Follow Us On

28

March

2024

Thursday

ബിഷപ്പ് മാർട്ടിൻ ഹയ്‌സ്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കിൽമോർ രൂപതയ്ക്ക് പുതിയ ഇടയൻ

ബിഷപ്പ് മാർട്ടിൻ ഹയ്‌സ്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കിൽമോർ രൂപതയ്ക്ക് പുതിയ ഇടയൻ

ഡബ്ലിൻ: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള, അയർലൻഡിലെ കിൽമോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് മാർട്ടിൻ ഹയ്‌സ് അഭിഷിക്തനായി. അയർലൻഡിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ജൂഡ് തദേവൂസ് ഒക്കോലോ, ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും അർമാ ആർച്ച്ബിഷപ്പുമായ എയ്മൻ മാർട്ടിൻ എന്നിവരുടെ കാർമികത്വത്തിൽ സെന്റ് പാട്രിക് ആൻഡ് സെന്റ് ഫെലിം കത്തീഡ്രലിലായിരുന്നു അഭിഷേക കർമം.

വചനസന്ദേശത്തിനുശേഷം, മോൺ. മാർട്ടിൻ ഹയ്‌സിനെ രൂപതാധ്യക്ഷനായി ഉയർത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഡിക്രി വായിച്ചു. തുടർന്നായിരുന്നു അഭിഷേകകർമം. ഇടയദൗത്യത്തിന്റെ അടയാളമായ സ്ഥാനിക മോതിരവും ദണ്ഡും അണിയിച്ചു. ‘അവിടുത്തെ കാരുണ്യം അനന്തമാണ്,’ എന്ന തിരുവചനമാണ് ബിഷപ്പ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് ലിയോ ഒ റെയ്‌ലി വിരമിച്ചതിനെ തുടർന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്.

ദിവ്യകാരുണ്യത്തിലൂടെ യേശുവിനെ സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പ്രചോദിതരാകുകയും ചെയ്യുന്ന നാം പരസ്പരം കരുതലുള്ളവരാകാനും സ്‌നേഹിക്കാനുമാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബിഷപ്പ് മാർട്ടിൻ ഹയ്‌സ് പറഞ്ഞു. ദൈവം നമ്മെ അധികമായി സ്‌നേഹിക്കുന്നു. അതിനാൽ ഈ കാലം ഉയർത്തുന്ന പ്രതിസന്ധികളിൽ തളരരുതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിൻ വചനസന്ദേശം പങ്കുവെച്ചു. മനുഷ്യന്റെ അന്തസിനും മനുഷ്യജീവിതത്തിന്റെ സംരക്ഷണത്തിനുമായി ശബ്ദമുയർത്താൻ ഭയപ്പെടരുതെന്ന് പറഞ്ഞ അദ്ദേഹം, ധാർമികതയ്ക്ക് വിരുദ്ധമായ നീക്കങ്ങൾക്കെതിരെ സധൈര്യം നിലയുറപ്പിക്കണമെന്നും ഓർമിപ്പിച്ചു. സമാധാനത്തിനും നീതിക്കും ദരിദ്രർക്കും ഭവനരഹിതരായവർക്കും അഭയാർത്ഥികൾക്കുംവേണ്ടി നിലകൊള്ളണം.

മാറ്റത്തിനും പരിവർത്തനത്തിനും പ്രചോദനമേകാൻ മനുഷ്യഹൃദയത്തെ സ്പർശിക്കുംവിധം സുവിശേഷസത്യങ്ങൾ ക്ഷമയോടും കരുണയോടുംകൂടെ ദൈവജനത്തോട് പങ്കുവെക്കണം. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ എളിമയും വിനയവുമുള്ള തോട്ടക്കാരനായി, കർത്താവിന്റെ സഹായവും പരിശുദ്ധ അമ്മയുടെ സംരക്ഷണവും എപ്പോഴും ആവശ്യമുള്ള ഉപകരണമായി മാറാൻ പുതിയ ഇടയന് സാധിക്കട്ടെയെന്നും ആർച്ച്ബിഷപ്പ് ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?