Follow Us On

20

October

2020

Tuesday

വൈദിക സഹോദരങ്ങളേ, നിങ്ങളുടെ സമർപ്പണം സഭയെ കരുപ്പിടിപ്പിക്കും: പാപ്പ

വൈദിക സഹോദരങ്ങളേ, നിങ്ങളുടെ സമർപ്പണം സഭയെ കരുപ്പിടിപ്പിക്കും: പാപ്പ

റോം: പ്രായാധിക്യവും രോഗംമൂലവും കഷ്ടതയനുഭവിക്കുന്ന വൈദിക സഹോദരങ്ങളുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി അർപ്പിച്ചും അവർക്കായി പ്രത്യേകം പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ ലൊമ്പാർഡിയ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കരവാജിയോയിലെ ദൈവമാതാവിന്റെ ബസിലിക്കയിൽ സംഘടിപ്പിച്ച വൃദ്ധവൈദികരുടെ സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ അവർക്ക് പ്രാർത്ഥനാശംസകൾ നേർന്നത്. പ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം സഭയിലെ രണ്ടാം തരമല്ലാത്ത ശുശ്രൂഷയാണെന്നും പാപ്പ പ്രസ്താവിച്ചു.

പ്രായാധിക്യത്താൽ ശാരീരികമായി തളരുകയും രോഗങ്ങളുടെ വേദന അനുഭവിക്കുകയും ചെയ്യുന്ന വൈദികജീവിതങ്ങൾ ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്ത സ്‌നേഹത്തിന്റെ സാക്ഷ്യമാണ്. അജപാലനമേഖലയിൽ ത്യാഗപൂർവം ജീവിച്ച ഇവരുടെ സായംപ്രഭയിലെ ജീവിതം നിശബ്ദമായ സുവിശേഷ സാക്ഷ്യമാണ്. ഇവരുടെ സജീവമായ സമർപ്പണവും അതിന്റെ ഓർമയും സഭയുടെ ഭാവി കരുപ്പിടിപ്പിക്കാൻ പോരുന്നതാണെന്ന സത്യം ഞാൻ നന്ദിയോടെ സ്മരിക്കുന്നു.

മഹാമാരിയുടെ ഇക്കാലഘട്ടം എല്ലാവർക്കും ക്ലേശകരമായിരുന്നതുപോലെ, പ്രായമായ വൈദികർ അതിലേറെ അടച്ചുപൂട്ടലും ഏകാന്തതയും അനുഭവിക്കുന്നുണ്ടാകും. ആരെയും മരവിപ്പിക്കുന്ന നിശബ്ദതയുടെയും ശൂന്യതയുടെയും കഠിനമായ ദിനങ്ങളിൽ ദൈവത്തിങ്കലേക്ക് ദൃഷ്ടികൾ ഉയർത്തി എല്ലാവരും കാരുണ്യത്തിനായി വിളിച്ചപേക്ഷിക്കണം. സർവരും ദൈവകൃപ നവീകരിക്കുന്ന ഒരു സമയമാവട്ടെ ഇത്.

നമ്മുടെ ബലഹീനതകളെ ദൈവം ശുദ്ധിചെയ്യുന്നതിനുള്ള മനസിന്റെ തുറവു കാണിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. വൈദികരുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയ്ക്ക് പ്രായമായ വൈദികസഹോദരങ്ങളെ സമർപ്പിച്ചും ഈ മഹാമാരിയിൽ മരണമടഞ്ഞ വൈദികരെ പ്രത്യേകം സ്മരിച്ചുമാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?