Follow Us On

29

March

2024

Friday

ഹായ് ഗോഡ്, ഹൗ ആര്‍ യു?

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

ഹായ് ഗോഡ്, ഹൗ ആര്‍ യു?

നമ്മുടെയും  പ്രിയപ്പെട്ടവരുടെയും സുഖത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന നാം എപ്പോഴെങ്കിലും ദൈവത്തിന് സുഖമാണോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?

ഇതെഴുതുമ്പോള്‍ ഞാന്‍  കപ്പൂച്ചിന്‍ സന്യാസാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരിശീലനം നേടുന്ന സ്ഥലത്താണുള്ളത്. ഒരു ദിവസം, അവിടത്തെ ഒരു സഹോദരന്‍ പുതുതായി വന്ന കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ എഴുതിയ വാചകം ഇങ്ങനെയായിരുന്നു: “ഔര്‍ ഫാദര്‍, ഹൗ ആര്‍ യു ഇന്‍ ഹെവന്‍.”  എഴുതേണ്ടിയിരുന്നത്, “ഔവര്‍ ഫാദര്‍, ഹൂ ആര്‍ ഇന്‍ ഹെവന്‍” എന്നതും. ശരിയായ ഈ വാചകത്തിലെ ചില വാക്കുകള്‍ മാറിപ്പോയപ്പോള്‍ ആശയംതന്നെ മാറി. എങ്കിലും ഞാനതു കേട്ടപ്പോള്‍ അതുവരെ ആരും ചോദിക്കാത്തൊരു കാര്യംപോലെ ആ ആശയം എന്റെ ഉള്ളില്‍ കയറുകയും ചെയ്തു: ദൈവത്തിന് സുഖമാണോ?

നമ്മില്‍ ചിലര്‍ എല്ലാ ദിവസവും ദൈവാലയങ്ങളില്‍ പോകുന്നു. ചിലര്‍  ഞായറാഴ്ചകളില്‍ മാത്രവും. നമ്മുടെയും പ്രിയപ്പെട്ടവരുടെയും സുഖത്തിനുവേണ്ടിയാണ് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത്. ഇത് ആവശ്യമായ കാര്യമാണ്. എന്നാല്‍, നമ്മിലാരുംതന്നെ ദൈവത്തിന് സുഖമാണോ എന്ന് ഒരിക്കലും അന്വേഷിക്കാറില്ല.

“സുഖമാണോ…?,” ഓരോ ഫോണ്‍ വിളിയിലും നാം മുടങ്ങാതെ ചോദിക്കുന്ന ചോദ്യമാണിത്. അറിയാന്‍ ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും നാം ഇതെന്നും ചോദിച്ചുകൊണ്ടേയിരിക്കും. ഞാന്‍ പലപ്പോഴും ഈ ചോദ്യം ഒഴിവാക്കുമായിരുന്നു. അപ്പോള്‍, ഫോണ്‍ സംഭാഷണം തീരാന്‍ നേരത്ത് ചിലരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട്: “സുഖമാണോ എന്നൊരു വാക്കുപോലും ചോദിച്ചില്ലല്ലോ”. ഈ വാക്ക് കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ ഉള്ളില്‍ ഒരു സുഖമുണ്ട് എന്നതാകാം അതിന് പിന്നിലുള്ള യാഥാര്‍ത്ഥ്യം.

കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന കാലത്തും ഇ മെയിലുകളുടെ ഈ കാലത്തും സുഖമല്ലേ എന്ന ചോദ്യവും അതിന്റെ ഉത്തരവും നാം പരസ്പരം കൈമാറാറുണ്ട്. ഇതെല്ലാം നമ്മുടെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ തന്നെയാണ്. ഇവയെല്ലാം എന്നും നിലനില്‍ക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

നാമെല്ലാം പിതാവായ ദൈവത്തിന്റെ മക്കളാണെന്ന് വിശ്വസിക്കുകയും കൂടെക്കൂടെ പറയുകയും ചെയ്യാറുണ്ട്. പക്ഷേ, പിതാവായ ദൈവത്തിന് സുഖമാണോ എന്ന ക്ഷേമാന്വേഷണം നമ്മുടെ അധരങ്ങള്‍ ഉരുവിടാറില്ല. ദൈവത്തോട് ഇത് ചോദിക്കേണ്ട ഒരു കാര്യമായി ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ “ദൈവത്തിന് സുഖമാണോ” എന്ന് എഴുതി ഒരു കുട്ടി വരുത്തിയ തെറ്റ് എന്നെ ചിന്തിപ്പിക്കുന്നു. ഞാനീ ചോദ്യം ചോദിക്കണം എന്ന ചിന്ത ഉള്ളില്‍ ഉണരുകയും ചെയ്യുന്നു.

