Follow Us On

05

October

2022

Wednesday

കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന പലതരം?

കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന പലതരം?

‘കർത്താവ് പഠിപ്പിച്ച, സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക്‌ വിവിധ ഭാഷ്യങ്ങള്‍ എങ്ങിനെയുണ്ടായി? തിരുവചനത്തിന്റെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്നു, പ്രമുഖ ബൈബിൾ പണ്ഡിതൻ റവ. ഡോ. മൈക്കിൾ കാരിമറ്റം.

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ദിവ്യബലിമധ്യേ ചൊല്ലുന്നതും വീടുകളില്‍ ചൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സീറോ മലബാര്‍ റീത്തില്‍ “ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കണം” എന്ന് പ്രാര്‍ത്ഥിക്കുന്നു. ലത്തീന്‍ റീത്തില്‍ “തെറ്റുകള്‍ ക്ഷമിക്കണം” എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. വീടുകളില്‍ “ഞങ്ങളുടെ കടങ്ങള്‍ ക്ഷമിക്കണം” എന്നും പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ ഏതാണ് യേശു പഠിപ്പിച്ച പ്രാര്‍ത്ഥന; പാപവും കടവും തെറ്റും എല്ലാം ഒന്നുതന്നെയാവില്ലല്ലോ?

******

തികച്ചും യുക്തിസഹവും സ്വാഭാവികവുമാണ് ഈ സംശയം. യേശു പഠിപ്പിക്കുമ്പോള്‍ ഒരേ കാര്യം പലതരത്തില്‍ പറയുമെന്നു കരുതാന്‍ പ്രയാസമുണ്ട്. അതേസമയം ഔദ്യോഗികമായി ഒരേ പ്രാര്‍ത്ഥന പലവിധത്തില്‍ ചൊല്ലാന്‍ സഭ നിര്‍ദേശിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നു. അതിനാല്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നവിധം കര്‍തൃപ്രാര്‍ത്ഥന ക്രമപ്പെടുത്തണമെന്ന നിര്‍ദേശവും കേള്‍ക്കാറുണ്ട്. പ്രാര്‍ത്ഥനയുടെ വിവര്‍ത്തനത്തില്‍ മാറ്റംവരുത്താന്‍ ശ്രമിക്കുംമുമ്പേ എന്താണ് ഈ യാചനയുടെ അര്‍ത്ഥം, എന്തുകൊണ്ടാണ് മൂന്നു വ്യത്യസ്ത വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തുക ആവശ്യമാണ്.

മൂലഭാഷയായ ഗ്രീക്കിലാണ് പുതിയ നിയമം നമുക്ക് ലഭിച്ചിരിക്കുന്നത്. യേശു സംസാരിച്ചത് അരമായ ഭാഷയാണെങ്കിലും സുവിശേഷങ്ങള്‍ നാലും വിരചിതമായത് അന്ന് പൊതുവെ സംസാരഭാഷയായിരുന്ന ഗ്രീക്കിലാണ്; അതും സാമാന്യ ജനങ്ങളുടെ ഭാഷ എന്നര്‍ത്ഥം വരുന്ന ‘കൊയ്‌നോ’ ഗ്രീക്കില്‍. ഗ്രീക്കില്‍നിന്നാണ് മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്, മലയാളത്തിലേക്കും. അതുകൊണ്ട് യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ ഗ്രീക്കുഭാഷയില്‍ ഏതു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം.

മൂലഭാഷയില്‍നിന്ന് ആരംഭിക്കാം

മൂലഭാഷ തേടിപ്പോകുമ്പോള്‍ മറ്റൊരു പ്രശ്‌നം നേരിടുന്നു. കര്‍ത്തൃപ്രാര്‍ത്ഥന വിശുദ്ധ മത്തായിയും (6:9-15) വിശുദ്ധ ലൂക്കായും (11:2-4) രേഖപ്പെടുത്തിയിട്ടുണ്ട്; പക്ഷേ രണ്ടും ഒരുപോലെയല്ല. വിശുദ്ധ മത്തായിയുടേതിനെക്കാള്‍ വളരെ ഹ്രസ്വമാണ് ലൂക്കായുടെ അവതരണം. ഇതില്‍ ഏതാണ് യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ഒറിജിനല്‍ എന്ന ചോദ്യത്തിന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഇന്നും അഭിപ്രായ ഐക്യമില്ല. വിശുദ്ധ മത്തായിയുടെ അവതരണത്തില്‍ പല ആവര്‍ത്തനങ്ങള്‍ കാണാം.

