Follow Us On

21

September

2020

Monday

മലബാർ സഭയ്ക്കുള്ളിലെ മലങ്കര സഭ! ഫലമണിഞ്ഞ ആദ്യ പുനരൈക്യശ്രമം

മലബാർ സഭയ്ക്കുള്ളിലെ മലങ്കര സഭ! ഫലമണിഞ്ഞ ആദ്യ പുനരൈക്യശ്രമം

മലങ്കര ക്‌നാനായ സമൂഹാംഗമായ കുരിശുംമ്മൂട്ടിൽ മാർ അപ്രേം ഗീവർഗീസ് കോട്ടയം അതിരൂപതയിലെ സഹായമെത്രാനായി അഭിഷിക്തനാകുന്നു എന്ന വാർത്ത കേട്ടപ്പോൾ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവും- സീറോ മലബാർ സഭക്കുള്ളിൽ മലങ്കര സഭയോ? തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ട ആ പുനരൈക്യത്തിന്റെ ചരിത്രം പങ്കുവെക്കുന്നു ലേഖകൻ.

ജൂഡ്‌സൺ കൊച്ചുപറമ്പൻ

സീറോ മലബാർ സഭക്കുള്ളിൽ മലങ്കര സഭാസമൂഹമോ? ഇതെങ്ങനെ സാധ്യമാകും എന്നായിരിക്കും അല്ലെ? എന്നാൽ അപ്രകാരമൊരു സമൂഹമുണ്ട്, സിറോ മലബാർ സഭയുടെ കോട്ടയം ക്‌നാനായ രൂപതക്കുള്ളിൽ. 1653ലെ കൂനൻ കുരിശുസത്യത്തിനു ശേഷം പിളർന്ന നസ്രാണികളുടെ സഭക്കുള്ളിൽ ഐക്യത്തിനുവേണ്ടിയുള്ള  ശ്രമങ്ങൾ പല പ്രാവശ്യമായി നടന്നിരുന്നു. പുത്തൻകൂർ നേതാവായിരുന്ന ഒന്നാം മാർത്തോമ്മായുമായിട്ടായിരുന്നു ആദ്യശ്രമങ്ങൾ. ‘തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും’ എന്ന പഴഞ്ചൊല്ലുതന്നെ മലയാളത്തിന് സമ്മാനിച്ചത് ഈ പുനരൈക്യശ്രമങ്ങളാണെന്നതാണ് കൗതുകം. (ഈ ചൊല്ലിലെ ചാണ്ടി പഴയകൂർ മെത്രാനായിരുന്ന പറമ്പിൽ മാർ ചാണ്ടി മെത്രാനാണ്).

പിന്നീട് നടന്ന പുനരൈക്യശ്രമം ആറാം മാർത്തോമ്മായുടെ കാലത്താണ്. തച്ചിൽ മാത്തുതരകനും ആറാം മാർത്തോമ്മായും കരിയാറ്റി മൽപ്പാനും മുൻകൈയെടുത്ത് നടത്തിയ പുനരൈക്യശ്രമങ്ങൾക്ക് വേദിയായത് ആലപ്പുഴ തത്തംപ്പള്ളി മിഖായേൽ മാലാഖായുടെ പള്ളിയാണ്. അതിനുശേഷം നിരണംപള്ളിയിലും മറ്റുമായി നടന്ന പുനരൈക്യശ്രമങ്ങളാണ് പ്രസിദ്ധമായ റോമായാത്രക്ക് കാരണമായത്. കരിയാറ്റി യൗസേപ്പ് മൽപ്പാന്റെയും പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും നേതൃത്വത്തിൽ  നടന്ന  റോമായാത്ര തികച്ചും സാഹസികപൂർണമായിരുന്നു. ഈ യാത്രയിലെ അനുഭവങ്ങളാണ് മലയാള സാഹിത്യത്തിലെ ആദ്യത്തെ യാത്രാവിവരണമായ ‘വർത്തമാനപുസ്തക’ത്തിന്റെ  ഇതിവൃത്തം.