ഇന്നൊരു സുഖവുമില്ല എന്ന് നാം ചിലപ്പോഴെങ്കിലും പറയാറുണ്ട്. മറ്റ് പലരില്‍നിന്ന് അത് കേട്ടിട്ടുമുണ്ട്. എന്തെങ്കിലും രോഗമുണ്ടോ എന്നാരാഞ്ഞാല്‍ ഇല്ലെന്നാവും അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഉത്തരം. നാം ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നിറവേറാതിരിക്കുക, മറ്റുള്ളവര്‍ നമുക്കുവേണ്ടത്ര പരിഗണനയോ അംഗീകാരമോ തരാതിരിക്കുക, ഒറ്റപ്പെട്ടുപോകുന്ന അനുഭവങ്ങളുണ്ടാകുക, തെറ്റിദ്ധാരണയാല്‍ അധികാരികള്‍ മോശമായി സംസാരിക്കുക തുടങ്ങി പലതും സുഖമില്ലെന്നു പറയാന്‍ നമുക്ക് കാരണമാകാറുണ്ട്. സുഖമില്ലെന്ന് സ്വയം തോന്നിക്കുന്ന സമയങ്ങളില്‍ ചെയ്യുന്ന ചെറുതും വലുതുമായ പ്രവൃത്തികള്‍ പൊതുവെ തൃപ്തികരമായിരിക്കുകയില്ല. അതായത്, ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാകണമെങ്കില്‍ നാം മാനസികവും ശാരീരികവുമായി സുഖമുള്ളവരായിരിക്കണം എന്ന് സാരം.

“സുഖമേറെയുണ്ടായ കാലങ്ങളില്‍ ദൈവത്തിന്‍ നാമം മറന്നു… എല്ലാം മംഗളമായാല്‍ നാം മറക്കും ദൈവത്തെ…,” എന്നിങ്ങനെ ഗാനങ്ങളിലൂടെ പലരും നമ്മെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്, ഓര്‍മപ്പെടുത്താറുമുണ്ട്. എങ്കിലും മനുഷ്യപാദങ്ങള്‍ എന്നും ഭൗതികമായ സുഖങ്ങളുടെ പിന്നാലെയാണ്. ദൈവം തരുന്ന സുഖത്തെക്കാളും വിലയേറിയതായി നാം മറ്റു പലതും തിരയുന്നു, അതില്‍ സംതൃപ്തരാകാന്‍ ആഗ്രഹിക്കുന്നു.

ദൈവശാസ്ത്ര പഠനകാലത്ത്, ഉയരം തീരെ കുറഞ്ഞ, മുതിര്‍ന്ന ഒരു സഹോദരന്‍ അവിടെ ഉണ്ടായിരുന്നു: ലാസര്‍. നല്ലൊരു തുന്നല്‍കാരനും കൂടിയായിരുന്നു ഈ സഹോദരന്‍. ബ്രദറേ സുഖമാണോ എന്ന് ചോദിച്ചാല്‍ മിക്കപ്പോഴും തിരികെ കിട്ടുന്ന ഉത്തരം ഇപ്രകാരമായിരിക്കും: “എല്ലാം സുഖമായിട്ടെടുക്കുന്നു.” ഈ മറുപടിപോലും തന്നിരുന്ന ഒരു സുഖമുണ്ട്. എല്ലാം സുഖമായിട്ടെടുക്കാന്‍ കഴിയുക ഒരു ദൈവിക സുകൃതം തന്നെയല്ലേ. എത്രയധികംവരും അതിന് കഴിയാത്തവര്‍.

അവരുടെ ഇടയിലാണ് ലാസര്‍ എന്ന സഹോദരന്‍ എല്ലാം സുഖമായിട്ടെടുക്കുന്നു എന്ന മറുപടികൊണ്ട് ഞങ്ങളെയൊക്കെ ഉന്നതമായൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം ഒരിക്കലും ഞങ്ങളെ ദൈവശാസ്ത്ര വിഷയങ്ങളൊന്നും പഠിപ്പിച്ചില്ല എന്ന് പറയുമ്പോഴും ആ ജീവിതം തന്നെ ഒരു വലിയ ദൈവശാസ്ത്രമായിരുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു. ദൈവവും എല്ലാം സുഖമായിട്ടെടുക്കുന്നുണ്ടാവുമല്ലേ?

