Follow Us On

28

March

2024

Thursday

വിശുദ്ധ അസീസി സ്പർശിച്ചു; ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ മുൻ ചീഫ് എഡിറ്റർ മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്

വിശുദ്ധ അസീസി സ്പർശിച്ചു; ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ മുൻ ചീഫ് എഡിറ്റർ മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്

സച്ചിൻ എട്ടിയിൽ

പ്രമുഖ പ്രൊട്ടസ്റ്റന്റ് മാസികയായ ‘ക്രിസ്ത്യാനിറ്റി ടുഡേ’യുടെ മുൻ ചീഫ് എഡിറ്ററും അംഗ്ലിക്കൻ സഭാംഗവുമായിരുന്ന മാർക്ക് ഗില്ലി സകുടുംബം കത്തോലിക്കാ സഭയിലേക്ക്. ജോലിയറ്റ് രൂപതയുടെ സെന്റ് റേയ്മണ്ട് നോനാട്ടസ് കത്തീഡ്രലിൽ സെപ്തംബർ 13നാണ് ഗില്ലിയും ഭാര്യ ബാർബറയും കത്തോലിക്കാ സഭാവിശ്വാസം സ്വീകരിക്കുന്നത്. മറ്റു മതങ്ങളിലും സഭാ വിശ്വാസങ്ങളിലും ഇല്ലാത്ത ഒരു പൂർണത കത്തോലിക്കാസഭയിൽ ഉണ്ടെന്ന തിരിച്ചറിവാണ് നിർണായകമായ ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് ഗില്ലി സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായിരുന്ന ബില്ലി ഗ്രഹാം തുടക്കമിട്ട മാസികയാണ് ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’.

ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം വായിക്കാനിടയായതാണ്, പ്രൊട്ടസ്റ്റന്റ് മാസികയുടെ ചീഫ് എഡിറ്ററായി ദീർഘനാൾ പ്രവർത്തിച്ച ഗില്ലിയുടെ ചിന്താഗതികളെ മാറ്റിമറിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ‘ദ സ്‌പെളെഡർ ഓഫ് ട്രൂത്ത്’ എന്ന ചാക്രികലേഖനവും അദ്ദേഹത്തെ സ്പർശിച്ചു. കത്തോലിക്കാ സഭാ വിശ്വാസം ആഴമായി പഠിക്കാൻ ഇത് പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കുന്നു: ‘ഇതര മതങ്ങളിലും സഭാ വിശ്വാസങ്ങളിലും ഇല്ലാത്ത ഒരു പൂർണത കത്തോലിക്കാസഭയിലുണ്ട്. കത്തോലിക്കാ സഭയുടെ ബൗദ്ധിക സമ്പത്തും ആരാധനാ രീതിയും ഉത്തമമാണ്.’

ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരണിന്റെ പുസ്തകങ്ങളും ഗില്ലിക്ക് വഴികാട്ടിയായി. ബിഷപ്പ് ബാരന്റെ ‘കാത്തലിസിസം’ എന്ന പുസ്തകത്തിൽനിന്നാണ് സഭ ലോകത്തിന് നൽകിയ സംഭാവനകളെ കുറിച്ച് താൻ മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു. തിന്മയും നന്മയും തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കാൻ ലോകം ബുദ്ധിമുട്ടുമ്പോൾ കത്തോലിക്കാ വിശ്വാസമാകുന്ന ഉറച്ച പാറമേൽ നിന്നാൽ ഒരു നല്ല ജീവിതം നയിക്കാൻ സാധിക്കുമെന്ന് ഗില്ലി ഉറപ്പു പറയുന്നു. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ യാത്രയുടെ വിവരണം പുസ്തകരൂപത്തിലാക്കുന്ന തിരക്കിലാണിപ്പോൾ മാർക്ക് ഗില്ലി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?