Follow Us On

19

April

2024

Friday

സഹനത്തെ ഗർഭം ധരിച്ച അമ്മയെ കേൾക്കാം…

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

സഹനത്തെ ഗർഭം ധരിച്ച അമ്മയെ കേൾക്കാം…

സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാരെയും സധൈര്യരാക്കും, ജീവിതംകൊണ്ട് പരിശുദ്ധ അമ്മ പകരുന്ന ഈ മൊഴികൾ.

(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 2)

ഒരു ജീവിതം മുഴുവനായും സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ജീവിതം ഏതാണ്? പരിശുദ്ധഅമ്മ സന്തോഷിച്ചുല്ലസിച്ച നാളുകൾ എണ്ണി നോക്കിയാൽ ഈ ചോദ്യത്തിനുത്തരം കിട്ടും. സ്വപ്‌നങ്ങൾ മെനഞ്ഞുവന്ന പ്രായത്തിൽത്തന്നെ ‘മംഗളവാർത്ത’ സഹനവാർത്ത ലഭിച്ചാൽ ഏതു പെൺകുട്ടിക്കാണ് സന്തോഷിക്കാൻ കഴിയുക! നിറവയറുമായി വീടന്വേഷിച്ച് അലയേണ്ടി വരുന്ന പെൺകുട്ടിയുടെ മനസ് എത്ര മുറിപ്പെട്ടിട്ടുണ്ടാകും!

നവജാതശിശുവിനെയുംകൊണ്ട് പലായനം ചെയ്യേണ്ടിവരുമ്പോൾ, മകനെപ്രതി ഹൃദയം പിളർക്കപ്പെടുമെന്ന പ്രവചനം ഉള്ളിലൊളിപ്പിച്ചു ജീവിക്കുമ്പോൾ, ഗലീലിയയിലൂടെ ആരവങ്ങളും ജനക്കൂട്ടവുമായി മകൻ നടന്നു നീങ്ങുമ്പോൾ, കാൽവരിയുടെ തീവ്രനിഴൽ അവനെ പൊതിഞ്ഞിരിക്കുന്നതു കാണുമ്പോൾ, കൊല്ലാൻ കൊണ്ടുപോകുന്ന മകനെ അനുഗമിക്കേണ്ടി വരുമ്പോൾ, സ്വപ്‌നങ്ങളെല്ലാം തല്ലിക്കെടുത്തി മകന്റെ മൃതശരീരം മടിയിലേക്ക് സ്വീകരിക്കുമ്പോൾ ഏതമ്മയ്ക്കാണ് സന്തോഷിക്കാൻ കഴിയുക!

അതെ, സഹനത്തിനു പകരം അടയാളപ്പെടുത്താം പരിശുദ്ധ അമ്മയുടെ ജീവിതം. ഇത് ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ല. ഇന്നും തുടരുന്ന ചരിത്രമാണത്. എല്ലാം ഒരു വ്യക്തിയിൽ സംഭവിക്കാറില്ലെന്നു മാത്രം. അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവരെയോർത്ത് മൗനമായി വിങ്ങുന്ന അമ്മമാരിൽ പരിശുദ്ധ അമ്മയുണ്ട്. കോവിഡ് വ്യാധിയിൽ കുടുംബവും പ്രിയപ്പെട്ടവരും അകപ്പെടുന്നതുകണ്ട് ആകുലപ്പെടുന്ന അമ്മയിൽ പരിശുദ്ധ അമ്മയുണ്ട്. തകരുന്ന സ്വപ്‌നങ്ങളോർത്ത്, നഷ്ടമായ ജോലിയോർത്ത്, പല കാരണങ്ങളാൽ കുടുംബം അസ്വസ്ഥമാകുന്നതോർത്ത് ജപമാല മുറുകെപ്പിടിച്ചു നീങ്ങുന്ന അമ്മമാരിൽ പരിശുദ്ധ അമ്മയുണ്ട്.

ആ അമ്മ ആവർത്തിച്ചു പഠിപ്പിക്കുന്ന പാഠം ഇതാണ്: പ്രിയപ്പെട്ട കുഞ്ഞേ, സങ്കടക്കടലിൽ നീ നിലയില്ലാതെ പിടഞ്ഞാലും നിനക്കുവേണ്ടി ഒരു രക്ഷാതോണി നിന്റെ ദൈവം ഒരുക്കിനിർത്തിയിട്ടുണ്ട്. സമയത്തിന്റെ പൂർത്തീകരണത്തിൽ നീ ആ തോണിയിൽ വിശ്രമിക്കും. ആ അനുഗ്രഹത്തിന്റെ ദൈവനിയോഗം സംഭവിക്കുന്നതുവരെയും പ്രാർത്ഥനയോടെ കാത്തിരിക്കുക.. ഈ അമ്മ കൈകൾകൂപ്പി പ്രാർത്ഥിച്ച് കാൽവരി കയറിയതുപോലെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?