Follow Us On

29

March

2024

Friday

വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

വിശുദ്ധ പിറവിക്കായി വിളിക്കപ്പെട്ടവർ നാം

ഓരോ ജന്മത്തിനു പിന്നിലും ഒരു മംഗളവാർത്തയുണ്ടെന്നും ദൈവഭയത്തോടെ ജീവിച്ചും ദൗത്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചും തങ്ങളിൽ നിക്ഷിപ്തമായ ആ മംഗളവാർത്തയ്ക്ക് ജീവൻ നൽകേണ്ടവരാണ് ക്രൈസ്തവരെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 1)

ദൈവം സൃഷ്ടിച്ച മനുഷ്യജന്മങ്ങൾ എല്ലാം ശ്രേഷ്ഠമെങ്കിലും, അതിശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മമത്രേ പരിശുദ്ധ അമ്മ! ഈശോയുടെ അമ്മയാകുവാൻ നൽകപ്പെട്ട ഭാഗ്യമാണ് അമ്മയെ സ്വർഗത്തോളം എടുത്തുയർത്തിയത്. പുണ്യപ്പെട്ട തിരുപ്പിറവിക്കുള്ള സ്‌നേഹക്കൂടായി മാറുവാനുള്ള ദൗത്യമായിരുന്നു അത്. ജന്മം രൂപംകൊള്ളുന്ന ഗർഭവീടും പിറക്കുന്ന ഇടവും ജീവിക്കുന്ന പരിസരവുമൊക്കെ ഓരോ ജീവിതങ്ങളെയും രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ പരിശുദ്ധിയുടെ കൂട്ടിലായിരിക്കണം ദൈവപുത്രൻ പിറവിയെടുക്കേണ്ടത് എന്ന ദൈവനിശ്ചയം കന്യാമറിയത്തെ രക്ഷാകരദൗത്യത്തോടടുപ്പിച്ചു.

എല്ലാ പിറവികളും പരിശുദ്ധം തന്നെ, അത് ദൈവഹിതവും ദൈവീകപദ്ധതികളുടെ രൂപവുമാണ്. മനുഷ്യനു നൽകിയിരിക്കുന്ന സ്വതന്ത്രമനസ് അവന്റ വളർച്ചയുടെ വഴികളിൽ സ്വയം രൂപപ്പെടാനും, നന്മയിലേക്കോ തിന്മയിലേക്കോ മാറ്റപ്പെവാനുമുള്ള സാധ്യതയായി നിലകൊള്ളുന്നു എന്നു മാത്രം.

മറന്നു കൂടാ, ഓരോ ജന്മത്തിനുപിന്നിലും ഒരു മംഗളവാർത്ത മങ്ങിക്കിടപ്പുണ്ട്. പിറവിമുതൽ മംഗളവാർത്തയിലൂടെ കാൽവരിയിലേക്ക് നടക്കപ്പെടാനുള്ള വിളിയിൽ, ലോകത്തിന് രക്ഷകനെ സമ്മാനിക്കുവാനുള്ള ദൗത്യം അമ്മക്ക് വ്യക്തമായിരുന്നല്ലോ. ചിലരുടെയെല്ലാം ജീവിതങ്ങളിലേക്ക് രക്ഷകനെ അവതരിപ്പിക്കുന്ന ഗർഭവീടായി മാറുവാനുള്ള മംഗളവാർത്തകൾ. ആത്മീയജീവിതം നയിച്ചും വിശുദ്ധകുടുംബങ്ങളെ വാർത്തെടുത്തും ജോലിയും ദൗത്യങ്ങളും ആത്മാർത്ഥമായി നിർവഹിച്ചും തങ്ങളിൽ നിക്ഷിപ്തമായ മംഗളവാർത്തകൾക്ക് ജീവൻ നൽകേണ്ടവരാണ് ക്രൈസ്തവർ.

ദൈവം തനിക്കു നൽകിയ മംഗളവാർത്തയെ സംശയമെന്യേ ‘ഇതാ കർത്താവിന്റെ ദാസീ’ എന്നുത്തരിച്ച് ഏറ്റെടുക്കാൻ മാത്രം വിശാലമാക്കിയാണ് ദൈവം കന്യാമറിയത്തിനു ജന്മം നൽകിയത്. ഓരോ പിറവിക്കുപിന്നിലും ഇത്തരത്തിലുള്ള ദൈവഛായ തെളിയപ്പെടാനുണ്ട് എന്ന് പരിശുദ്ധ അമ്മയുടെ ജീവിതം പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം വിശുദ്ധപിറവികൾക്കുള്ള വഴിയൊരുക്കലായി എന്നും നിലകൊള്ളുന്നത് അതുകൊണ്ടാണ്.

മക്കളുടെയും മാതാപിതാക്കളുടെയുമൊക്കെ പിറവിയാഘോഷങ്ങളെ കേക്കുകൊണ്ടും പായസംകൊണ്ടുമൊക്കെ മധുരതരമാക്കുമ്പോൾ, നാം അവരെ ഓർമപ്പെടുത്തുന്നതും ഇതുതന്നെയാണ്- ‘നിന്റെ ജീവിതത്തിനുപിന്നിൽ മധുരമുള്ള ഒരു മംഗളവാർത്തയുണ്ട്.’ അതുകൊണ്ടാണ് ഓരോ ബർത്ത്‌ഡേ ആഘോഷങ്ങളും പ്രസക്തമാകുന്നത്.

പരിശുദ്ധ അമ്മയുടെ പിറവിയുടെ പുണ്യമാണ് ഈശോ. വിശുദ്ധ പിറവികളാകുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും സമർപ്പിതർക്കും വൈദികർക്കുമെല്ലാം വിശേഷമായി നൽകപ്പെട്ടിരിക്കുന്നത്.ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് പരിശുദ്ധ അമ്മയോളം വിശുദ്ധിയും സ്വർഗത്തോളം ഉയരവുമുണ്ടാകണമെന്ന് പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാൾ നമ്മെ പഠിപ്പിക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?