Follow Us On

25

October

2020

Sunday

നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം

നാഴികക്കല്ലായി SW PRAYER; പ്രാർത്ഥനാശംസകൾ നേർന്ന് ആഗോള സഭാനേതൃത്വം

മക്അലൻ: മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണ ശുശ്രൂഷയിൽ നാഴികക്കല്ലായി ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ലോകജനതയ്ക്കുമുന്നിൽ മിഴിതുറന്നു. രാപ്പകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന മാധ്യമ സംരംഭമാണ് ‘ശാലോം വേൾഡ് പ്രയർ’. മഹാമാരി ലോകരാജ്യങ്ങളെ ഒന്നടങ്കം അലട്ടുമ്പോൾ കാലത്തിന്റെ വിളി തിരിച്ചറിഞ്ഞ് ശാലോം തുടക്കംകുറിച്ച സംരംഭത്തെ പ്രാർത്ഥനാശംസകളുമായി ആഗോള സഭ വരവേറ്റതും ശ്രദ്ധേയമായി.

ചിതറിക്കിടക്കുന്ന ദൈവജനത്തിലേക്ക് ചെന്നെത്തുക, ഒരുമിച്ചുചേർത്ത ദൈവജനത്തെ ശക്തീകരിക്കുക എന്നീ ലക്ഷ്യവുമായി ശുശ്രൂഷ ചെയ്യുന്ന ‘ശാലോം വേൾഡി’ന്റെ നാലാമത്തെ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’. മൂന്ന് റീജ്യണുകളിൽ (അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ) വെവ്വേറെയായിരുന്നു ചാനൽ ലോഞ്ചിംഗ്. അതത് രാജ്യത്തെ ബിഷപ്പുമാരുടെയും വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ക്രമീകരിച്ച ലോഞ്ചിംഗിൽ ‘ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം’ അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ വീഡിയോ സന്ദേശത്തിലൂടെ അണിചേർന്നതും ശ്രദ്ധേയമായി.

കോവിഡ് ബാധിതനായി വിശ്രമിക്കുന്നതിനിടയിലും ശാലോം ശുശ്രൂഷകളോടുള്ള കരുതലിന്റെ അടയാളമായാണ് ഫിലിപ്പൈൻസ് കർദിനാളായ ലൂയിസ് ടാഗ്ലേ വീഡിയോ സന്ദേശം നൽകിയത്. പ്രാർത്ഥനയിലൂടെ ദൈവവുമായി കൂടുതൽ അടുക്കാൻ ശാലോം വേൾഡ് പ്രയർ ഉപകരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യൂറോപ്പിൽ കിൽഡെയർ^ ലേഗ്‌ലിൻ രൂപതാ ബിഷപ്പ് ഡെന്നിസ് നൾട്ടിയും (Patron, Shalom Media, Ireland) ഓസ്ട്രലിയയിൽ ഹൊബാർട്^ ടസ്മാനിയ രൂപതാ ബിഷപ്പ് ജൂലിയൻ പോർട്ടിയസും (Patron, Shalom Media, Australia) അമേരിക്കയിൽ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തുമാണ് (Patron, Shalom Media, USA) ലോഞ്ചിംഗ് നിർവഹിച്ചത്.

പ്രാർത്ഥനകളിലൂടെ എല്ലായ്‌പ്പേഴും ദൈവത്തോടൊപ്പം ചരിക്കാനുള്ള വലിയ അവസരമാണ് പുതിയ ചാനലിലൂടെ ‘ശാലോം വേൾഡ്’ ഒരുക്കുന്നതെന്ന് മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ ശാലോം ചാനലുകൾ സ്പർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലിയാണ് ചാനൽ ലോഞ്ചിംഗ് നിർവഹിച്ചത്.

പ്രയർ ചാനൽ ലോകത്തിന് ഒരു അനുഗ്രഹമായി മാറട്ടെയെന്ന് ബിഷപ്പ് ഡെന്നിസ് നൾട്ടി ആശംസിച്ചു. ഭീതിയും അനിശ്ചിതത്വവും നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ, പ്രത്യാശയുടെ സന്ദേശം പകരുന്ന ഈ ചാനലിന് വലിയ പ്രസക്തിയുണ്ട്. ശാലോമിന്റെ ആത്മീയ ശുശ്രൂഷകളെല്ലാം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കും വിലക്കുകൾക്കുമിടയിൽതന്നെ പ്രാർത്ഥനകൾക്കുമാത്രമായി ഒരു മുഴുവൻ സമയ ചാനൽ യാഥാർത്ഥ്യമായി എന്നത് വലിയ ദൈവപദ്ധതിയുടെ ഭാഗമാണെന്ന് ബിഷപ്പ് ജൂലിയൻ പോർട്ടിയസ് പറഞ്ഞു.

നോർത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തെഫാനോസ് (Patron, Shalom Media, USA), ബ്രൗൺസ്‌വിൽ രൂപതാ സഹായമെത്രാൻ മാരിയോ അവിലെസ്, ഹാലാം രൂപതാ ബിഷപ്പ് റാൽഫ് ഹെസ്‌കെറ്റ് (Patron, Shalom Media, UK), യൂറോപ്പിലെ സീറോ മലബാർ വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ (Patron, Shalom Media, Australia) എന്നിവർ വിവിധ റീജ്യണുകളിൽ അനുഗ്രഹപ്രഭാഷണം നടത്തി.

സംഗീതത്തിലൂടെ വചനപ്രഘോഷണവേദിയിൽ തിളങ്ങുന്ന ഓസ്‌ട്രേലിയയിലെ ഫാ. റോബ് ഗാലിയ, ശാലോം മീഡിയ യു.എസ്.എയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മക്അലനിലെ ഡിവൈൻ മേഴ്‌സി ഇടവക വികാരി ഫാ. മാത്യു പുഞ്ചയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശാലോം മീഡിയ യു.എസ്.എ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ശാലോം മീഡിയ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ ജോസഫ് വർഗീസ്, ശാലോം വേൾഡ് പ്രോഗ്രാംസ് ഡയറക്ടർ റ്റീനാ മേരി എന്നിവർ സംസാരിച്ചു.

ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകൾ, യാമപ്രാർത്ഥനകൾ തുടങ്ങിയവ തത്‌സമയം ലഭ്യമാക്കുന്ന ചാനൽ അമേരിക്കയിലെ മക്അലനിൽനിന്നാണ് സംപ്രേഷണം ചെയ്യുന്നത്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകൾ തത്‌സമയം ലഭ്യമാക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി, ‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ സംപ്രേഷണം ചെയ്യുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത.

കൊറോണാ വ്യാപനംമൂലം ദൈവാലയങ്ങളിലെത്തി ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായപ്പോൾ, ദിവ്യബലി അർപ്പണത്തിന്റെ തത്‌സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാൻ ആരംഭിച്ച ‘ലൈവ് ഡെയ്‌ലി മാസ്’ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’ ചാനലിന് പ്രചോദനമായത്. 2014 ഏപ്രിൽ 27ന് സംപ്രേഷണം ആരംഭിച്ച ‘ശാലോം വേൾഡ് ടി.വി’ നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങളിലേക്കാണ് ഇപ്പോൾ എത്തുന്നത്.

ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് തികച്ചും സൗജന്യമായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: swprayer.org

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?