Follow Us On

25

October

2020

Sunday

സഭയില്ലാതെ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയില്ല: സൗത്ത് സുഡാൻ പ്രസിഡന്റ്

സഭയില്ലാതെ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയില്ല: സൗത്ത് സുഡാൻ പ്രസിഡന്റ്

സൗത്ത് സുഡാൻ: സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ കത്തോലിക്കാസഭ നൽകുന്ന പിന്തുണയിൽ സന്തോഷം അറിയിച്ച് സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ കിർ മയാർഡിറ്റ്. കത്തോലിക്കാ സഭയെ കൂടാതെ ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ലെന്നും, രാജ്യത്തെ കത്തോലിക്കാ മെത്രാൻ സമിതി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരകലാപങ്ങൾ പതിവായ സുഡാനിൽ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെ ഫ്രാൻസിസ് പാപ്പ, പാദങ്ങൾ ചുംബിച്ച സൗത്ത് സുഡാൻ ഭരണാധികാരികളിൽ ഒരാളാണ് സൽവാ കിർ.

മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് ടോംബുറ- യാംബിയോ രൂപതാ ബിഷപ്പ് ഹിബോറോ കുസാല, ജൂബ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റീഫൻ അമേന്യു എന്നിവരാണ് സമാധാന ശ്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. ‘സഭയില്ലാതെ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. വിമോചന സമരകാലത്ത് ജനങ്ങളെ ഒന്നിപ്പിക്കാൻ സഭ നൽകിയ നേതൃത്വം വിസ്മരിക്കാനാവാത്തതാണ്,’ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പറഞ്ഞ വാക്കുകൾ ബിഷപ്പ് കുസാല ‘ഫീദെസ്’ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.

സൗത്ത് സുഡാൻ റിപ്പബ്ലിക്കിനെ ഇനി ഒരിക്കലും യുദ്ധത്തിലേക്ക് കൊണ്ടുപോകില്ലെന്ന് സൽവാ കിർ ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെത്രാൻ സമിതിയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, കൊറോണ മഹാമാരിയെ തുടർന്ന് അടിച്ചിട്ട ദൈവാലയങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ച് തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. സർക്കാരിനോടുള്ള സഭയുടെ അടുപ്പം വ്യക്തമാക്കാൻ വേണ്ടിയാണ് രാഷ്ട്രത്തലവനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ക്രിയാത്മകവും ഫലദായകവുമാണെന്നും ബിഷപ്പ് കുസാല പറഞ്ഞു.

‘സൗത്ത് സുഡാന്റെ സമാധാനത്തിനും വളർച്ചയ്ക്കുമായി അദ്ദേഹത്തോടും സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത ഉറപ്പുനൽകുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. ദേശീയ ഐക്യം സാധ്യമാക്കാൻ സൗത്ത് സുഡാൻ ഭരണകൂടം രൂപീകരിച്ച നടപടികളും പദ്ധതികളും പ്രശംസനീയമാണ്. അദ്ദേഹം ശരിയായ പാതയിലാണ് രാജ്യത്തെ നയിക്കുന്നത്. സമാധാന കരാർ നടപ്പാക്കുന്നത് സങ്കീർണവും പ്രയാസകരവുമാണെങ്കിലും യുദ്ധത്തിലേക്ക് മടങ്ങാനുള്ള പ്രലോഭനത്തിൽ വീഴരുത്,’ ബിഷപ്പ് ഓർമിപ്പിച്ചു.

സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെ സൗത്ത് സുഡാൻ ഭരണാധികാരികളുടെ പാദങ്ങൾ ചുംബിച്ച, അത്യപൂർവവുമായ പേപ്പൽ ചെയ്തിയുടെ സത്ഫലമെന്നോണം 2019 ഓഗസ്റ്റിലാണ് ഐക്യസർക്കാർ രൂപീകരിക്കാനുള്ള കരാർ അവതരിപ്പിച്ചത്. പ്രസിഡന്റ് സാൽവാ കിർ സാക്ഷ്യം വഹിച്ച സമാധാന കരാർ അവതരിപ്പിച്ച സമ്മേളനത്തിൽ ഇരു രാജ്യങ്ങളിലെ (സുഡാനും സൗത്ത് സുഡാനും) ബിഷപ്പുമാരും പങ്കെടുത്തിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്ന് സ്വതന്ത്രമായ 10 സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ് സൗത്ത് സുഡാൻ. കത്തോലിക്കാ സഭ എന്ന നിലയിൽ സൗത്ത് സുഡാനും സുഡാനും ഒരേ മെത്രാൻ സമിതിക്ക് കീഴിലാണ്. 39 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ നടപടികൾ ആരംഭിക്കാനുള്ള കരാറാണ് യാഥാർത്ഥ്യമായത്. ഇതിനായി പൗരന്മാരിൽനിന്ന് ആറ് നേതാക്കളും സൈന്യത്തിൽനിന്നുള്ള അഞ്ച് നേതാക്കളും ഉൾപ്പെടുന്ന പരമാധികാര സമിതിയും രൂപീകൃതമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?