ഉദാഹരണത്തിന്: “അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ ഹിതം സ്വര്‍ഗത്തിലേതുപോലെ ഭൂമിയിലും ആകണമേ.” ഈ രണ്ട് യാചനകളും ഏതാണ്ട് ഒരു കാര്യംതന്നെയാണ് പറയുന്നത്. ദൈവഹിതം പൂര്‍ണമായി യാഥാര്‍ത്ഥ്യമാകുന്ന അവസ്ഥയാണല്ലോ ദൈവരാജ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. “ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ” എന്ന വിശുദ്ധ മത്തായിയുടെ അവതരണം വിശുദ്ധ ലൂക്കായില്‍ “ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ” എന്നു മാത്രമായി. ‘തിന്മ’ എന്നാണോ ‘ദുഷ്ടന്‍’ എന്നാണോ വിശുദ്ധ മത്തായിയുടെ അവതരണം വിവര്‍ത്തനം ചെയ്യേണ്ടത് എന്നതിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. വിശുദ്ധ മത്തായിയില്‍ കാണുന്ന ആവര്‍ത്തനങ്ങള്‍ വിശുദ്ധ ലൂക്കായില്‍ ഇല്ല. ഇതിന് രണ്ട് കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ വിജാതീയരായ തന്റെ വായനക്കാര്‍ക്ക് സെമിറ്റിക് ശൈലിയിലെ ആവര്‍ത്തനങ്ങള്‍ വിരസമായി തോന്നാവുന്നതിനാല്‍ വിശുദ്ധ ലൂക്കാ ഒഴിവാക്കിയതാവാം. അല്ലെങ്കില്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥന തന്റെ അനുവാചകരായ യഹൂദ ക്രൈസ്തവര്‍ക്ക് പരിചിതമായ സെമിറ്റിക് ശൈലിയില്‍ വിശുദ്ധ മത്തായി ആവര്‍ത്തനം ചേര്‍ത്തതാവാം.

ഈ രണ്ടു സാധ്യതകളും തള്ളിക്കളയാനാവില്ലാത്തതിനാല്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ഒറിജിനല്‍ രൂപം ഏതെന്ന് തറപ്പിച്ചു പറയുക എളുപ്പമല്ല. എന്നാലും യേശുവിന്റെ സംസാരഭാഷ ഒരു സെമിറ്റിക് ഭാഷ ആയിരുന്നതിനാലും ആവര്‍ത്തനത്തിലൂടെ ഒരു കാര്യത്തിന് വ്യക്തതയും ഊന്നലും നല്‍കുക ആ ഭാഷയുടെ സവിശേഷത ആയതിനാലും വിശുദ്ധ മത്തായി അവതരിപ്പിച്ചിരിക്കുന്നതാണ് മൂലത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്ന രൂപം എന്ന് കരുതുന്നത് കൂടുതല്‍ യുക്തിപൂര്‍ണവും സ്വീകാര്യവുമായിരിക്കും.

ഇനി ചോദ്യവിഷയമായ പാപകടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോഴും പ്രശ്‌നമുണ്ടാകുന്നു. കാരണം, വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കായും ഗ്രീക്കില്‍ രണ്ടു വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ മത്തായിയില്‍ ‘ഒഫെയ്‌ലേമെത്താ’ (കടങ്ങള്‍) ‘ഒഫെയ്‌ലെതായിസ്’ (കടക്കാരോട്) എന്നാണ് കാണുന്നത്. ‘ഒഫെയ്‌ലോ’ എന്ന ക്രിയാധാതുവിന് കടപ്പെട്ടിരിക്കുക, കൊടുക്കാന്‍ ബാധ്യത ഉണ്ടായിരിക്കുക എന്നാണര്‍ത്ഥം. ഇങ്ങനെ ആര് കൊടുക്കാന്‍ ബാധ്യതപ്പെട്ടോ അവരെ കടക്കാര്‍ എന്നു വിളിക്കുന്നു. അപ്പോള്‍ വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ സംശയത്തിന് വഴിയില്ല. “ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണം” ഇതായിരിക്കണം ശരിയായ വിവര്‍ത്തനം.

