പരിശുദ്ധ അമ്മ നൽകുന്ന ജന്മവാഗ്ദാനങ്ങളെ ഹൃത്തിൽ ഏറ്റെടുത്താൽ, അമ്മയോളം വളർന്ന് സ്തോത്രഗീതമാലപിക്കാൻ നാമും പ്രാപ്തരാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.
(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 8)
അമ്മ എന്ന പദത്തിന്റെ അഴകു മുഴുവനും ലയിപ്പിച്ചുവച്ചിരിക്കുന്ന ജന്മം^ പരിശുദ്ധ അമ്മയുടെ ജനനം. ഈ അതിവിശുദ്ധ ജനനത്തിന്റെ ഓർമത്തിരുനാളിൽ, പരിശുദ്ധ അമ്മയുടെ പിറവിയോർമയിൽ ക്രൈസ്തവസമൂഹം മുഴുവൻ സന്തോഷിക്കുന്നു. ഓരോ ജന്മവും വിശുദ്ധിയിലേക്കുള്ള ജനനമായിരിക്കണം എന്ന ഓർമപ്പെടുത്തലും അമ്മയുടെ ജനനത്തിരുനാളിനോടൊപ്പം ഉണ്ട്.
സ്വജീവിതംകൊണ്ട് എങ്ങനെയെല്ലാം തലമുറകൾക്ക് അനുഗ്രഹജന്മമായി മാറാം എന്ന് പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
1. ‘ഇതാ കർത്താവിൻറെ ദാസി’ എന്ന വിധേയത്വമനസിനെ അമ്മത്തൊട്ടിലാക്കി മാറ്റാൻ പാകത്തിൽ ദൈവാശ്രയബോധത്തെ സ്നേഹിച്ച പരിശുദ്ധ അമ്മ പിറവിയോർമയിലെ ആദ്യരൂപമാണ്. നാമെല്ലാം കർത്താവിന്റെ സ്വന്തമാണ് എന്ന ഉറപ്പിലേക്കാണ് പരിശുദ്ധ അമ്മ നമുക്ക് ജന്മം നൽകിയിരിക്കുന്നത്.
2. ചുറ്റുപാടുകളെ നിരീക്ഷിക്കാനും ആവശ്യങ്ങളെ കണ്ടറിയുവാനും അമ്മയോളം കഴിവുള്ളവർ ആരുണ്ട്. അനുഗ്രഹങ്ങളുടെ കൽഭരണിയിലേക്ക് സുവിശേഷവഴിയിൽ അമ്മ നമുക്ക് ജന്മം നൽകി. ഒപ്പം, സകലരുടെയും അമ്മയായി സ്വയം മാറാൻ കഴിയുന്ന മാതൃത്വത്തിന്റെ ശുദ്ധതയിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
3. സഹനവഴികളിലെ നിശബ്ദ ഇടനാഴികകളിൽ പരാതികളില്ലാതെ, ദൈവഛായയോടെ നിലകൊള്ളാൻ പരിശുദ്ധ അമ്മ തന്റെ പ്രിയമുള്ളവർക്കെല്ലാം ആത്മാവിൽ ജന്മം നൽകി. ചേതനയറ്റ പുത്രദേഹം മടിയിൽ ഏറ്റെടുത്തതുപോലെ, വേദനകളെ മടിയിൽ വഹിക്കാൻ മാത്രം ആത്മബലം നാം സംഭരിക്കേണ്ടതുണ്ട് എന്നാണ് അമ്മയുടെ പിറവിയോർമ്മ നമ്മോട് ആവർത്തിക്കുന്നത്.
4. ഹൃദയം പിളർക്കുമെന്ന പ്രവചനം കേട്ടിട്ടും പിളർക്കപ്പെടാത്ത സ്നേഹവീടായി അമ്മ മാറിയതുപോലെ, ആർക്കും സമീപിക്കാവുന്ന സ്നേഹകൂടാരമായി സ്വയം മാറുവാൻ പരിശുദ്ധ അമ്മയുടെ പിറവി നമ്മെ നിർബന്ധിക്കുന്നു. വിവിധ കാരണങ്ങളാലും കോവിഡ് ബാധയാലും ഭയപ്പാടോടെ പകച്ചു നിൽക്കുന്നവരെയെല്ലാം ചേർത്തുപിടിക്കാനുള്ള വിളിയിലേക്ക് പരിശുദ്ധ അമ്മ നമുക്കെല്ലാം ജന്മം നൽകിയിരിക്കുന്നു.
5. പരിശുദ്ധാത്മാവിന്റെ ജ്വലനത്തിലേക്ക് പരിശുദ്ധ അമ്മ എല്ലാ മരിയഭക്തർക്കും ജന്മം നൽകുന്നുണ്ട്. ആത്മാവിലുള്ള ജീവിതത്തിലൂടെ സ്വർഗത്തിന്റെ വിശുദ്ധിയെ പ്രാപിക്കാനാണ് പരിശുദ്ധ അമ്മ സ്നേഹപൂർവം നമ്മെ ക്ഷണിക്കുന്നത്.
പരിശുദ്ധ അമ്മ നമുക്കു നൽകുന്ന ഈ ജന്മവാഗ്ദാനങ്ങളെ ഹൃദയത്തിൽ ഏറ്റെടുത്താൽ, അമ്മയുടെ പിറവിദിനത്തിൽ സ്നേഹപൂർവം നാമും പാടിപ്പോകും: ‘ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്.’
അമ്മയുടെ പിറവിത്തിരുനാൾ നമ്മുടെ ആത്മീയതയുടെ ആഘോഷമായിരിക്കട്ടെ. അമ്മയോടു ചേർന്നു വളരാം. അമ്മയോളം വളരാം. പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാൾ മംഗളങ്ങൾ…
Leave a Comment
Your email address will not be published. Required fields are marked with *