കുമ്പസാരമെന്ന കൂദാശ കഴിഞ്ഞപ്പോള്‍, കുമ്പസാരിച്ച വ്യക്തി ഒരിക്കല്‍ എന്നോട് ചോദിച്ചു: “അച്ചന്‍ എന്റെ പാപങ്ങളെല്ലാം കേട്ട്, പ്രായശ്ചിത്തവും ആശീര്‍വാദവും തന്നു. ഞാന്‍ പറഞ്ഞ പാപങ്ങള്‍ കേട്ടിട്ട് അച്ചന് എന്നോട് വെറുപ്പ് തോന്നുന്നില്ലേ?” ഞാന്‍ പറഞ്ഞു: “ഇല്ല. ഞാനെന്തിന് വെറുക്കണം? കുമ്പസാരസമയത്ത് നീ പറഞ്ഞ കാര്യങ്ങള്‍ എന്നോടല്ല ഈശോയോടാണ് പറഞ്ഞത്. നീ നിന്റെ ഹൃദയം തുറന്നതും പങ്കുവെച്ചതും ഈ കൂദാശയുടെ കൃപയാല്‍ നിന്നെ നിറച്ചതും ഈശോയാണ്. എല്ലാം പൊറുക്കാനും ക്ഷമിക്കാനും നീ ആയിരിക്കുന്നതുപോലെ നിന്നെ സ്‌നേഹിക്കാനും കഴിയുന്നത് ഈശോയ്ക്ക് മാത്രമാണ്. ഈശോയുടെ പ്രതിപുരുഷനായിമാത്രം വന്ന എനിക്ക് നിന്നെ മോശക്കാരനായി കാണേണ്ട കാര്യമില്ല.” ആ മുഖം സുഖകരമായ സന്തോഷത്താല്‍ നിറയുന്നത് ഞാന്‍ കണ്ടു, അതെന്റെ ഹൃദയത്തിനും കുളിര്‍മ പകര്‍ന്നു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 15-ാം അധ്യായത്തില്‍ ഒരു അപ്പനെയും മകനെയും നമുക്ക് കാണാം. അപ്പന്റെ ഹൃദയത്തിന് മുറിവേല്‍പ്പിച്ചാണ് മകന്‍ വീട് വിട്ടിറങ്ങിയത്. അപ്പന്‍ ശരിക്കും ഏതു തരക്കാരനാണെന്ന് അവസാനഭാഗത്ത് വ്യക്തമാകും. എല്ലാം നഷ്ടമായ അവസ്ഥയില്‍, ദാസനാക്കണമേ എന്ന അപേക്ഷയുമായി വീടുവിട്ടിറങ്ങിയ മകന്‍ തിരിച്ചെത്തുമ്പോള്‍ നിയമവും പാരമ്പര്യവും അനുശാസിക്കുന്ന വഴി മാറ്റിപിടിച്ച്, സ്‌നേഹത്തിനുമാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് ആ അപ്പന്‍. അവിടെയാണ് ആ അപ്പന്‍ സുഖമറിയുന്നത്. അപ്പന് നഷ്ടങ്ങള്‍ വന്നെന്ന് പറയുന്നവരുണ്ട്. ആദ്യം ഓഹരി കൊടുത്തു. അത് വാങ്ങി വീടുവിട്ടവന്‍ തിരികെ എത്തുമ്പോള്‍ ഒരിക്കല്‍കൂടി എല്ലാം കൊടുക്കുകയാണീ അപ്പന്‍. ഈ നഷ്ടങ്ങള്‍ വലിയൊരു നേട്ടവും ആനന്ദവും സുഖവുമാണ് പകരുന്നത്.

സുഖകരമല്ലാത്ത കാര്യങ്ങള്‍ മക്കളായ നാം ചെയ്യുമ്പോള്‍ ദൈവം എങ്ങനെയായിരിക്കും അതിനോട് ഇടപെടുക എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. സ്‌നേഹിക്കാന്‍മാത്രം അറിയുന്ന ദൈവം, മക്കളായ നാം തെറ്റായ വഴികളെല്ലാം തിരുത്തി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരിക്കും കഴിയുക. ആ പ്രതീക്ഷയായിരിക്കും ദൈവത്തിന് കിട്ടുന്ന സുഖം.