പ്രശ്‌നം മലയാളത്തില്‍മാത്രമല്ല

ഇവിടെ വേറൊരു ചോദ്യം ഉദിക്കുന്നു. ഞങ്ങള്‍ ക്ഷമിച്ചതുപോലെയോ അഥവാ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെയോ? ലത്തീന്‍ കുര്‍ബാനക്രമത്തില്‍ “ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ” എന്നാണ് കാണുക. ഗ്രീക്കില്‍ ‘അഫെക്കാമെന്‍’ എന്ന അവൊരിസ്റ്റ് കാലമാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഭൂതകാലത്ത് ഒരിക്കല്‍ സംഭവിച്ച കാര്യത്തെ സൂചിപ്പിക്കാനാണ് ഗ്രീക്കുഭാഷയില്‍ ഈ ‘കാലം’ ഉപയോഗിക്കുന്നത്. അതിനാല്‍ ‘ക്ഷമിച്ചതുപോലെ’ എന്നതാവും ശരിയായ വിവര്‍ത്തനം.

എന്നാല്‍, സെമിറ്റിക് ശൈലിയില്‍ എഴുതുന്ന വിശുദ്ധ മത്തായി ഗ്രീക്കുഭാഷയിലും ഈ സെമിറ്റിക് ശൈലി ഉപയോഗിച്ചിരിക്കാം എന്നു കരുതാന്‍ ന്യായമുണ്ട്. അതാണെങ്കില്‍ ഭൂതകാലത്തിനുപകരം വര്‍ത്തമാനകാലമായും ഈ പ്രവൃത്തിയെ കാണാം. ഈ അര്‍ത്ഥത്തിലാണ് വിശുദ്ധ ജെറോം ലത്തീന്‍ വുള്‍ഗാത്തായില്‍ വര്‍ത്തമാനകാലം ഉപയോഗിച്ചത്. ഇതാണ് ലത്തീന്‍ റീത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ലത്തീന്‍ കുര്‍ബാനക്രമത്തിലെ കര്‍ത്തൃപ്രാര്‍ത്ഥനയില്‍ “ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ” എന്ന് പ്രാര്‍ത്ഥിക്കുന്നു. ഗ്രീക്കിലെ ‘ഒഫെയ്‌ലേമത്ത’ ലത്തീനിലെ മലയാളത്തിലേക്ക് വന്നപ്പോള്‍ തെറ്റുകള്‍- തെറ്റു ചെയ്യുന്നവര്‍ എന്നായി. കുറച്ചുകൂടി കൃത്യമായി വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ കടക്കാര്‍- കടങ്ങള്‍ എന്ന പദങ്ങളായിരുന്നില്ലേ മെച്ചം എന്ന ചോദ്യം ന്യായമായും ഉന്നയിക്കാവുന്നതാണ്. എന്നാല്‍ ഇത് മലയാളത്തിലെമാത്രം പ്രശ്‌നമല്ല.

ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലും ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി ലംഘിക്കുക, അതിരു കടക്കുക എന്നര്‍ത്ഥമുള്ള ‘ട്രെസ്പാസ്’ എന്ന പദമാണ് ഇംഗ്ലീഷില്‍ പ്രാര്‍ത്ഥനയ്ക്കായി പൊതുവെ ഉപയോഗിക്കുന്നത്. നിഷിദ്ധ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുന്നതിനെയാണല്ലോ ഈ പദം സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പദം മാത്രമല്ല പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുക. കടം എന്നര്‍ത്ഥമുള്ള ‘ഡെബ്റ്റ്’ എന്ന പദം ചുരുക്കമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, അതിനേക്കാളധികം ‘പാപം’ എന്നര്‍ത്ഥമുള്ള ‘സിന്‍’ എന്ന പദം ഉപയോഗിച്ചുകാണുന്നു. ഈ ആശയക്കുഴപ്പം ഇംഗ്ലീഷിലെ പ്രമുഖ ബൈബിള്‍ വിവര്‍ത്തനങ്ങളിലും കാണാം.

