Follow Us On

19

April

2024

Friday

ശീലിക്കണം, ദൈവമാതാവ് പരിശീലിപ്പിച്ച ആമേൻ!

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

ശീലിക്കണം, ദൈവമാതാവ് പരിശീലിപ്പിച്ച ആമേൻ!

നമ്മുടെ ഹിതത്തിന് വിരുദ്ധമായവ ജീവിതത്തിൽ സംഭവിക്കുമ്പോൾ, പരിഹാരമാർഗം കണ്ടെത്താൻ പരിശുദ്ധ അമ്മയുടെ ജീവിതം ധ്യാനിക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 4)

മനനമില്ലാത്ത മൗനം നിസംഗതയുടേതാണ്. മനനമുള്ള മൗനമോ, അത് പുൽക്കൂടോളം താഴാൻ മനസുള്ളതും കാൽവരിവഴികളെ നന്മവഴികളാക്കി പരിവർത്തനപ്പെടുത്തുന്നതും കുരിശിന്റെ നെറുകയോളവും ശാന്തമായി നടന്നു കയറുന്നതുമാണ്.

മൗനത്തിന്റെ ഭാരമറിയാൻ പരിശുദ്ധ അമ്മയെ സുവിശേഷത്തിൽ അന്വേഷിച്ചാൽ മതിയാകും. മൗനത്തിന്റെ സൗന്ദര്യമറിയാൻ പരിശുദ്ധ അമ്മയുടെ മുഖത്തേക്ക് വെറുതേ നോക്കിയിരുന്നാൽ മതിയാകും. രക്ഷാകരചരിത്രത്തിലെ പ്രധാന ഏടുകളെക്കുറിച്ചെല്ലാം ആ അമ്മ ബേത്‌ലഹേമിൽവച്ച് ഉണ്ണിയുടെ മുഖത്തുനിന്ന് വായിച്ചറിഞ്ഞതാണ്.

ആ അറിവും ഉൾക്കാഴ്ചയും തന്നെയാണ് പിന്നീടുള്ള വഴികളിലെല്ലാം അമ്മയെ മൗനിയാക്കിയത്. അത് കുറവല്ല, കുറച്ചിലല്ല, ബലഹീനതയല്ല. അതാണ് അമ്മയുടെ ശക്തി. മൗനത്തിന് അമ്മ നൽകിയ അർത്ഥം ആമേൻ എന്നാണ്. ദൈവഹിതത്തിനുമുന്നിലുള്ള നിരുപാധികമായ ആമേൻ.

പിറവിയോർമകളെ എട്ടുനോമ്പിന്റെ ചൈതന്യത്തിൽ ധ്യാനിച്ചു വളരുമ്പോൾ സ്വയം ചോദിക്കാം: കഴിയുമോ എനിക്ക്, മൗനത്തിന് ആമേൻ എന്ന വ്യാഖ്യാനം നൽകുവാൻ? ദൈവം എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ രീതികൾക്കു മുന്നിൽ ന്യായവാദങ്ങളൊന്നുമില്ലാതെ, ഒരു യുക്തിയും അന്വേഷിക്കാതെ ആമേൻ എന്നു പ്രത്യുത്തരിക്കുവാൻ എനിക്കാകുമോ?

പുൽക്കൂടോളം, വല്ലാതെ താഴ്ന്നു താഴ്ന്നു പോകുന്ന അവസരങ്ങളെ അഭിമുഖീകരിക്കാറുണ്ടല്ലോ. കുറവുകളെയും പോരായ്മകളെയും നിസഹായമായി നോക്കി നിൽക്കേണ്ടിവരുന്ന, വലിയ നാണക്കേടുണ്ടാകാവുന്ന കാനാ അനുഭവങ്ങൾ ഉണ്ടാകാറുണ്ടല്ലോ. ഏറെ പ്രിയപ്പെട്ടവരുടെ വീഴ്ചയിലും അനാരോഗ്യത്തിലും അകാലമരണത്തിലും മനം നൊന്തു നീറുന്ന കാൽവരി അനുഭവങ്ങളും പരിചയമുണ്ടല്ലോ.

എന്നെ മൗനിയാക്കുന്ന അത്തരം അനുഭവങ്ങൾക്കുമുന്നിൽ പരിശുദ്ധ അമ്മ പഠിപ്പിച്ച അഴകുള്ള ഉത്തരം- ആമേൻ എന്നു പറയുവാൻ ഞാൻ ശീലിച്ചാൽ, പരിശുദ്ധ അമ്മയുടെ പിറവിയോർമ എന്നിൽ കൃപ നിറയ്ക്കുന്ന ദിനങ്ങളായി മാറും.

മൗനിയാകുവാൻ മറക്കാതിരിക്കാം. നാം വഹിക്കുന്ന കുരിശുകൾക്ക് ജീവൻ നൽകുവാൻ അതുപകരിക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?