനാം കർത്താവേ…’ എന്ന സ്തുതിഗീതം രചിച്ചത് ആരാണെന്നറിയാമോ? സീറോ മലബാർ സഭ ആ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുകയാണ് ഇന്ന്. അദ്ദേഹത്തെക്കുറിച്ചും പ്രസ്തുത കീർത്തനത്തിന് പിന്നിലെ വിശ്വാസപാരമ്പര്യങ്ങളെക്കുറിച്ചും അറിയേണ്ടേ?

ജൂഡ്‌സൺ കൊച്ചുപറമ്പൻ

സീറോ മലബാർ ദിവ്യബലിയിൽ പതിവായി കേൾക്കുന്ന ഒരു സ്തുഗീതമാണ് ‘സർവാധിപനാം കർത്താവേ…’ എന്നത്. പീഡിത സഭയുടെ (നാലാം നൂറ്റാണ്ടിൽ) ആദ്യകാലങ്ങളിൽ മെസപ്പോട്ടോമിയായിലെ സഭയിൽ രൂപപ്പെട്ടതാണ് ‘സകലത്തിന്റെയും നാഥാ’ എന്ന ഈ പ്രാർത്ഥനാ ഗീതം. നാലാം നൂറ്റാണ്ടിൽ കൽദായ സഭയെ നയിച്ച കാതോലിക്കയായിരുന്ന മാർ ശിമയോൻ ബർ സാബായാണ് ( 321- 341) ഈ കീർത്തനത്തിന്റെ രചയിതാവ്.

വിശ്വാസപ്രമാണത്തിന്റെ ചെറിയ പതിപ്പായും ജപമാലയായും കൽദായ സഭയിൽ ഈപ്രാർത്ഥന വളർന്നു. നമ്മുടെ കർത്താവും രക്ഷിതാവുമായ ഈശോമിശിഹായുടെ ഉയിർപ്പും അതുവഴി നമുക്ക് ലഭിക്കാനിരിക്കുന്ന ഉയിർപ്പുമാണ് ഈ ഗാനത്തിന്റെ പ്രമേയം. അതിനാൽ ഈ ഗീതത്തെ ഉത്ഥാനഗീതമെന്നും പ്രകാശത്തിന്റെ ഗീതമെന്നും വിളിക്കാറുണ്ട്. ഈ ഗീതത്തിന്റെ മറ്റൊരു വിശേഷണം ‘ആദാമിന്റെ കീർത്തനം’ എന്നാണ്. അപ്രകാരം വിളിക്കാനും ഒരു കാരണമുണ്ട്.

ആദിമസഭയുടെ വിശ്വാസപ്രകാരം നമ്മുടെ കർത്താവ് മരിച്ച് കല്ലറയിൽ അടക്കപ്പെട്ട സമയം അവിടുന്ന് പാതാളത്തിലേക്ക് പ്രവേശിച്ചു എന്നൊരു വിശ്വാസം സഭ നൽകുന്നുണ്ട്. പത്രോസ് ശ്ലീഹായുടെ ലേഖനത്തിലും ഇപ്രകാരം തന്നെ പറയുന്നുമുണ്ട്. ഇക്കാര്യം വിശ്വാസപ്രമാണത്തിലും (പാതാളങ്ങളിലേക്ക് ഇറങ്ങി) നാം പ്രഖ്യാപിക്കാറുണ്ടല്ലോ. നമ്മുടെ കർത്താവ് പാതാളവാസികളോട് സുവിശേഷം പ്രസംഗിക്കാൻ ചെന്നപ്പോൾ ആദി മനുഷ്യനായ ആദം നമ്മുടെ കർത്താവിനെ കണ്ട് ഇങ്ങനെ പാടിയെന്നാണ് പാരമ്പര്യം:

‘സകലത്തിന്റെയും നാഥാ നിന്നെ ഞങ്ങൾ സ്തുതിക്കുന്നു.

ഈശോ മിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു.’

ഇത് കേട്ട ഹവ്വയും ആബേൽ മുതലുണ്ടായിരുന്ന സകല നീതിമാന്മാരും രാജാവും പ്രവാചകനുമായ ദാവീദും സകല പ്രവാചകന്മാരും ഏറ്റുപാടി:

‘ എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.’

പിന്നീട് നമ്മുടെ കർത്താവ് അവരോട് സുവിശേഷം പറയുകയും അവരെ പാതാളത്തിന്റെ തടവിൽനിന്ന് മോചിപ്പിക്കുകയും ചെയ്‌തെന്നാണ് വിശ്വാസം. വേദപുസ്തകത്തിൽ നമ്മുടെ കർത്താവിന്റെ മരണവുമായി ബന്ധപ്പെടുത്തി പതാളങ്ങൾ തുറക്കപ്പെട്ടു എന്നും മരിച്ച വിശുദ്ധർ വിശുദ്ധ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടെന്നുള്ള വചനവും ഈ പാരമ്പര്യത്തോട് ചേർത്ത് വായിക്കണം.

