Follow Us On

31

July

2021

Saturday

പരിശുദ്ധ കുർബാന: ഒരു മഹാരഹസ്യം

പരിശുദ്ധ കുർബാന: ഒരു മഹാരഹസ്യം

സാഹചര്യങ്ങൾ അനുകൂലമായാൽ എത്രയുംവേഗം വിശുദ്ധ കുർബാനയിലേക്ക് മടങ്ങിയെത്തണമെന്ന് ഓർമിപ്പിച്ച് ആരാധനക്രമ തിരുസംഘം തലവൻ കർദിനാൾ റോബർട്ട് സാറ പ്രാദേശിക സഭാനേതൃത്വത്തിന് അടിയന്തിര പ്രാധാന്യത്തോടെ കത്ത് അയച്ച സാഹചര്യത്തിൽ, വളരെ പ്രസക്തമാണ് ഈ ലേഖനം.

റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്

മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ഏറ്റവും വിലപ്പെട്ട ദാനമായ വിശുദ്ധ കുര്‍ബാന, ദൈവസ്‌നേഹത്തിന്റെ ഉദാത്തമായ അടയാളമാണ് (യോഹ 3:16). മനുഷ്യരോടു കൂടിയുള്ള ദൈവസാന്നിധ്യത്തിന്റെ പ്രകാശനമാണത്. ‘ദൈവം നമ്മോടുകൂടെ’ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന പേരിന്റെ പൂര്‍ണത വിശുദ്ധ കുര്‍ബാനയില്‍ നാം കാണുന്നു. ‘അപ്പത്തിന്റെ നാട്’ എന്നര്‍ത്ഥമുള്ള ബെത്‌ലഹേമില്‍ ജനിച്ച ഈശോ സമസ്തലോകത്തിനും വേണ്ടിയുള്ള ജീവന്റെ അപ്പമായി ഓരോ കുര്‍ബാനയിലും ജനിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തില്‍നിന്നും മനുഷ്യശരീരം സ്വീകരിച്ച വചനമായ (യോഹ 1:1) അവിടുന്ന് വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ അപ്പമായി രൂപാന്തരപ്പെടുന്നു.

മരുഭൂമിയിലെ പരീക്ഷണസമയത്ത് കല്ലുകളെ അപ്പമാക്കാന്‍ വിസമ്മതിച്ച ഈശോ അന്ത്യത്താഴവേളയില്‍ സ്വന്തം ശരീരത്തെ അപ്പമാക്കിമാറ്റി; ഓരോ കുര്‍ബാനയിലും അപ്പത്തെ തന്റെ ശരീരമാക്കിമാറ്റുന്നു. കാനായിലെ കല്യാണവീട്ടില്‍ പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കിയ അവിടുന്ന് കുര്‍ബാനയില്‍ വീഞ്ഞിനെ തന്റെ രക്തമാക്കിമാറ്റുന്നു. ദൈവസ്‌നേഹത്തിന്റെ ഈ മഹാരഹസ്യങ്ങളെ വിശ്വാസത്തിന്റെയും അത്ഭുതത്തിന്റെയും ഉള്‍ക്കണ്ണുകൊണ്ട് മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ.

വിശുദ്ധ കുര്‍ബാന നമ്മുടെ ആത്മീയജീവിതത്തിന്റെ ഉറവിടവും ശക്തിയുമാണ്. വാഗ്ദാനഭൂമിയെ ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ ജനത്തിന്റെ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ വിശപ്പകറ്റാനായി ദൈവം ആകാശത്തുനിന്ന് മന്ന (അപ്പം) കൊടുത്തതുപോലെ (പുറപ്പാട് 16), ഭൗതികതയുടെ അതിപ്രസരണത്തില്‍പ്പെട്ട് ആത്മീയവിശപ്പ് അനുഭവിക്കുന്ന ഇന്നിന്റെ മനുഷ്യന് ആത്മീയഭോജനമായി തന്റെ തിരുക്കുമാരന്റെ  തിരുശരീരരക്തങ്ങള്‍ അവിടുന്ന് നല്‍കുന്നു.

വാടാത്ത മുള്‍ച്ചെടിയുടെ തണലില്‍ ദൈവത്തിന്റെ മാലാഖ കൊടുത്ത അപ്പത്തിന്റെയും വെള്ളത്തിന്റെയും ശക്തിയാല്‍ 40 ദിനരാത്രങ്ങള്‍ യാത്രചെയ്ത് ഏലിയ പ്രവാചകന്‍ ദൈവത്തിന്റെ വിശുദ്ധ മലയായ ഹോറേബില്‍ എത്തിച്ചേര്‍ന്നു (1 രാജാ 191-8). അതുപോലെ പുതിയ പറുദീസയായ സഭയില്‍ ദൈവം നട്ടുവളര്‍ത്തിയിരിക്കുന്ന വാടാത്ത മുള്‍ച്ചെടിയായ വിശുദ്ധ കുരിശിന്റെ ചുവട്ടില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബലിക്കല്ലില്‍ (ബലിപീഠം) മാലാഖയുടേതിനേക്കാള്‍ ഉന്നതമായ സ്ഥാനം വഹിക്കുന്ന പുരോഹിതന്റെ പാവനമായ കരങ്ങളാല്‍ പരികര്‍മം ചെയ്യപ്പെടുന്ന ഈശോമിശിഹായുടെ തിരുശരീരരക്തങ്ങള്‍ ഭക്ഷിച്ചും പാനം ചെയ്തും ദൈവരാജ്യത്തെ ലക്ഷ്യമാക്കിയുള്ള യാത്ര നാം തുടരണം.

