Follow Us On

20

October

2020

Tuesday

കുടുംബങ്ങളിൽ ജപമാലയർപ്പണം ശക്തമാക്കണം; ആഹ്വാനവുമായ് ഐറിഷ് സഭാധ്യക്ഷൻ

കുടുംബങ്ങളിൽ ജപമാലയർപ്പണം ശക്തമാക്കണം; ആഹ്വാനവുമായ് ഐറിഷ് സഭാധ്യക്ഷൻ

ഡബ്ലിൻ: മഹാമാരിയുടെ ഈ ദിനങ്ങളിൽ ജപമാല അർപ്പണത്തിലൂടെ ആത്മീയപ്രതിരോധം ശക്തമാക്കാൻ കുടുംബങ്ങൾക്ക് ആഹ്വാനം നൽകി ഐറിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിൻ. കിൽമോർ രൂപതാ ബിഷപ്പായി മാർട്ടിൻ ഹയ്‌സ് അഭിഷിക്തനാകുന്ന തിരുക്കർമത്തിൽ വചനസന്ദേശം നൽകവേയാണ്, അയർലൻഡിലെ കുടുംബങ്ങൾ ഒന്നടങ്കം ജപമാല അർപ്പണത്തിന് പ്രാധാന്യം നൽകണമെന്ന് അർമാ അതിരൂപതാധ്യക്ഷൻകൂടിയായ അദ്ദേഹം ഓർമിപ്പിച്ചത്.

‘നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും കൊറോണമൂലം ആരോഗ്യവും ജീവിതോപാധികളും നഷ്ടപ്പെട്ടവർക്കുവേണ്ടിയും നമുക്ക് ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ട, ജപമാല മാസമായി സഭ ആചരിക്കുന്ന ഒക്‌ടോബറിൽ നമ്മുടെ വീടുകളിൽ കൂടുതൽ തീക്ഷ്ണതയോടെ ജപമാല അർപ്പിക്കാം. ഒക്‌ടോബറിലെ ഓരോ ദിവസവും ജപമാലയുടെ ഒരു രഹസ്യമെങ്കിലും അർപ്പിക്കാൻ നാം ശ്രദ്ധിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ്പ് മാർട്ടിൻ ഹയ്‌സിന് ആശംസകൾ നേർന്ന ആർച്ച്ബിഷപ്പ് എയ്മൻ മാർട്ടിൻ, ധാർമികതയ്ക്ക് വിരുദ്ധമായ നീക്കങ്ങൾക്കെതിരെ സധൈര്യം നിലയുറപ്പിക്കണമെന്നും ഓർമിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും ഭാവിയിലും ഐക്യം വളർത്താനും കൂട്ടായ്മ ശക്തിപ്പെടുത്താനും പരിശ്രമിക്കണം. മാറ്റത്തിനും പരിവർത്തനത്തിനും പ്രചോദനമേകുംവിധം സുവിശേഷസത്യങ്ങൾ ക്ഷമയോടും കരുണയോടുംകൂടെ ദൈവജനത്തോട് പങ്കുവെക്കണം.

മനുഷ്യന്റെ അന്തസിനും മനുഷ്യജീവിതത്തിന്റെയും സംരക്ഷണത്തിനായി ശബ്ദമുയർത്താൻ ഭയപ്പെടരുത്. പ്രത്യേകിച്ചും ധാർമികതയ്ക്ക്‌ വിരുദ്ധമായ ഗർഭച്ഛിദ്രം, ദയാവധം എന്നിവയ്‌ക്കെതിരെയും നീതിക്കും സമാധാനത്തിനും വേണ്ടിയും പോരാടണം. ദരിദ്രരോടും ഭവനരഹിതരോടും കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും മറ്റ് ദുർബലരുമായവരോടും അനുകമ്പയും ഐക്യദാർഢ്യവും പുലർത്തണമെന്നും ആർച്ച്ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?