പ്രക്ഷുബ്ധമായ പീഡനകാലത്ത് പേർഷ്യൻ സഭയെ നയിച്ച മെത്രാനായിരുന്നു മാർ ശിമയോൻ ബർ സാബാ. റോമൻ സാമ്രാജ്യത്തിലെ മതമർദ്ധനം കോൺസ്റ്റന്റെയിനോടുകൂടി അവസാനിച്ചപ്പോൾ പേർഷ്യയിൽ മതമർദ്ധനം തുടങ്ങുകയായിരുന്നു. റോമാക്കാരുമായുള്ള യുദ്ധത്തിൽ പേർഷ്യക്കാർ പരാജയപ്പെടുമ്പോൾ അതിന് പകരംവീട്ടിയിരുന്നത് പേർഷ്യയിലെ ക്രിസ്ത്യാനികളെ കൊന്നൊടുക്കികൊണ്ടാണ്. ശത്രുവിന്റെ മിത്രങ്ങളായായാണ് ക്രിസ്ത്യാനികളെ പേർഷ്യക്കാർ കണ്ടിരുന്നത്.

പേർഷ്യൻ സാമ്രാജ്യത്തിൽ നടമാടിയ കൊടും ക്രിസ്തീയ വേട്ടയ്ക്ക് ഇരയായ ഈ മെത്രാനെയും ഒരു വലിയ വിശ്വാസീസമൂഹത്തേയും പരസ്യമായി പേർഷ്യൻ ചക്രവർത്തി എ.ഡി 341ലെ ദുഃഖവെള്ളിയാഴ്ച വധിച്ചു. മീഫർക്കിനിലെ മാർ മാറൂത്താ എഴുതിയ രക്തസാക്ഷികളുടെ വിവരങ്ങളിൽ ശിമയോൻ ബർ സാബായുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിവരിക്കുന്നുണ്ട്.

ഈ പിതാവിന്റെ രക്തസാക്ഷിത്വം ദുഃഖവെള്ളിയാഴ്ച ആയതിനാൽ ദുഃഖവെള്ളി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച കൽദായ സഭ മാർ ശിമയോന്റെ ഓർമയോടുകൂടെ സകല രക്തസാക്ഷികളുടെയും തിരുനാൾ ആഘോഷിക്കുന്നു. കേരളത്തിലെ കോതമംഗലം രൂപതയിൽ മൂവാറ്റുപുഴക്ക് സമീപമുള്ള ആരക്കുഴ പള്ളിയിൽ ഇന്നും മാർ ശിമയോൻ ബർ സാബായുടെ തിരുനാൾ ആഘോഷിക്കുന്നുണ്ട്.

സീറോ മലബാർ സഭയിൽ കൈത്താക്കാലംആറാം വെള്ളിയാഴ്ച, അതായത് ഇന്നാണ് (ഓഗസ്റ്റ് 28) മാർ ശിമയോൻ ബർ സാബായുടെ തിരുനാൾ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ, നാം ആലപിക്കുന്ന ഈ ഗീതത്തിന്റെ ചരിത്രത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും നാം അറിയണം. ദിവ്യബലിയിൽ മാത്രമല്ല, സീറോ മലബാർ ആരാധനാക്രമത്തിൽ മറ്റ് നിരവധി സന്ദർഭങ്ങളിലും ഈ കീർത്തനം ആലപിക്കാൻ കാരണം അതിന്റെ സവിശഷത കൊണ്ടുതന്നെയാണ്.

‘സകലത്തിന്റെയും നാഥാ…’ എന്ന കീർത്തനം ആലപിക്കുന്നതുവഴി നമ്മുടെ ആത്മാവിന്റെ രക്ഷ മാത്രമല്ല നാം പ്രഘോഷിക്കുന്നത് മറിച്ച്, നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പും കൂടിയാണ്. വിശുദ്ധി ഒരു ചോദ്യചിഹ്നമാകുന്ന ഈ കാലഘട്ടത്തിൽ ശരീരങ്ങളുടെ ഉയിർപ്പ് ഒരു വെല്ലുവിളിയാണ്. ഇനിയെങ്കിലും പാടി പോകാതെ അർത്ഥം ഉൾക്കൊണ്ട് പ്രാർത്ഥിക്കാൻ നമുക്ക് പരിശ്രമിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?