Follow Us On

28

October

2020

Wednesday

ദിവ്യകാരുണ്യം സഭയുടെ ജീവിത, ദൗത്യങ്ങളുടെ ഉറവിടം: പാപ്പ

ദിവ്യകാരുണ്യം സഭയുടെ ജീവിത, ദൗത്യങ്ങളുടെ ഉറവിടം: പാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെ ജീവിത, ദൗത്യങ്ങളുടെ ഉറവിടം പരിശുദ്ധ ദിവ്യകാരുണ്യമാണെന്ന ബോധ്യത്തോടെ മുന്നേറണമെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ അടുത്തവർഷം സമ്മേളിക്കുന്ന ‘അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസി’ന്റെ ഒരുക്കത്തിൽ ആധ്യാത്മിക ഐക്യത്തോടെ മുന്നേറാനും പാപ്പ ആഹ്വാനം ചെയ്തു.

മഹാമാരിയെ തുടർന്ന് ദിവ്യകാരുണ്യ കോൺഗ്രസ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച കാര്യം അനുസ്മരിച്ചുകൊണ്ട്, പൊതുദർശന സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മഹാമാരിക്ക് മുമ്പുള്ള പദ്ധതിപ്രകാരം ഈ ദിനങ്ങളിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടക്കേണ്ടതായിരുന്നു.

‘ഈ ആത്മീയ ദിനങ്ങൾക്കായി ഒരുക്കത്തോടെ കാത്തിരുന്ന വൈദികർക്കും സമർപ്പിതർക്കും വിശ്വാസീസമൂഹത്തിനും ഞാൻ പ്രാർത്ഥനകൾ നേരുന്നു. ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഉറവിടമാണെന്ന ബോധ്യത്തോടെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനുള്ള ഒരുക്കത്തിൽ നാം ആധ്യാത്മിക ഐക്യത്തോടെ മുന്നേറണം,’ പാപ്പ വിശ്വാസീസമൂഹത്തെ ക്ഷണിച്ചു.

ഈ സെപ്തംബർ 13മുതൽ 20വരെ നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് 2021 സെപ്തംബർ അഞ്ചു മുതൽ 12വരെയുള്ള തിയതികളിലേക്ക് പുനക്രമീകരിച്ചിരിക്കുന്നത്. പാപ്പയ്‌ക്കൊപ്പം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനുവേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയും ഹംഗേറിയൻ മെത്രാൻ സമിതിയും ചേർന്ന് ഏപ്രിലിൽതന്നെ പുതിയ തിയതി പ്രഖ്യാപിക്കുകയായിരുന്നു.

‘ജീവന്റെ ഉറവകൾ’ എന്നതാണ് 52-ാമത് ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആപ്തവാക്യം. ബുഡാപെസ്റ്റിലെ ഫെരെങ്ക് പുസ്‌കസ് സ്റ്റേഡിയമാണ് എട്ടു ദിനം നീണ്ടുനിൽക്കുന്ന ഈ ആത്മീയസംഗമത്തിന് വേദിയാകുന്നത്. 100ൽപ്പരം രാജ്യങ്ങളിൽനിന്ന് പ്രതിനിധിസംഘങ്ങളും സഭാദ്ധ്യക്ഷന്മാരും സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കത്തോലിക്കാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് വിക്ടർ ഓർബന്റെ സാന്നിധ്യവും സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്.

ലിയോ 13-ാമൻ പാപ്പയുടെ കാലഘട്ടത്തിൽ 1881ലാണ് ആദ്യത്തെ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്. ഫ്രാൻസായിരുന്നു വേദി. ഫിലിപ്പെൻസിലെ സെബുവാണ് ഏറ്റവും ഒടുവിൽ (2016) ദിവ്യകാരുണ്യ കോൺഗ്രസിന് വേദിയായത്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഹംഗറി വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്. 1938ലും ഹംഗറിയായിരുന്നു വേദി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?