പരാതിപ്പെടലല്ല പരിഹാരം കാണലാണ് കരുതൽ എന്നതിന്റെ അർത്ഥമെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച പരിശുദ്ധ അമ്മയെ കരുതലിന്റെ കാര്യത്തിൽ നാം മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.
(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 3)
അമ്മയ്ക്ക് അങ്ങനെയാകാനേ കഴിയൂ. അതിനു കാരണം അവൾ അമ്മയാണ് എന്നതുതന്നെ. പ്രഭാതം മുതൽ രാത്രിവരെ നീളുന്ന കുടുംബപാലനം എന്ന ഉദ്യോഗം ഒരിക്കൽപോലും ലീവെടുക്കാതെ നിർവഹിക്കുന്ന അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനമാണ് കരുതലിന്റെ ആൾരൂപം എന്നത്.
അടുക്കളയിൽ ഒന്നാന്തരം ഷെഫായി അവൾ മാറും; അടുക്കളത്തോട്ടത്തിൽ നല്ലൊരു കർഷകയുമാകും. ഓൺലൈൻ പഠനകാലത്ത് ഒരു പൂർണാധ്യാപികയായും കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ നല്ലൊരു ഡോകടറോ നഴ്‌സോ ഒക്കെയായും അവൾ മാറും.
ജീവിതസ്വപ്‌നങ്ങളെ ഇളക്കിമറിച്ച മംഗളവാർത്ത സംഭവത്തിനുശേഷം പോലും അമ്മ ഓടിയത് ശുശ്രൂഷിക്കാനുള്ള കൊതിയുമായാണ്, എലിസബത്തിനെ. മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കുള്ള ഈ ഓട്ടത്തിനു പറയുന്ന പേരാണ് കരുതൽ.
ഒരു പാവം പെൺകുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങൽ കാനായിലും ഒരു വേള ഉയർന്നുകേട്ടു. എല്ലാവരും പരിഭവങ്ങളുടെ പിന്നാലെ പാഞ്ഞപ്പോൾ, അമ്മയുടെ ഹൃദയം കരുതലോടെ പുത്രന്റെ അടുത്തേക്ക് നീങ്ങി. പരാതിപ്പെടലല്ല പരിഹാരം കാണലാണ് കരുതൽ എന്നതിന്റെ അർത്ഥമെന്ന് പരിശുദ്ധ അമ്മ പറഞ്ഞു തരുന്നു.
എവിടെയെല്ലാം നന്മയുടെ കിരണങ്ങൾ അനിവാര്യമാണോ, അവിടെയെല്ലാം അമ്മയുടെ സാന്നിധ്യവും ശുശ്രൂഷകളും കരുതലിന്റെ രൂപത്തിൽ ഓടിയെത്തുന്നത് പരിശുദ്ധ അമ്മയിലൂടെ നൽകപ്പെട്ട ഒരു നല്ല പാഠം. കുരിശുമരണശേഷം പകച്ചുപോയ ശിഷ്യന്മാരെ പൊതിഞ്ഞുപിടിച്ച് സൂക്ഷിക്കുന്ന അമ്മയെ സുവിശേഷത്തിൽ ശ്രദ്ധിച്ചു നോക്കിയാൽ കാണാം.
ആ അമ്മയോളം വളരാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ പരിശുദ്ധ അമ്മയുടെ പിറവിയോർമകൾക്ക് ജീവൻ താനേ കൈവരും. അമ്മയോളം വളരാനുള്ള യോഗ്യത എന്നത്, സ്വയം മറന്നും സ്വന്തം താൽപ്പര്യങ്ങൾ മാറ്റിവച്ചും സ്വന്തം നൊമ്പരങ്ങളെ അവഗണിച്ചും, അടുത്തുനിൽപ്പോർക്ക് കരുതലിന്റെ കാവൽക്കാരായി മാറുക എന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *