Follow Us On

20

October

2020

Tuesday

നേപ്പിൾസ് കത്തീഡ്രൽ സാക്ഷി; വിശുദ്ധന്റെ രക്തം വീണ്ടും ഒഴുകി!

നേപ്പിൾസ് കത്തീഡ്രൽ സാക്ഷി; വിശുദ്ധന്റെ രക്തം വീണ്ടും ഒഴുകി!

റോം: ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.02ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം ഇത്തവണയും സംഭവിച്ചത്. രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസത്തെ വിവരിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

നേപ്പിൾസ് ആർച്ച്ബിഷപ്പ് കർദിനാൾ ക്രസൻസിയോ സെപ്പെയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെയും കരുണയുടെയും അടയാളമാണ് ഈ അത്ഭുതമെന്ന് കർദിനാൾ പ്രസ്താവിച്ചു. കൊറോണാ പ്രോട്ടോക്കാൾമൂലം അസംപ്ഷൻ ഓഫ് മേരി കത്തീഡ്രലിൽ കുറച്ചുപേർക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. കത്തീഡ്രലിന് അകത്തും പുറത്തുമായി നിലയുറപ്പിച്ച വിശ്വാസികൾ കരഘോഷത്തോടെയാണ് ഈ അറിയിപ്പിനെ വരവേറ്റത്. ജാനുയേരിയസിന്റെ രക്തകട്ട സൂക്ഷിച്ചിരിക്കുന്ന പേടകം അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്തു.

വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാൾ ദിനമായ സെപ്റ്റംബർ 19, മേയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബർ 16 എന്നിവയാണ് ആ ദിനങ്ങൾ. 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പ ഇവിടെ സന്ദർശനം നടത്തിയപ്പോൾ രക്തകട്ടയുടെ പകുതി ഭാഗം ദ്രാവമായി മാറിയതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് (നാലാം നൂറ്റാണ്ട്) മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച പുണ്യാത്മാവാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയിൽ ശേഖരിച്ചത്. 1389മുതൽ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?