ഉദാഹരണത്തിന് കിംഗ് ജെയിംസ് വേര്‍ഷന്‍, ന്യൂ ഇന്റര്‍നാഷണല്‍ വേര്‍ഷന്‍, ന്യൂ അമേരിക്കന്‍ ബൈബിള്‍,  ജറുസലേം ബൈബിള്‍, റിവൈസ്ഡ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍, ന്യൂ റിവൈസ്ഡ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍, കമ്മ്യൂണിറ്റി ബൈബിള്‍ എന്നിവയെല്ലാം ‘കടം’ എന്നര്‍ത്ഥമുള്ള ‘ഡെബ്റ്റ്’ എന്ന പദമാണുപയോഗിക്കുന്നത്. എന്നാല്‍ ന്യു ഇംഗ്ലീഷ് ബൈബിള്‍, ഗുഡ് ന്യൂസ് ബൈബിള്‍ എന്നിവ ‘തെറ്റ്’ എന്നര്‍ത്ഥമുള്ള ‘റോംഗ്’ എന്ന പദം ഉപയോഗിക്കുന്നു. പി.എസ്.ബി പാപം- ‘സിന്‍’ എന്ന പദം ഉപയോഗിക്കുന്നു. ഈ താരതമ്യപഠനത്തില്‍നിന്ന് കടം എന്ന പദമാണ് ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നത് എന്നു കാണാം.

മറ്റു ഭാഷകളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും സംയുക്തമായി ഫ്രഞ്ചിലേക്ക് തര്‍ജമ ചെയ്ത എക്കുമേനിക്കല്‍ എഡിഷനില്‍ ‘തെറ്റ്’ എന്നര്‍ത്ഥമുള്ള ‘തോര്‍’ എന്ന പദമാണുപയോഗിക്കുന്നത്. ജര്‍മനില്‍ പ്രസിദ്ധീകരിച്ച എക്കുമേനിക്കല്‍ എഡീഷനില്‍ ‘കുറ്റം’ എന്നര്‍ത്ഥമുള്ള ‘ഷുള്‍ഡ്’ എന്ന പദം  ഉപയോഗിക്കുന്നു. ‘കടം’ എന്നും വിവര്‍ത്തനം ചെയ്യാവുന്നതാണ് ഈ പദം. കടപ്പെട്ടിരിക്കുന്നു- കടക്കാരന്‍ എന്നും കുറ്റം ചെയ്തവന്‍- കുറ്റവാളി എന്നും അര്‍ത്ഥമുള്ളതാണ് ഈ പദം.

ഇറ്റാലിയന്‍ ഭാഷയില്‍ സംശയത്തിന് പഴുതില്ലാത്ത കടം- കടക്കാര്‍ എന്നര്‍ത്ഥം ‘ഡെബിറ്റ’, ‘ഡെബിറ്റോറി’ എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്. ഇതുപോലൊരു വൈവിധ്യം മലയാള വിവര്‍ത്തനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. പ്ശീത്താ (മാന്നാനം, 1978; വടവാതൂര്‍ 1987), ഓശാന (പാലാ 1983) എന്നിവ തെറ്റു ചെയ്യുന്നവര്‍- തെറ്റ് എന്ന് വിവര്‍ത്തനം ചെയ്യുന്നു. സത്യവേദപുസ്തകം (1910), പി.ഒ.സി ബൈബിള്‍ (1981) എന്നിവ കടങ്ങള്‍- കടക്കാര്‍ എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്. വളരെ ഹ്രസ്വമായ ഈ അന്വേഷണത്തില്‍നിന്ന് ഒരു നിഗമനത്തിലെത്താന്‍ കഴിയും. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിലെ കര്‍ത്തൃപ്രാര്‍ത്ഥനയില്‍ ഞങ്ങളുടെ കടക്കാരോട്- അഥവാ ഞങ്ങളോട് കടപ്പെട്ടിരിക്കുന്നവരോട്- ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ എന്ന വിവര്‍ത്തനമാണ് കൂടുതല്‍ സ്വീകാര്യം.

‘പാപങ്ങള്‍’ എവിടെനിന്ന്?

ക്ഷമയുടെ കാലത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. അത് വേറൊരു ലക്കത്തില്‍ ചര്‍ച്ച ചെയ്യാം എന്നു കരുതുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ചോദ്യത്തിന് ഉത്തരം പൂര്‍ണമായില്ല. കടങ്ങള്‍ എന്നാണ് ബൈബിളിലെങ്കില്‍ പിന്നെ ‘പാപങ്ങള്‍’ എവിടെനിന്നു വന്നു? എന്താണതിനര്‍ത്ഥം? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ലൂക്കാ എഴുതിയ സുവിശേഷത്തിലേക്ക് ശ്രദ്ധ തിരിക്കണം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ കര്‍ത്തൃപ്രാര്‍ത്ഥന താരതമ്യേന ഹ്രസ്വമാണെന്നും അതിന്റെ കാരണമെന്തെന്നും ആരംഭത്തില്‍ പറഞ്ഞുവെച്ചു.

