Follow Us On

01

December

2022

Thursday

സഹനത്തിലും ആനന്ദഗീതം പാടണം, അമ്മയെപ്പോലെ

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

സഹനത്തിലും ആനന്ദഗീതം പാടണം, അമ്മയെപ്പോലെ

നമ്മെ അത്രമേൽ കരുതുന്ന ദൈവത്തിലേക്ക് നോക്കിയാൽ, പരിശുദ്ധ അമ്മയെപ്പോലെ സഹനവേളകളിലും നമുക്ക് ആനന്ദഗീതം ആലപിക്കാൻ സാധിക്കും.

(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 5)

ആനന്ദഭാവം നൽകുന്ന രാഗത്തിൽനിന്നാണ് സ്‌തോത്രഗീതങ്ങൾ രൂപപ്പെടേണ്ടത്. ആർത്തുല്ലസിച്ചും ആടിപ്പാടിയും ആലപിക്കേണ്ടവയാണവ. പക്ഷേ, എലിസബത്തിന്റെ കൊച്ചുവീട്ടിൽനിന്നും അന്ന് മുഴങ്ങിക്കേട്ട സ്‌തോത്രഗീതം (ലൂക്കാ.1:46-55) വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരഗീതമായി നിലകൊള്ളുന്നത് രചനയ്ക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന സഹനരാഗത്തിന്റെ ഛായ കൊണ്ടാണ്.

തന്റ ബാല്യ-യൗവന കാലംകൊണ്ട് കൊച്ചു കന്യകാമറിയം വളർത്തിയെടുത്ത സ്വപ്‌നങ്ങളൊക്കെയും പൊട്ടിത്തകർന്നതിന്റെ വിലാപശബ്ദങ്ങളാണ് അവൾ അന്നു പാടിയ സ്‌തോത്രഗീതത്തിന്റെ പിന്നണിസംഗീതം. ആർക്കും മനസിലാകാത്ത വിധത്തിൽ, ആർക്കും പിടികൊടുക്കാത്ത വിധത്തിൽ സ്വർഗത്തിലേക്ക് മിഴികളെ കൂട്ടിച്ചേർത്ത് അവൾ പാടി: ‘എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു’.

അമ്മയുടെ മനസ് മനസിലാക്കി ആ സ്‌തോത്രഗീതം ധ്യാനിച്ചാൽ അതിശയം തോന്നും, അറിയാതെ മിഴി നിറഞ്ഞുപോകും. കാരണം, മംഗളവാർത്തയെന്ന ഓമനപ്പേരിനു പിന്നിൽ മറഞ്ഞുകിടക്കുന്ന ദുരിതാനുഭവങ്ങളെ മുഴുവൻ കൺനിറയെ നോക്കിക്കണ്ടിട്ടാണ് അവൾ പാടിയത്, ‘എന്നു തീരും എന്റെ സങ്കടം,’ എന്നല്ല, ‘എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു’ എന്ന്.

അനുഗ്രഹങ്ങളുടെ കലവറതന്നെ ജീവിതത്തിലും കുടുംബത്തിലും വിരുന്നായി ദൈവം ഒരുക്കിത്തന്നിട്ടും എന്തേ കുഞ്ഞേ ഒരു സ്‌തോത്രഗീതവും നാവിൽ ഉണരുന്നില്ല? ഒരു കൃതജ്ഞതാഗീതവും പാടാൻ മനസാകുന്നില്ല? ലഭിക്കാത്തവയെയും കൈവിട്ടുപോയവയെയും മറ്റു പലർക്കും ലഭിച്ചവയെയും ഓർത്തോർത്ത് പരിഭവകഥകൾ എഴുതുന്നതല്ലാതെ, ദൈവാനുഗ്രഹങ്ങളെ ഓർമിച്ച് സന്തോഷത്തോടെ, ജീവിതം കൊണ്ട് ഒരു സ്‌തോത്രഗീതമെഴുതിക്കൂടെ?

നിന്റെ മുഖപ്രസാദം പോലും ദൈവം എണ്ണിയെടുക്കും. നീ സ്വർഗത്തെയും അനുഗ്രഹങ്ങളെയും വിലമതിക്കുന്നുവെന്ന് അവ നിനക്കുവേണ്ടി ദൈവസന്നിധേ സാക്ഷ്യപ്പെടുത്തും. ‘ദൈവികനന്മകൾ അംഗീകരിച്ചും അവയ്ക്കു നന്ദിയുള്ളവരായും ജീവിക്കാം’ എന്ന് ഫ്രാൻസിസ് പാപ്പ ആവർത്തിക്കുന്നത് ഇക്കാരണത്താലാണ്.

സഹനമുള്ളവരെല്ലാം സങ്കടപ്പെടുന്നവരല്ലെന്ന് പരിശുദ്ധ അമ്മ ഓർമപ്പെടുത്തുന്നു. നിന്നെ കരുതുന്ന ദൈവത്തിലേക്ക് ഉറ്റുനോക്കി പാടാൻ കഴിയുമെങ്കിൽ, സഹനവേളകളിലും ആനന്ദഗീതം ആലപിക്കുവാൻ കഴിയും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?