ദൈവത്തിന് സുഖമാണോ എന്നതിനുത്തരം ഓരോരുത്തരുടെയും ജീവിതംതന്നെയാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും പറയാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ ദൈവത്തിന് സുഖമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അത്രയും കഴിഞ്ഞില്ലെങ്കില്‍ അത്തരം വളര്‍ച്ചയ്ക്കുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്ന് തുടങ്ങിയാല്‍ ദൈവം എല്ലാം സുഖമായിട്ടെടുക്കും എന്നെനിക്ക് തോന്നുന്നു. ധൂര്‍ത്തനായിപോയവന്‍ മടക്കയാത്രയ്ക്ക് ഒരുക്കം കൂട്ടിയപ്പോള്‍മുതല്‍ അപ്പന്‍ സുഖകരമായ ഒരു തലത്തിലേക്ക് പ്രവേശിച്ചുതുടങ്ങി. എന്തെന്നാല്‍ ഈ അപ്പന്‍ എല്ലാം അറിയുന്നവന്‍ തന്നെയാണല്ലോ.

എത്ര വലിയ സങ്കടങ്ങളും നൊമ്പരങ്ങളും ഉണ്ടായിരുന്നാലും ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയില്‍ ശാന്തമായിരിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു ദൈവികമായ സുഖം നിറയാറുണ്ടെന്നത് നമ്മില്‍ പലരുടെയും അനുഭവമാണ്. നിത്യാരാധനയുള്ള ഇടങ്ങളില്‍, തിരക്കിന്റെ ലോകത്തൂടെ കടന്നുപോകുന്ന അനേകര്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം ഇതുതന്നെയാണ്. ഈ സുഖം തരുന്നത് ദൈവം തന്നെയാണ്. തന്റെ മക്കള്‍ ആത്മീയമായ സുഖമനുഭവിക്കുമ്പോള്‍ ദൈവവും സുഖമറിയുന്നു.

കര്‍മം ചെയ്യുന്ന വ്യക്തിയും അത് ചെറുതോ വലുതോ എന്ന വേര്‍തിരിവ് ഇല്ലാതെതന്നെ അതിന്റെ കാര്‍മികനാണ്. കര്‍മം ചെയ്യുന്നവര്‍ക്ക് ന്യായമായും പ്രതിഫലത്തിന് അര്‍ഹതയുമുണ്ട്. പ്രതിഫലംമാത്രം ലക്ഷ്യംവെച്ചുള്ള കര്‍മങ്ങള്‍ക്ക് ഒരു പരിധിവരെ ആത്മാര്‍ത്ഥതയും കുറവായിരിക്കും. ആത്മാര്‍ത്ഥതയില്ലാത്ത കര്‍മങ്ങളെക്കുറിച്ച് നാം അറിവുള്ളവരുമാണ്. എന്നാല്‍, ചെയ്യുന്ന കര്‍മങ്ങള്‍ക്ക് പ്രതിഫലം കൂടുതല്‍ കിട്ടിയാലും ഇല്ലെങ്കിലും സുഖവും തൃപ്തിയും ചെയ്യുന്ന ആള്‍ക്ക് ലഭിച്ചാല്‍ മാത്രമേ അത് നല്ലതാകൂ.

ദൈവം ചെയ്ത കര്‍മങ്ങള്‍ എല്ലാം നല്ലതായിരുന്നു. അതിനാല്‍ തന്നെ ദൈവത്തിന് അത് സുഖദായകംതന്നെയാണ്. ദൈവത്തിന്റെ കര്‍മംതന്നെയായ നാം നന്മയില്ലാത്തവരാകുമ്പോഴാണ് അസ്വസ്ഥതയ്ക്ക് കാരണമാകുക. ദൈവത്തിന് സുഖമുണ്ടാകണമെങ്കില്‍ മക്കളായ നമുക്കും സുഖമുണ്ടാകണം. അത് ആത്മീയതലത്തിലാകണമെന്നു മാത്രം. നമുക്ക് പ്രതിജ്ഞയെടുക്കാം, ദൈവത്തിന് സുഖം നല്‍കുന്ന ജീവിതമാകട്ടെ ഇനിമുതലെന്നും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?