വലിച്ചടുപ്പിക്കുന്ന കുര്‍ബാന!

വലിച്ചടുപ്പിക്കുക, ബന്ധിപ്പിക്കുക എന്നീ അര്‍ത്ഥങ്ങളുള്ള ‘ക്രെബ്’ എന്ന ക്രിയാപദത്തില്‍നിന്നാണ് കുര്‍ബാന എന്ന സുറിയാനിവാക്ക് ഉത്ഭവിക്കുന്നത്. വിശുദ്ധ കുര്‍ബാന എന്ന ദൈവികചാനലിലൂടെ ഈശോമിശിഹാ നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നു. സ്വര്‍ഗീയതലത്തിലേക്ക് വലിച്ചടുപ്പിക്കുന്നു.

വിശുദ്ധ കുര്‍ബാനയിലുള്ള സജീവപങ്കാളിത്തം ദൈവസാന്നിധ്യാനുഭവത്തിനുള്ള ആധികാരികമായ മാര്‍ഗമാണ്. ദുഃഖിതരും നിരാശരുമായി ജറുസലേമില്‍നിന്ന് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് വചനവിശദീകരണവും അപ്പംമുറിക്കല്‍ ശുശ്രൂഷയും ഉത്ഥിതനായ മിശിഹായെ തിരിച്ചറിയാനുള്ള നിര്‍ണായകനിമിഷങ്ങളായിരുന്നു. അനുഭവപ്രദമായ അറിവും സജീവമായ ഭാഗഭാഗിത്വവുംവഴി മാത്രമേ വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവികസാന്നിധ്യം തിരിച്ചറിയാനും അതില്‍ ജീവിക്കാനും സാധിക്കൂ. സഭ വിശ്വസ്തതയോടെ കൈമാറിത്തരുന്ന ദൈവവചനവും ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് ജീവസന്ധാരണത്തിനായി നല്‍കിയ ജീവന്റെ അപ്പവും ഭക്ഷിക്കാനുള്ള ഒരു അഭിരുചി നാം വീണ്ടും കണ്ടെത്തണം.

മഹാരഹസ്യം മനസ്സിലാക്കണം; പകരണം

“ഇതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം; ഇത് കര്‍ത്താവിന് അര്‍പ്പിക്കുന്ന പെസഹാബലിയാണ്,” (പുറ 12:26-27). പഴയനിയമ പെസഹാചരണത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും പുതിയനിയമ പെസഹ ആയ വിശുദ്ധ കുര്‍ബാന ആചരണത്തിലും പ്രസക്തമാണ്. ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയെന്ന മഹാരഹസ്യത്തെ മനസ്സിലാക്കാനും അനുഭവിക്കാനും ഇളംതലമുറയ്ക്ക് അതിന്റെ അര്‍ത്ഥതലങ്ങള്‍ പറഞ്ഞുകൊടുക്കാനും നമുക്ക് സാധിക്കണം.

ഈശോമിശിഹായുടെ പരസ്യജീവിതത്തിന്റെ മുഖ്യകേന്ദ്രങ്ങളായ ഗലീലി, ജറുസലേം എന്നിവിടങ്ങളിലെ ശുശ്രൂഷകരുടെ പുനരവതരണമായ വചനശുശ്രൂഷയും അപ്പംമുറിക്കല്‍ ശുശ്രൂഷയും എല്ലാ കുര്‍ബാനക്രമങ്ങളുടെയും അടിസ്ഥാനഘടകങ്ങളാണ്. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ വേര്‍തിരിക്കാനാവാത്തതും പരസ്പരം പൂരകങ്ങളുമാണ്.

സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ പഠിപ്പിക്കുന്നതുപോലെ വചനം മനുഷ്യനായി അവതരിച്ചത് മനുഷ്യകുലത്തിന് ജീവന്‍ നല്‍കുന്ന അപ്പമായി തീരാനാണ്. കാരണം, അവനില്‍ ജീവനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്‍ തന്റെ സുവിശേഷത്തിലൂടെ ലോകത്തിനു സാക്ഷ്യപ്പെടുത്തുന്നതും മനുഷ്യകുലത്തിന്റെ ജീവനായ ഈശോയെയാണ്.

“ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന തിരുവെഴുത്ത് അതിന്റെ പൂര്‍ണതയില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നത്, ഈശോ മനുഷ്യകുലത്തിന് നിത്യജീവന്‍ നല്‍കുന്ന വിശുദ്ധ കുര്‍ബാനയായി മാറിയപ്പോഴാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ഇതള്‍വിരിഞ്ഞിരിക്കുന്ന ദൈവവചനത്തിന്റെ വെളിച്ചത്തില്‍ മാത്രമേ വിശുദ്ധ കുര്‍ബാനയാകുന്ന നിത്യജീവന്റെ അപ്പത്തിന്റെ അര്‍ത്ഥവും ആഴവും നമുക്ക് മനസ്സിലാവൂ.

വചനശുശ്രൂഷ സഹായിക്കണം

വിശുദ്ധ കുര്‍ബാനയില്‍ വചനശുശ്രൂഷ സംവിധാനം ചെയ്തിരിക്കുന്നത് നിത്യജീവന്റെ അപ്പമായ ഈശോയെ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായകമാകുന്ന വിധത്തിലാണ്. ഈശോ തന്റെ പരസ്യജീവിതത്തില്‍ ജനങ്ങളെ പഠിപ്പിച്ചതും ഒരുക്കിയതും നിത്യജീവന്റെ അപ്പമായ തന്നെ ശരിയായ വിധത്തില്‍ മനസ്സിലാക്കാനും സ്വീകരിക്കാനുംവേണ്ടിയായിരുന്നു. അതുപോലെതന്നെ വചനത്തിന്റെ ശുശ്രൂഷകളും പ്രഘോഷണങ്ങളും വിശുദ്ധ കുര്‍ബാനയിലെ അപ്പത്തിന്റെ മഹാരഹസ്യത്തിലേക്ക് വിശ്വാസികളെ നയിക്കുന്നതാകണം. ഈശോ വഴിയില്‍വെച്ച് വചനം വിശദീകരിച്ചുകൊടുത്ത് എമ്മാവൂസിലേക്ക്‌പോയ ശിഷ്യന്മാരുടെ ഹൃദയത്തില്‍ ജ്വലനം സൃഷ്ടിച്ച് അവരെ അപ്പത്തിന്റെ മേശയ്ക്കുചുറ്റും ഒരുമിച്ചുകൂടി അവനെ തിരിച്ചറിയാന്‍ തക്കവിധം അവരുടെ കണ്ണുകള്‍ക്ക് തുറവി നല്‍കി.

ജീവന്റെ അപ്പത്തെ തിരിച്ചറിയാനും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും വചനശുശ്രൂഷകളും ധ്യാനങ്ങളും സഹായിക്കണം. വചനപ്രഘോഷണങ്ങളും വിശുദ്ധരോടുള്ള വണക്കവും സഭയിലെ ഏറ്റവും വലിയ ആരാധനയായ വിശുദ്ധ കുര്‍ബാനയിലേക്ക് വിശ്വാസികളെ നയിക്കാന്‍ സഹായകമാകണം. വിശുദ്ധരും വചനപ്രഘോഷകരുമെല്ലാം വിശുദ്ധ കുര്‍ബാനയുടെ മുന്‍പിലിരുന്ന് ദൈവവചനത്തെ മനനം ചെയ്ത് കുര്‍ബാനയുടെ അനുഭവത്തിലേക്ക് വളര്‍ന്നപ്പോഴാണ് യഥാര്‍ത്ഥ ക്രിസ്തുസാക്ഷികളായി മാറിയത്. ചുരുക്കത്തില്‍, സഭയിലെ എല്ലാ ഭക്തകൃത്യങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനവും എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടവുമായ വിശുദ്ധ കുര്‍ബാനയിലേക്ക് വിശ്വാസികളെ നയിക്കുക എന്നതായിരിക്കണം.

ജാഗരൂകരാകാം

നിത്യജീവന്റെ അപ്പത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാത്ത അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി എന്ന് വിശുദ്ധ യോഹന്നാന്‍ സുവിശേഷകന്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈശോയുടെ കാലത്ത് എന്നതുപോലെ ഇന്നും ഈ വിട്ടുപോകല്‍ ആവര്‍ത്തിക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത സെക്ടുകളും ജീവന്റെ അപ്പത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട വ്യക്തികളും നമുക്കുചുറ്റും ഉണ്ടാകാം. ഇവരുടെ മധ്യേ ജീവിക്കുമ്പോള്‍ നാം കരുതലുള്ളവരും ജാഗരൂകരും വിശുദ്ധ കുര്‍ബാനയെന്ന മഹാദാനത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരും ആയിരിക്കണം. അല്ലെങ്കില്‍ വിശുദ്ധകുര്‍ബാനയില്‍നിന്നുള്ള ഇടര്‍ച്ചയും സത്യസഭയില്‍നിന്നുള്ള അകല്‍ച്ചയും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാം.

നിത്യസഭയോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് വചനത്തിന്റെയും അപ്പത്തിന്റെയും സാദൃശ്യങ്ങളില്‍ സഭയില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവികസാന്നിധ്യത്തെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ സഭയെക്കുറിച്ചുമുള്ള അജ്ഞതയാണ്. കാരണം വിശുദ്ധ കുര്‍ബാനയെന്ന മഹാരഹസ്യത്തിലേക്കാണ് സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?