Follow Us On

29

March

2024

Friday

‘ഓൾ ബ്രദേഴ്‌സി’നുവേണ്ടി അസീസി ഒരുങ്ങി; പാപ്പയുടെ പുതിയ ചാക്രീകലേഖനം ഒക്‌ടോബർ മൂന്നിന്

‘ഓൾ ബ്രദേഴ്‌സി’നുവേണ്ടി അസീസി ഒരുങ്ങി; പാപ്പയുടെ പുതിയ ചാക്രീകലേഖനം ഒക്‌ടോബർ മൂന്നിന്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രീകലേഖനമായ ‘ഫ്രറ്റേലി റ്റുറ്റി’ ഒക്‌ടോബർ മൂന്നിന് പ്രകാശികമാകും. ‘ഓൾ ബ്രദേഴ്‌സ്’ (എല്ലാവരും സഹോദരർ) എന്ന് ഇംഗ്ലീഷിൽ തർജിമ ചെയ്യാവുന്ന ചാക്രീകലേഖനത്തിൽ അസീസിയിലെ സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ച ശേഷമായിരിക്കും പാപ്പ ഒപ്പുവെക്കുക. നിലവിലെ സാഹചര്യം പരിഗണിച്ച് വിശ്വാസികളുടെ അസാന്നിധ്യത്തിൽ നടത്തുന്ന തിരുക്കർമങ്ങൾ, മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യും.

ഒക്ടോബർ മൂന്ന് ഉച്ചതിരിഞ്ഞ് 3.00ന് അസീസി കത്തീഡ്രലിൽ പാപ്പ ദിവ്യബലി അർപ്പിക്കും. തുടർന്ന് ബസിലിക്കയിൽവെച്ചാണ് ചാക്രിക ലേഖനത്തിൽ ഒപ്പുവെക്കുക. പ്രകാശനകർമം കഴിഞ്ഞാൽ ഉടൻ പാപ്പ വത്തിക്കാനിലേക്ക് മടങ്ങും. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. മനുഷ്യരെല്ലാവരും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാർത്ഥ്യത്തിൽ നിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാവും ചാക്രികലേഖനത്തിന്റെ ഉള്ളടക്കം.

സാഹോദര്യവും സാമൂഹിക സൗഹൃദവും ലക്ഷ്യമാക്കിയ ചാക്രികലേഖനമായതിനാലാണ് ‘എല്ലാവരും സഹോദരർ’ എന്ന് അർത്ഥമാക്കുന്ന ‘ഫ്രറ്റേലി റ്റുറ്റി’ എന്ന് പേരിട്ടിരിക്കുന്നത്. ചാക്രികലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പേര് ഇതുവരെയും ഔദ്യോഗികമായി പ്രസീദ്ധികരിച്ചിട്ടില്ല. എങ്കിലും ഒക്ടോബർ ആദ്യവാരത്തിൽതന്നെ വിവിധ ഭാഷകളിൽ ചാക്രികലേഖനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

2013 മാർച്ച് 13ന് വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘സഹോദരന്മാർ’ എന്ന വാക്ക് ഉച്ചരിച്ച് ലോകത്തെ അഭിവാദ്യം ചെയ്ത ഫ്രാൻസിസ് പാപ്പ, സാഹോദര്യത്തെക്കുറിച്ചുള്ള ചാക്രീകലേഖനത്തിൽ ഒപ്പുവെക്കാൻ അസീസി തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല. വിശുദ്ധ ഫ്രാൻസിസിന്റെ രചനകളാണ് ഇതിന് പ്രചോദനമായിരിക്കുന്നത്: ‘നമുക്ക് സാഹോദര്യത്തിൽ ജീവിക്കാം. തന്റെ അജഗണങ്ങളെ രക്ഷിക്കാൻ കുരിശിലെ ക്ലേശങ്ങളെ ആശ്ലേഷിച്ച നല്ല ഇടയനായ ക്രിസ്തുവിനെ നമുക്കു മാതൃകയാക്കാം.’

ഫ്രാൻസിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമാണിത്. ‘ലൂമെൻ ഫീദേ’ (വിശ്വാസ വെളിച്ചം), ‘ലൗദാത്തോ സീ’ (അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ) എന്നിവയാണ് മറ്റ് രണ്ട് ചാക്രീകലേഖനങ്ങൾ. ഇത് നാലാം തവണയാണ് ഫ്രാൻസിസ് പാപ്പ അസീസിയിൽ എത്തുന്നത്. 2013 ഒക്ടോബർ ഒന്ന്, 2016 ഓഗസ്റ്റ് നാല്, സെപ്തംബർ 20 എന്നിവയായിരുന്നു മുൻ സന്ദർശന ദിനങ്ങൾ.

ഫോട്ടോ ക്യാപ്ഷൻ: ബ്രസീലിലെ റിയോ ഡി ജനീറോ സന്ദർശിക്കവേ തനിക്ക് സമ്മാനമായി ലഭിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുരൂപത്തിൽ ഫ്രാൻസിസ് പാപ്പ ചുംബിക്കുന്നു. (ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?