Follow Us On

21

September

2020

Monday

സ്വർഗരാജ്യത്തിലെത്തണോ, അമ്മയുടെ കരംപിടിച്ചോളൂ

സ്വർഗരാജ്യത്തിലെത്തണോ, അമ്മയുടെ കരംപിടിച്ചോളൂ

പരിശുദ്ധ അമ്മയെ നാം എത്രമാത്രം സ്‌നേഹിക്കുന്നോ നമ്മുടെ സ്വർഗപ്രവേശനം അത്രകൂടി എളുപ്പമുള്ളതാകും- അതിന്റെ കാരണം ഓർമിപ്പിക്കുന്നു ലേഖകൻ.

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

പരിശുദ്ധ അമ്മയുടെ പിറവിയോർമ നമുക്കു നൽകുന്നത് വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷം മാത്രമല്ല, അതോടൊപ്പം ക്രൈസ്തവാധ്യാത്മികതയുടെ ചൈതന്യവത്തായ ആഘോഷം കൂടിയാണ്. ഓരോ ക്രൈസ്തവനും അവരവർ ആയിരിക്കുന്ന സാഹചര്യത്തിൽ അൽപ്പാൽപ്പമായി ആത്മീയതയിൽ വളരുന്നവരും വളരുവാൻ ശ്രമിക്കുന്നവരുമാണ്.

അതിൽ ഇടറിപോകുന്നവരുണ്ടാകാം; ഒരടിപോലും നടക്കാൻ വയ്യാതെ തളർന്നിരിക്കുന്നവരുണ്ടാകാം; ജീവിതാനുഭവങ്ങളുടെ കാ~ിന്യം കൊണ്ട് ജപമാല കൈയിലെടുക്കാൻപോലും മടുപ്പനുഭവിക്കുന്നവരുണ്ടാകാം; നഷ്ടങ്ങളും പ്രതികൂലസാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും കഷ്ടപ്പെട്ടുതന്നെ ആധ്യാത്മികതയിൽ വളരുന്നവരുണ്ടാകാം; പ്രാർത്ഥനാജീവിതത്തെ ഏറ്റവും വലിയ സമ്പത്തായി കരുതുന്നവരുണ്ടാകാം.

ഇതെല്ലാം ആത്മീയവഴികളിലെ വ്യത്യസ്ത മുഖങ്ങളാണ്. ഇവർക്കെല്ലാം പൊതുവായി സമീപിക്കാവുന്ന പ്രശ്‌നപരിഹാരകോടതിയാണ് പരിശുദ്ധ അമ്മയുടെ സന്നിധി. അതുതന്നെയാണ് ക്രിസ്തീയ ആധ്യാത്മികതയിൽ പരിശുദ്ധ അമ്മ വഹിക്കുന്ന സ്ഥാനവും.

ജീവിതാവസ്ഥയും പാപാവസ്ഥയും ബലഹീനാവസ്ഥയും എന്തുമായിക്കൊള്ളട്ടെ, മടികൂടാതെ അമ്മയോടു ചേർന്നുനിന്നാൽ പരിശുദ്ധ അമ്മ, നമ്മെ ഒരുക്കി സ്വർഗത്തിനു ചേർന്ന ലാവണ്യമുള്ളവരാക്കി മാറ്റും: മുഷിഞ്ഞു മടുത്തു വന്ന കുഞ്ഞിനെ കുളിപ്പിച്ചെടുത്ത് അമ്മ ഭക്ഷണമേശയിലേക്ക് നയിക്കുന്നതുപോലെ.

ദൈവം എനിക്കായ് ഒരുക്കിക്കൊണ്ടിരിക്കുന്ന സ്വർഗത്തോട് മെല്ലെ മെല്ലെ എന്നെ വലിച്ചടുപ്പിക്കുന്ന ആത്മീയശക്തികൂടിയാണ് പരിശുദ്ധ അമ്മ. എന്റെ ദൈവബന്ധത്തിന് ഉലച്ചിൽ തട്ടുമ്പോഴെല്ലാം പരിശുദ്ധ അമ്മ ഞെട്ടിത്തരിച്ചു വേദനിക്കുന്നുണ്ട് എന്നത് മറക്കരുത്.

എങ്ങനെ നമ്മെ സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കാം എന്നതു മാത്രമായിരിക്കും അമ്മയ്ക്ക് നമ്മെക്കുറിച്ചുള്ള ചിന്ത. അതുകൊണ്ടുതന്നെ, ആ അമ്മയെ നാം സ്‌നേഹിക്കുന്നു എന്നതിൽ നമ്മുടെ സ്വർഗപ്രവേശനം അത്രയുംകൂടി എളുപ്പമുള്ളതായി മാറുന്നു എന്നു മനസിലാക്കണം.

പരിശുദ്ധ അമ്മയെ മാറ്റിനിർത്തുന്ന ആധ്യാത്മികതയ്ക്ക് വൈകല്യമുണ്ട്. പരിശുദ്ധ അമ്മയെ നെഞ്ചോടു ചേർത്തു ധ്യാനിക്കുന്ന ആധ്യാത്മികതക്ക് നമ്മെ സ്വർഗത്തോളം ഉയർത്താനുള്ള കഴിവുമുണ്ട്.

സ്വർഗം മുഴുവൻ സന്തോഷിക്കുന്ന ആഘോഷമാണ് സ്വർഗറാണിയുടെ പിറവിയോർമ. എന്റെ നോമ്പും ഉപവാസവും കൊണ്ട്, സ്വർഗത്തിന്റെ സന്തോഷമാണ് ഞാൻ ഇരട്ടിപ്പിക്കുന്നത്. പരിശുദ്ധ അമ്മേ സ്വർഗറാണീ, എന്നെയും സ്വർഗത്തിനു ചേർന്നരീതിയിൽ വളർത്തിയെടുക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?