ചോദ്യവിഷയമായ യാചന: “ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നു” എന്നാണ് പി.ഒ.സി വിവര്‍ത്തനം. ഇവിടെ ദൈവമനുഷ്യബന്ധത്തിലും മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തിലും വരുന്ന വീഴ്ചകളെ സൂചിപ്പിക്കാന്‍ രണ്ടു പദങ്ങളാണുപയോഗിച്ചിരിക്കുന്നത് എന്നതാണ് ആദ്യമേ ശ്രദ്ധയില്‍പെടുന്നത്.

ദൈവത്തോട് ക്ഷമ യാചിക്കുന്നത് പാപങ്ങള്‍ക്കുവേണ്ടിയാണ്, ‘ഹമര്‍ത്തിയാ’ എന്ന് ഗ്രീക്കുമൂലം. ദൈവത്തോടുള്ള ബന്ധത്തില്‍ മനുഷ്യന്‍ വരുത്തുന്ന വീഴ്ചകളാണ് ‘ഹമര്‍ത്തിയാ’, അഥവാ ‘പാപം’ എന്ന പദം സൂചിപ്പിക്കുന്നത്. ഇതിന്റെതന്നെ വിവിധ മേഖലകള്‍ കൂടുതല്‍ വിശദമായ പ~നം ആവശ്യപ്പെടുന്നുണ്ട്. അതിലേക്ക് പിന്നീട് വരാം. പ്രാര്‍ത്ഥനയില്‍ ‘പാപങ്ങള്‍’ എന്നു പറയാന്‍ കാരണം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈ പ്രയോഗമാണെന്നതില്‍ സംശയമില്ല. മിക്കവാറും എല്ലാ മലയാള വിവര്‍ത്തനങ്ങളും ഈ രണ്ടു വ്യത്യസ്ത പദങ്ങള്‍ ഉപയോഗിക്കുന്നു.

ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലെ ഔദ്യോഗിക കത്തോലിക്കാ- എക്യുമിനിക്കല്‍ വിവര്‍ത്തനങ്ങളിലെല്ലാം പാപം, കടക്കാര്‍ എന്ന വ്യത്യാസം നിലനിര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും ഭൂരിഭാഗം വിവര്‍ത്തനങ്ങളിലും പാപം- കടക്കാര്‍ എന്ന വ്യത്യാസം കാണാം. എന്നാല്‍ ജി.എന്‍, എന്‍.ഇ.ബി എന്നിവ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് തെറ്റു ചെയ്തവര്‍ എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്. പി.എസ്.ബി പാപം- പാപം ചെയ്യുന്നവര്‍ എന്ന് രണ്ടുതവണ ‘സിന്‍’ എന്ന പദംതന്നെ ഉപയോഗിക്കുന്നു.

ബാഹ്യമാത്രമായ ഈ അന്വേഷണത്തില്‍നിന്ന് വ്യക്തമായ ഒരു നിഗമനം ഉരുത്തിരിയുന്നു. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയ്ക്ക് രണ്ടു പതിപ്പുകളുണ്ട്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ കാണുന്ന കൂടുതല്‍ ദീര്‍ഘവും അതേസമയം സെമിറ്റിക് ശൈലി ഉള്‍ക്കൊള്ളുന്നതുമായ അവതരണമാണ് മൂലത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അനുവാചകര്‍ക്ക് എളുപ്പം ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തില്‍ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി അവതരിപ്പിച്ചിരിക്കുന്നു. പാപം- കടം എന്ന രണ്ടു വാക്കുകള്‍ വരുന്നത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്നാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെമാത്രം ആധാരമാക്കി പ്രാര്‍ത്ഥന എടുത്തവര്‍ കടങ്ങള്‍ എന്നുമാത്രം പറയുന്നു. ഇനി എന്താണ് ഈ കടങ്ങള്‍? എന്താണ് പാപങ്ങള്‍? അതിന് അല്‍പ്പംകൂടി ആഴമേറിയ വിശകലനം ആവശ്യമുണ്ട്. അത് മറ്റൊരു ലക്കത്തില്‍ ചര്‍ച്ച ചെയ്യും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?