പള്ളിയോഗങ്ങളിൽനിന്ന് പിരിച്ചെടുത്ത പണം; പാലാ വലിയപള്ളി പോലുള്ള പള്ളികളിലെ പൊന്നിൻ കുരിശ് വിറ്റപണം; തച്ചിൽ തരകൻ, പൂതത്തിൽ തൊമ്മിപോലുള്ള മാപ്പിളപ്രമാണിമാരുടെ കൈയിൽനിന്ന് വാങ്ങിയ തുക എന്നിവയെല്ലാമായിരുന്നു ഈ റോമാ യാത്രക്കുള്ള മൂലധനം.  പൊന്നിൻകുരിശ് വിറ്റുപോലും സഭ ഒന്നായി കാണാനുള്ള  നസ്രാണികളുടെ ശ്രമം കരിയാറ്റി മെത്രാപ്പൊലീത്തായുടെ ദുരൂഹത നിറഞ്ഞ മരണത്തോടെ ഇല്ലാതായി.

പിന്നീട് നൂറിലേറെ വർഷങ്ങൾക്കിപ്പുറം കോട്ടയം ക്‌നാനായ മെത്രാനായിരുന്ന മാർ അലക്‌സാണ്ടർ  ചൂളപ്പറമ്പിലിന്റെ കാലത്ത് ഒരു കൂട്ടം യാക്കോബായ  ക്‌നാനായ സമൂഹം കത്തോലിക്കാ സഭയുമായി  പുനരൈക്യപ്പെട്ടു, 1921 ജൂലൈ അഞ്ചിന്. അവർക്കായി മലങ്കര റീത്ത്  അനുവദിച്ചുകൊണ്ട് റോമിൽനിന്നും  കൽപ്പനയും പുറപ്പെടുവിക്കപ്പെട്ടു.

ചരിത്രംസൃഷ്ടിച്ച തിരിച്ചുവരവ്

ക്‌നാനായ യാക്കോബായ സഭയിൽനിന്ന് കത്തോലിക്കാ കൂട്ടായ്മയെയും മലബാർ ക്‌നാനായ സമൂഹത്തെയും പുൽകാനുള്ള തീഷ്ണമായ ആഗ്രഹം പലരിലും തീവ്രനായത് 1900ന്റെ ആദ്യവർഷങ്ങളിലാണ്. മാർ മാത്യു മാക്കിലും ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസും ഈ ചർച്ചകൾക്ക് അടിത്തറ പാകി. പിന്നീട് വന്ന മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിലിന്റെ  കാലത്ത് പുനരൈക്യവുമായി ബന്ധപ്പെട്ട്  റോമിലേക്ക് ധാരാളം എഴുത്തുകുത്തുകൾ  നടന്നു. ഈ  കാലഘട്ടങ്ങളിൽ ചങ്ങാനാശ്ശേരി ആസ്ഥാനമായിട്ടായിരുന്നു ചർച്ചകൾ നടന്നിരുന്നത്. പിന്നീട് ചില കാരണങ്ങളാൽ ഇടവഴിക്കൽ  ഗീവർഗീസ് മാർ സേവേറിയോസ് ചർച്ചകളിൽനിന്ന് പിന്മാറുകയും ചർച്ചകൾ എങ്ങുമെത്താതെ പോവുകയും ചെയ്തു. എന്നിരിന്നാലും  പുനരൈക്യത്തിനുവേണ്ടിയുള്ള ദാഹത്തിന് കുറവുണ്ടായില്ല എന്നതാണ് വാസ്തവം.

റോമിലേക്കുള്ള കത്തിടപാടുകളുടെ ഫലമായി 1921ൽ യാക്കോബായ ആരാധനാക്രമം അനുസരിച്ച് മലബാർ  സഭക്കുള്ളിൽ മലങ്കര റീത്ത് തുടങ്ങാനുള്ള അനുവാദം  റോമിൽനിന്ന് ലഭിച്ചു. തൽഫലമായി ഒറ്റതൈക്കൽ  തോമാ കത്തനാരും നെടുംതറ യാക്കോബ് ശെമ്മാശനും കത്തോലിക്കാ സഭയിലേക്ക് 1921ഒക്ടോബർ 29ന്  പുനരൈക്യപ്പെട്ടു. കോട്ടയം ഇടക്കാട്ട് പള്ളിയിൽ  വച്ച് ഒറ്റതൈക്കൽ തോമ്മാ കത്തനാർ ആദ്യമായി യാക്കോബായ  അന്ത്യോക്യൻ ക്രമപ്രകാരം ദിവ്യബലി അർപ്പിച്ചു. പിന്നീട് പുലയക്കോട്ടിൽ കത്തനാരും കത്തോലിക്കാ സഭയിലേക്ക് ചേർന്നു. അങ്ങിങ്ങായി യാക്കോബായ ക്‌നാനായ സമൂഹത്തിൽനിന്ന് നിരവധിപേർ കത്തോലിക്കാ സഭയിലേക്ക്  പ്രവേശിച്ചു.

