Follow Us On

28

March

2024

Thursday

കൊറോണാ ശുശ്രൂഷയിൽ കരുത്തേകിയത് ക്രിസ്തു; അമ്മയോട് നന്ദി പറയാൻ ലൂയിജി നഴ്‌സ് ലൂർദിൽ

കൊറോണാ ശുശ്രൂഷയിൽ കരുത്തേകിയത് ക്രിസ്തു; അമ്മയോട് നന്ദി പറയാൻ ലൂയിജി നഴ്‌സ് ലൂർദിൽ

ലൂർദ്: രോഗീശുശ്രൂഷയിൽ ക്രിസ്തുനാഥൻ പകർന്ന ധൈര്യത്തിനും ദൈവമാതാവ് നൽകിയ മാധ്യസ്ഥത്തിനും നന്ദി അർപ്പിക്കാൻ ഇറ്റാലിയൻ നഴ്‌സ് ലൂയിജി ലൂർദ് മാതാവിന്റെ സന്നിധിയിൽ. കൊറോണാ വാർഡിൽ ജീവൻ പണയംവെച്ച് ശുശ്രൂഷ ചെയ്ത ലൂയിജിയെ സംബന്ധിച്ചിടത്തോളം പരിശുദ്ധ അമ്മയ്ക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു ഈ തീർത്ഥാടനം. കൊറോണാ വ്യാപനം കുറയുമ്പോൾ, ലൂർദ് സന്ദർശിക്കുമെന്ന് ദൈവമാതാവിനു മുന്നിൽ പ്രതിജ്ഞ ചെയ്തിരുന്നു ലൂയിജി.

കൊറോണാ മഹാമാരി ഇറ്റലിയിൽ സംഹാരതാണ്ഡവമാടിയ നാളുകളിൽ ലൂയിജിയുടെ സാന്നിധ്യം നിരവധി രോഗികൾക്ക് ആശ്വാസമായിരുന്നു. രോഗികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ഓൺലൈനിലൂടെ കാണാനും സംസാരിക്കാനും അവസരമൊരുക്കിയതാണ് റോമിലെ ആശുപത്രിയിൽ ശുശ്രൂഷ ചെയ്തിരുന്ന ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ശരീരമാസകലം മൂടുന്ന സുരക്ഷാവസ്ത്രം അണിയുമ്പോഴുണ്ടാകുന്ന ക്ലേശങ്ങളിലും രോഗികൾക്ക് പ്രത്യാശയും സാന്ത്വനവും പകരുന്നതിലും വലിയ ശ്രദ്ധവെച്ചു ഇദ്ദേഹം. അനേക ദിനങ്ങളിൽ ഏകാന്തവാസം നയിക്കേണ്ടിവന്ന രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു ഇതെല്ലാം.

മഹാമാരിയുടെ ക്ലേശകരമായ ദിനങ്ങൾ അതിജീവിക്കാൻ ശക്തിയേകിയ പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥത്തിന് നന്ദി അർപ്പിക്കാൻ റോമാ രൂപത തിരഞ്ഞെടുത്ത തീർത്ഥാടക സംഘാംഗമായാണ് ലൂയിജി ലൂർദിലെത്തിയത്. വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിൽ, ക്രിസ്തു പഠിപ്പിച്ച മാതൃകയാണ് തന്നെ മുന്നോട്ടുനയിച്ചതെന്ന് ലൂർദ് സന്ദർശനത്തിനിടെ ലൂയിജി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

‘രോഗികൾക്ക് നല്ല സമരിയക്കാരനാകാൻ ഞാൻ ശ്രമിക്കുകയായിരുന്നു. രോഗ വ്യാപനം കുറയുമ്പോൾ ലൂർദ് സന്ദർശിച്ച് മാതാവിന്റെ മാധ്യസ്ഥം യാചിക്കുമെന്ന് മാതാവിന് ഞാൻ വാക്ക് കൊടുത്തിരുന്നു. അത് നിറവേറ്റാനായതിൽ സന്തോഷമുണ്ട്. ഈ യാത്ര മാതാവിനോട് ഒന്നും ചോദിക്കാനല്ല. മറിച്ച്, അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനാണ്,’ അദ്ദേഹം പറഞ്ഞു.

റോമാ രൂപതാ വികാരി ജനറൽ കർദിനാൾ ആഞ്ചലോഡി ഡൊണാറ്റിസിന്റെ നേതൃത്വത്തിലുള്ള 185 അംഗസംഘമാണ് ലൂർദിൽ കൃതജ്ഞതാ സമർപ്പണം നടത്താനെത്തിയത്. നാല് ബിഷപ്പുമാരും 40 വൈദികരും ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ട സംഘത്തെ നയിച്ച കർദിനാളിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ കൃതജ്ഞതാർപ്പണം കൂടിയായിരുന്നു തീർത്ഥാടനം. കൊറോണാ ബാധിതനായ അദ്ദേഹം 11 ദിവസത്തെ ആശുപത്രി വാസത്തിലൂടെയാണ് രോഗമുക്തനായത്.

ആഗസ്റ്റ് 24 മുതൽ 28വരെ ലൂർദിൽ ചെലവിട്ട റോമാ രൂപതയിലെ പ്രതിനിധി സംഘം ഫ്രാൻസിസ് പാപ്പ കൈമാറിയ വിശേഷാൽ നിയോഗവും മാതൃസന്നിധിയിൽ സമർപ്പിച്ചു. സംഘം ലൂർദിലേക്ക് യാത്രതിരിക്കും മുമ്പ് ആശംസകൾ നേരാൻ ഫോണിൽ വിളിക്കവേയാണ് പാപ്പ, തന്റെ നിയോഗം കർദിനാളിനെ അറിയിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?