Follow Us On

20

October

2020

Tuesday

പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

പരിസ്ഥിതി ലോലപ്രദേശം  സംബന്ധിച്ച കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയിലെ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റിവ് സോണ്‍ കരട് വിജ്ഞാപനങ്ങള്‍ കേരളജനതയെ ആകമാനം ആശങ്കയിലാഴ്ത്തുന്നതാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കോഴിക്കോട്, വയനാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഗസ്റ്റ് അഞ്ചിനാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. പിന്നാലെ, എറണാകുളത്ത് ഹൈക്കോടതിക്ക് പിന്നിലുള്ള 2.74 ഹെക്ടര്‍ വിസ്തൃതിയുള്ള മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ കരട് വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്.

രണ്ട് ജില്ലകളിലായുള്ള പതിമൂന്ന് റവന്യൂ വില്ലേജുകളെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതാണ് മലബാര്‍ വന്യജീവി സങ്കേതം സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും, നിയമവശങ്ങളും പാലിക്കാതെയാണ് ഈ കരട് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത് എന്നുള്ള പരാതികള്‍ വ്യാപകമാണ്. പ്രസ്തുത വിജ്ഞാപനമനുസരിച്ച് എക്കോ സെന്‍സിറ്റിവ് സോണ്‍ നിലവില്‍ വന്നാല്‍, നിയമാനുസൃത സ്ഥലമുടമകളായ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെയും എണ്ണമറ്റ സ്ഥാപനങ്ങളെയും അത്യന്തം ഗുരുതരമായി അത് ബാധിക്കും. മറ്റൊന്ന്, കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റ് വന്യജീവി സങ്കേതങ്ങള്‍ ഉണ്ടായിരിക്കെ, ഈ വനമേഖലയെ ആദ്യം പരിഗണിച്ചതിന് പിന്നില്‍ ചില ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയുമുണ്ട്.

കൃഷികള്‍ക്കും, അത്യാവശ്യ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റുമുള്ള നിയന്ത്രണം മുതല്‍ കാര്‍ഷികാനുബന്ധ ചെറുകിട വ്യവസായങ്ങള്‍ക്കും കോഴി, ഡയറി, മല്‍സ്യ ഫാമുകള്‍ക്കുള്ള നിരോധനം വരെ പ്രാബല്യത്തില്‍ വന്നേക്കും. ഫലത്തില്‍ സ്ഥലവില്‍പ്പനപോലും നടക്കാതെ എല്ലാമുപേക്ഷിച്ചുള്ള വലിയൊരു കുടിയിറക്കായിരിക്കും സമീപഭാവിയില്‍ കാണേണ്ടിവരിക. ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത് മൂലം സാധാരണ ജനങ്ങള്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ട അനുഭവങ്ങള്‍ ഗൂഡല്ലൂര്‍, മഹാബലേശ്വര്‍ തുടങ്ങിയയിടങ്ങളില്‍ നമുക്ക് മുന്നില്‍ മാതൃകകളായുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തില്‍, ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കരട് വിജ്ഞാ പനവും പിന്‍വലിക്കേണ്ടതാണ്.

എക്കോ സെന്‍സിറ്റിവ് സോണിന്റെ പരിധി വനാതിര്‍ത്തി ക്കുള്ളില്‍ മാത്രമായി ചുരുക്കണം. പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ഷക ദ്രോഹപരമാകാതെ നടപ്പാക്കാനുള്ള രീതികള്‍ സര്‍ക്കാര്‍ അവലംബിക്കണം. മലബാര്‍ വന്യജീവി സങ്കേതം സംബന്ധിച്ചുള്ള കരട് വിജ്ഞാപനത്തിന്മേല്‍ അഭിപ്രായ രൂപീകരണം നടത്താനും, പരാതി സമര്‍പ്പിക്കാനുമുള്ള കാലാവധി പ്രസിദ്ധീകരണ തീയതിയായ ഓഗസ്റ്റ് അഞ്ച് മുതല്‍ അറുപത് ദിവസമാണ്. കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുള്ള ഈ തീരുമാനം തിരുത്തുവാന്‍ കേരള ജനത ഒറ്റക്കെട്ടായി ഇടപെണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?