മാർ ഇവാനിയോസിനൊപ്പം മാർ ദിയസ്‌കോറസും

പിന്നീട്, ഇടവഴിക്കൽ മാർ സേവേറിയോസിനുശേഷം യാക്കോബായ ക്‌നാനായ സമുദായത്തിന് മെത്രാനില്ലാതെ വരുമെന്ന് വന്നപ്പോൾ സമുദായത്തിന്റെ ചില സമ്മർദങ്ങളുടെ ഫലമായി ഒറ്റതൈക്കൽ തോമ്മാ കത്തനാർക്ക് തിരികെ യാക്കോബായ സഭയിലേക്ക് പോകേണ്ടി വന്നു. യാക്കോബായ സഭയിലേക്ക് തിരികെ പോയ തോമ്മാ കത്തനാർ യാക്കോബായ ക്‌നാനായ സമൂഹത്തിനായി തോമ്മാ മാർ ദിയസ്‌കോറസ് എന്ന പേരിൽ ജെറുസലേമിൽ വച്ച് 1926 നവംബർ 11ന്  അന്ത്യോക്യായുടെ മോർ ഏലിയാസ് തൃതീയൻ  പാത്രിയാർക്കീസ് ബാവായിൽനിന്ന് മെത്രാൻ പട്ടം  സ്വീകരിച്ചു.

ഇടവഴിക്കൽ മെത്രാന്റെ കാലശേഷം സമുദായ മെത്രാനായ മാർ ദിയസ്‌കോറസ്, പിന്നീട് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട ബഥനിയുടെ മാർ ഇവാനിയോസിന്റെ  കൂടെ, 1932 നവംബർ 12ന് കത്തോലിക്കാസഭയിലേക്ക് വീണ്ടും കടന്നുവരുകയും സ്ഥാനമാനങ്ങൾ ഒന്നും  സ്വീകരിക്കാതെ ഒരു സന്യാസിയെപ്പോലെ ശേഷകാലം തിരുവല്ലക്ക് സമീപമുള്ള തിരമൂലപുരത്ത് താമസിക്കുകയും അധികം താമസിക്കാതെ അവിടെവെച്ചുതന്നെ കാലം  ചെയ്യുകയും  ചെയ്തു.

1930ൽ മലങ്കര ഓർത്തഡോക്‌സ് സഭയിൽനിന്ന് ബഥനിയുടെ മാർ ഇവാനിയോസും മാർ സേവേറിയോസും  ചേർന്ന് നടത്തിയ നാലാമത്തെ പുനരൈക്യ പ്രസ്ഥാനത്തിന് മാതൃകയും പ്രചോദനവുമായി നിലകൊണ്ടത് 1921ലെ മലങ്കര ക്‌നാനായ പുനരൈക്യമാണ്. ഇപ്പോൾ കോട്ടയം രൂപതയിൽ മലങ്കര ഫോറൊനയായി നിൽക്കുന്ന ഈ സമൂഹത്തിന് 16 ഇടവകകളിലായി വിശ്വാസീസമൂഹമുണ്ട്. ഈ  സമൂഹത്തിലേക്കാണ് ചെറിയ ആട്ടിൻ കൂട്ടത്തിന്റെ  വലിയ ഇടയനാടയി കുരിശുംമ്മൂട്ടിൽ മാർ അപ്രേം  ഗീവർഗീസ് ചുമതലയേൽക്കുന്നത്. ഒരു നൂറ്റാണ്ടായി സ്വന്തം റീത്തിൽപ്പെട്ട ഇടയാനില്ലാതെ സങ്കടപ്പെട്ട മലങ്കര ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ ആത്മീയവും ഭൗതികവുമായ ഉത്കർഷത്തിന് ഈ നിയമനം ഇടവരുത്തുമെന്ന് പ്രതീക്ഷിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?