Follow Us On

28

March

2024

Thursday

തിരിച്ചറിഞ്ഞിട്ടുണ്ടോ ദൈവീക സംരക്ഷണത്തിന്റെ കരുത്ത്?

ജോബോയി

തിരിച്ചറിഞ്ഞിട്ടുണ്ടോ ദൈവീക സംരക്ഷണത്തിന്റെ കരുത്ത്?

അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ മാത്രമല്ല, തനിക്കുചുറ്റുമുള്ള മനുഷ്യരെയും ‘പാഠം’ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഓരോ വിശ്വാസിയും പഠിക്കേണ്ട ഒരു പാഠം പങ്കുവെക്കുന്നു ലേഖകൻ.

നമ്മെ അടിമുടി മാറ്റാനുതകുന്ന ചിന്തകൾ പുറപ്പെടുവിക്കുന്ന ജീവന്റെ പുസ്തകമാണ് ബൈബിൾ. എത്രമാത്രം ചിന്തിച്ചാലും തീരാത്ത അമൂല്യനിധിയുടെ ഉറവിടവുമാണ് ബൈബിൾ. അത് നാം വായിക്കാത്ത, ധ്യാനിക്കാത്ത ദിവസമുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധിയുടെ പ്രധാനകാരണം.

അതുകൊണ്ടുതന്നെ എന്നും അതിരാവിലെ ദൈവസ്വരം കേൾക്കുന്നവന്റെ ജീവിതം വലിയ സുരക്ഷിതത്വത്തിന്റെ കീഴിലാണെന്ന് പറയാതെ വയ്യ. എന്നും ഒരു പ്രാവശ്യമെങ്കിലും സംസാരിക്കുന്നവൻ ഏതെങ്കിലും കാര്യത്താൽ നിശ്ശബ്ദനായാൽ അത് നമ്മെ പ്രയാസപ്പെടുത്തും. വചനം വായിക്കാത്ത ദിവസം നിനക്ക് മനസ്സിൽ ഏതെങ്കിലും വിധത്തിൽ പ്രയാസം ഉണ്ടാകുന്നില്ലങ്കിൽ നീയും ഈശോയും തമ്മിലുള്ള ബന്ധം അതിനാൽതന്നെ അറിയാനാവും.

ഉൽപ്പത്തി ഒന്നാം അധ്യായം ഒന്നാം വാക്യം പറയുന്നു: ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ദൈവത്തിന്റെ ചൈതന്യം അവയുടെമേൽ ചലിച്ചുകൊണ്ടിരുന്നുവെന്നും നമുക്ക് വായിക്കാനാകും. അതായത് ശൂന്യമായിരുന്ന, രൂപ രഹിതമായിരുന്ന ഭൂമിയെ നിറയ്ക്കാനും രൂപമുണ്ടാക്കാനും ദൈവത്തിന്റെ ചൈതന്യം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അപ്പോൾ ദൈവാത്മാവിന്റെ പ്രവർത്തനമാണ് ഭൂമിയെ രൂപപ്പെടുത്തിയത്, നിറച്ചത് എന്ന് വ്യക്തം.

ഉൽപ്പത്തി പുസ്തകം ഒന്നാം അധ്യായം 26 മുതലുള്ള വചനം വായിക്കുമ്പോഴാണ് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന മനോഹരമായ ദൃശ്യം കാണുക. അവൻ മനുഷ്യനെ സൃഷ്ടിച്ചത് അവന്റെ ഛായയിലും സാദൃശ്യത്തിലുമാണെന്നാണ് അവിടെ പറയുന്നത്. ദൈവം ആഗ്രഹിക്കുന്ന ഛായയും സാദൃശ്യവും നമുക്ക് ലഭിക്കുന്നത് അവിടുത്തെ ചൈതന്യം നമ്മിൽ പ്രവർത്തിക്കുമ്പോഴാണ്, അല്ലെങ്കിൽ നാം വെറും ഉപയോഗശൂന്യമായ അവസ്ഥയിലേയ്ക്ക് താഴ്ത്തപ്പെട്ടേക്കാം.

ഇത് മനസ്സിലാക്കാൻ ധ്യാനത്തിൽ കേട്ട ഒരു കാര്യം ഇവിടെ കുറിക്കട്ടെ:
കോഴി തന്റെ ഛായയിലാണോ മുട്ട സൃഷ്ടിച്ചത്? കോഴിമുട്ട ഒരു പ്രത്യേക അനുപാതത്തിൽ ചൂട് കൊടുത്താൽ മുട്ട വിരിയും. എന്നാൽ അതിലും നല്ലത് കോഴി അടയിരുന്ന് മുട്ടവിരിയിക്കുന്നതാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. പരുന്തു വരുമ്പോൾ ശീൽക്കാരശബ്ദത്തോടെ അതിനെ ഓടിക്കുന്നത് കാണുമ്പോൾ, ചിറകു വിടർത്തി അതിനടിയിൽ കുഞ്ഞുങ്ങളെ ഒളിപ്പിക്കുന്നത് കാണുമ്പോൾ സ്വന്തം ചൂടുപകർന്ന് ജന്മമേകിയ അമ്മയുടെ കരുതൽ ദൃശ്യമാകും.

കോഴികുഞ്ഞുങ്ങൾക്ക് കിട്ടുന്ന ആ രക്ഷപോലെ നമ്മെ കാക്കുന്ന ദൈവീക സംരക്ഷണയിലേയ്ക്കു നാം തിരിച്ചുചെല്ലുമ്പോൾ കിട്ടുന്ന സുഖം വലുതാണ്. അതിനായി നമുക്ക് ദൈവീകചൈതന്യത്തിന്റെ തണലിൽ ആയിരിക്കാം. അവൻ പൂർണനായിരിക്കുന്നതുപോലെ നമ്മെ പൂർണനാക്കാൻ ആഗ്രഹിക്കുന്ന ദൈവപിതാവിന്റെ ചിറകിനടിയിൽ നമുക്കഭയം തേടാം. അലറുന്ന പിശാചിന്റെ കരങ്ങളിൽനിന്ന് രക്ഷനേടാൻ അവിടുത്തെ ചിറകിനടിയിലേയ്ക്ക് നമുക്ക് ഓടിക്കയറാം. ആ സംരക്ഷണയിലിരുന്ന് നമുക്ക് നമ്മുടെ അസ്വസ്ഥതകൾ, പാപഭാരങ്ങൾ ഇറക്കിവെക്കാം. പുതുചൈതന്യം പ്രാപിച്ച് നമുക്ക് മുന്നേറാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?