Follow Us On

25

October

2020

Sunday

ദയാവധം നരഹത്യതന്നെ; ആവർത്തിച്ചുറപ്പിച്ച് വത്തിക്കാൻ തിരുസംഘം

ദയാവധം നരഹത്യതന്നെ; ആവർത്തിച്ചുറപ്പിച്ച് വത്തിക്കാൻ തിരുസംഘം

വത്തിക്കാൻ സിറ്റി: ദയാവധം നരഹത്യയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന നിലപാട് ആവർത്തിച്ചുറപ്പിച്ച് വത്തിക്കാൻ. ചികിത്സകൊണ്ട് കാര്യമില്ല എന്നതിന്റെ അർത്ഥം പരിചരണം അവസാനിപ്പിക്കാം എന്നല്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘സമരിത്താനൂസ് ബോനുസ്’ എന്ന നയരേഖയിലൂടെയാണ്, ദയാവധത്തെ പൂർണമായും തള്ളികളയുന്ന നിലപാട് വത്തിക്കാൻ ആവർത്തിച്ചത്.

ചികിത്‌സകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്ന രോഗാവസ്ഥയിലുള്ളവരെ പ്രധാനമായും പരാമർശിക്കുന്ന രേഖയിൽ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള സഭയുടെ പരമ്പരാഗത നിലപാടുകൾ ശക്തമായി ആവർത്തിച്ചിട്ടുണ്ട്. ഒരാൾ ആവശ്യപ്പെട്ടാലും മറ്റൊരാളെ നമ്മുടെ അടിമയാക്കാൻ കഴിയാത്തതുപോലെ, മറ്റൊരാളുടെ ജീവൻ എടുക്കാൻ അവർ ആവശ്യപ്പെട്ടാലും അവകാശമില്ലെന്നും ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച രേഖ വ്യക്തമാക്കുന്നു.

ചികിത്സിക്കാനാവാത്ത അവസ്ഥയിൽ ഒരു രോഗി എത്തി എന്നാൽ പരിചരണം അവസാനിച്ചു എന്നല്ല അർത്ഥമാക്കുന്നത്. മാരകമായ അസുഖമുള്ളവർക്ക് കൂടുതൽ പരിഗണനയും പരിചരണവും സ്‌നേഹവും നൽകുകതന്നെ വേണം. ചികിത്സ ഇല്ലാത്ത അവസ്ഥയിൽ, അയാൾക്ക് ദയാവധം നൽകി ജിവൻ അവസാനിപ്പിക്കാമെന്ന അനുകമ്പയെക്കുറിച്ചുള്ള തെറ്റായ ധാരണ അധാർമികമാണ്. യഥാർത്ഥത്തിൽ, കാരുണ്യം എന്നത് മരണത്തിന് കാരണമാകുന്നതല്ല. മറിച്ച്, രോഗിയെ സ്‌നേഹപൂർവം പരിചരിക്കുകയും പിന്തുണക്കുകയും അവരുടെ ക്ലേശങ്ങൾ ലഘൂകരിക്കാനുള്ള മാർഗങ്ങൾ നൽകുകയും ചെയ്യുന്നതാണ്.

ദയാവധം മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യംതന്നെയാണ്. അതിനാൽ ഏത് സാഹചര്യത്തിലും ദയാവധം തിന്മയാണ്. ദയാവധത്തിന് അനുകൂലമായ നിയമങ്ങൾ അംഗീകരിക്കുന്നവർ അതിന് കൂട്ടാളികളാകുകയാണ്, അതിലൂടെ കുറ്റവാളികളുമാകുന്നു. അധാർമികവും ഗുരുതരവുമായി ഇത്തരം നടപടികൾ നിയമപരമായി അനുവദിക്കുന്ന സന്ദർഭങ്ങളിൽ സഭയും സമൂഹവും വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണം.

രോഗികൾ ഒരു ഭാരമായി തോന്നാതെ പ്രിയപ്പെട്ടവരുടെ അടുപ്പവും പിന്തുണയുമാണ് അവർക്ക് അനിവാര്യമെന്ന് നാം തിരിച്ചറിയണം. കത്തോലിക്കാ സഭ പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നപോലെ, ഒരു വ്യക്തി സ്വഭാവിക മരണത്തിലേക്ക് എത്തുംവരെ പരിചരിക്കാനും സംരക്ഷണം നൽകാനും കടമയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?