Follow Us On

25

October

2020

Sunday

ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നാൽ?

ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നാൽ?

ദൈവീകസാന്നിധ്യത്തിൽനിന്ന് നാം അകന്നാൽ മാത്രമേ നമ്മുടെമേൽ തിന്മയ്ക്ക് അധിപത്യം ചെലുത്താനാകൂ. അതിനാൽ, നുണയനും നുണകളുടെ പിതാവുമായ സാത്താൻ ആദ്യം ചെയ്യുന്നത് ദൈവസാന്നിധ്യത്തിൽനിന്ന് നമ്മെ അകറ്റാനുള്ള പണികളാവും എന്നത് എപ്പോഴും ഓർമയിലുണ്ടാകണം.

ജോബോയി

ദൈവം ആദത്തെയും ഹവ്വയെയും ഏദന്‍തോട്ടത്തില്‍ ആക്കിയതിനുശേഷം, ചെയ്യരുതെന്ന് പറഞ്ഞ ഒരു കാര്യം ഉല്‍പ്പത്തി പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കാണാനാകും. അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നുമായിരുന്നു അത്.

ഒരു ദിവസം എന്റെ ഭവനത്തിലെ പ്രാര്‍ത്ഥനക്കുശേഷം മകന്‍ എന്നോട് ചോദിച്ചു: ദൈവം അങ്ങനെ കഠിനമായി പറഞ്ഞുവെങ്കിലും പറഞ്ഞതുപോലെ സംഭവിച്ചില്ലല്ലോ; ആ വൃക്ഷത്തിലെ ഫലം തിന്നിട്ടും അവര്‍ രണ്ടു പേരും മരിച്ചില്ലല്ലോ?

എന്നാല്‍, സത്യത്തില്‍ മരണം സംഭവിച്ചു. ദൈവീകജീവന്‍ നഷ്ടമായി ആത്മീയമായി അവര്‍ മരിച്ചു. അതുകൊണ്ടുണ്ടായ നഷ്ടം എത്രയോ വലുതായിരുന്നു. ദൈവസാന്നിധ്യത്തില്‍നിന്നും ആദ്യ മാതാപിതാക്കള്‍ ഓടിയൊളിച്ചു. തങ്ങളെ സൃഷ്ടിച്ച ദൈവത്തില്‍നിന്ന് ഓടിയകലാന്‍ പാപം അവരെ പ്രേരിപ്പിച്ചു.

ദൈവീകസാന്നിധ്യത്തില്‍നിന്ന് ഒരുവന്‍ മാറിനില്‍ക്കുമ്പോളാണ് തിന്മയ്ക്കു അവന്റെമേല്‍ അധികാരമുണ്ടാകുക. അതുകൊണ്ട് തിന്മ നമ്മില്‍ പ്രവേശിക്കാന്‍ ആദ്യം നമ്മെ ദൈവത്തിന്റെ മേല്‍നോട്ടത്തില്‍നിന്ന് മാറ്റുകയാണ് ചെയ്യുക. നമ്മെ തനിച്ചാക്കാന്‍ സാത്താന്‍ ശ്രമിക്കും. നമ്മുടെ മനസ്സില്‍ അങ്ങനെയൊരു ചിന്ത അവന്‍ സൃഷ്ടിക്കും.

നമ്മുടെ ആന്തരികനേത്രങ്ങള്‍ അടച്ചുകളയുന്ന ഈ തിന്മ നമ്മില്‍ ഏതെങ്കിലും വിധത്തില്‍ പ്രവേശിച്ചാല്‍ നാം തിന്മയുടെ നിയന്ത്രണത്തിലായി എന്നു മനസ്സിലാക്കി കൊള്ളുക. പിന്നീട് നാം എല്ലാം തനിയെ ചെയ്യുന്ന വ്യക്തികളായി മാറും. ദൈവകൃപയല്ല നമ്മില്‍ അധ്വാനിക്കുന്നത് എന്ന ചിന്ത നമ്മെ ഭരിക്കാന്‍ തുടങ്ങും. അങ്ങനെ നമ്മില്‍ എല്ലാവിധ തിന്മകളും കൂടുകൂട്ടാന്‍ തുടങ്ങും.

പിന്നെ ആദ്യം നാം നമ്മെ തന്നെ ന്യായീകരിക്കാന്‍ തുടങ്ങും. നാമല്ല ഈ തിന്മയ്ക്കു കാരണം എന്നു ചിന്തിപ്പിക്കും. എല്ലാവരും ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് എന്ന ചിന്തയാണ് പിന്നെ നമ്മെ ഭരിക്കുക. നമ്മുടെ പുറകെ നമ്മെ തേടി വരുന്ന ദൈവീകസാന്നിധ്യത്തെ കാണാന്‍ നമുക്ക് സാധിക്കാതെവരും.  പ്രാര്‍ത്ഥനയില്‍നിന്നുവരെ അകലും.

പ്രാര്‍ത്ഥനകളിലും ദൈവാലയ കര്‍മങ്ങളിലും ആദ്യമൊക്കെ പങ്കുകൊള്ളുമെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ നമ്മുടെ ചിന്ത ലോകകാര്യങ്ങളിലാകും. ക്രമേണ തിന്മ നമ്മെ കീഴടക്കും. മൂക്കത്താണ് അരിശം എന്നൊക്കെ കേട്ടിട്ടില്ലേ? എല്ലാവരെയും ന്യായീകരിച്ച് ആരെയും അംഗീകരിക്കാനാകാതെ നാം തളരും.

ദൈവീകസാന്നിധ്യത്തില്‍ ആയിരുന്ന ആദത്തിന് ഹവ്വ തന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായിരുന്നു. എന്നാല്‍, ആ സാന്നിധ്യത്തില്‍ നിന്നകന്നപ്പോള്‍ തന്റെകൂടെ തന്നെയായിരുന്ന ഹവ്വാ കാരണമാണ് പാപം ചെയ്തതെന്നു പറയാനും ദൈവത്തെതന്നെ കുറ്റപ്പെടുത്തി സംസാരിക്കാനും ആദം തയാറാകുന്ന ചിത്രമാണ് ബൈബിള്‍ നമുക്കുമുമ്പില്‍ കൊണ്ടുവരുന്നത്.

സാത്താന്റെ ഈ കുടിലതന്ത്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? നിന്നെ തകര്‍ക്കാന്‍ അവന്‍ ഒരുക്കിയ ഈ കെണിയില്‍നിന്ന് രക്ഷപെടാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ശ്രവിക്കാം ഈ തിരുലിഖിതങ്ങള്‍:

“എന്തെന്നാല്‍ ഞാന്‍ ധനവാനാണ്, എനിക്കു സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും, നഗ്‌നനും ആണെന്ന് നീ അറിയുന്നില്ല. ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്ധി വരുത്തിയ സ്വര്‍ണം എന്നോട് വാങ്ങുക; നിന്റെ നഗ്‌നത മറ്റുള്ളവര്‍ കണ്ടു നീ ലജ്ജിക്കാതിരിക്കാന്‍ ശുഭ്ര വസ്ത്രങ്ങള്‍ എന്നോട് വാങ്ങുക; കാഴ്ച ലഭിക്കുന്നതിന് കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോട് വാങ്ങുക. ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തീഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേയ്ക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും. ഞാന്‍ വിജയം വരിച്ചു എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയം വരിക്കുന്നവനെ എന്നോടൊത്തു എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും. ആത്മാവ് സഭകളോട് അരുളിചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ,” (വെളി. 3:17-22)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?