Follow Us On

25

October

2020

Sunday

ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്

ഐ.ടി ഉദ്യോഗത്തിന് വിട; ടെക്‌നോപാർക്കിൽനിന്ന് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്

തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ചുനേടിയ ഐ.ടി കമ്പനി ഉദ്യോഗവും അതിലൂടെ കൈവരിക്കാവുന്ന സകല നേട്ടങ്ങളും ഉപേക്ഷിച്ച് സെലസ്റ്റിൻ ചെല്ലൻ സെമിനാരിയിലേക്ക്. ബഹുരാഷ്ട കമ്പനിയായ ഇൻഫോസിസിലെ സോഫ്ട് വെയർ ഡവലെപ്പർ ജോലി ഉപേക്ഷിച്ചാണ് സെലസ്റ്റിൻ തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ നാളെ (സെപ്തംബർ 25) പ്രവേശിതനാകുന്നത്. ടെക്‌നോപാർക്ക് കാംപസിലെ ജീസസ് യൂത്ത് അംഗമാണ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയായ ഈ 29 വയസുകാരൻ.

രണ്ടു വർഷംമുമ്പ്, ജീസസ് യൂത്ത് സുഹൃത്തുക്കളുമായി വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്പോഴാണ്, തന്നെക്കുറിച്ചുള്ള ദൈവഹിതം ഒരു വെളിപാടുപോലെ സെലസ്റ്റിന്റെ മുന്നിലെത്തിയത്. വാഹനത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കവേ ലഭിച്ച പ്രചോദനം സുഹൃത്തുക്കളോടാണ് ആദ്യം പങ്കുവെച്ചത്. ദൈവഹിതം സ്ഥിരീകരിക്കപ്പെടാനുള്ള പ്രാർത്ഥനകൾ അതോടെ തീക്ഷ്ണമായി. അതിന് ഉത്തരം ലഭിച്ചത് ഈ വർഷം ജനുവരിയിലാണ്. ജീസസ് യൂത്ത് കൂട്ടായ്മ അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സെലസ്റ്റിൻ പറയുന്നു.

‘ടെക്‌നോപാർക്കിലെ ജോലി ജീസസ് യൂത്തുമായി തന്നെ കൂട്ടിച്ചേർക്കാൻ ദൈവം ഒരുക്കിയ വഴിയായിരുന്നു. സഭയെ അടുത്തറിയാനും ദൈവീകശുശ്രൂഷകൾക്ക് നൽകേണ്ട സ്ഥാനത്തെക്കുറിച്ച് ഉറച്ച ബോധ്യം ലഭിക്കാനും അത് സഹായമായി,’ സെലസ്റ്റിൻ സൺഡേ ശാലോമിനോട് പറഞ്ഞു. തിരുവനന്തപുരം ‘സാധന റിന്യൂവൽ സെന്റർ’ ഡയറക്ടറും ടെക്‌നോപാർക്കിലെ ജീസസ് യൂത്ത് ചാപ്ലൈനുമായ ഫാ. ഡൊമിനിക്കിന്റെ പ്രചോദനവും പൗരോഹിത്യ വിളി സ്വീകരിക്കുന്നതിൽ വലിയ സഹായമായെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ കുഴിത്തുറൈ രൂപത മേൽപാലൈ ഔവർ ലേഡി ഓഫ് അപ്പാരിഷൻ ഇടവക ചെല്ലൻ- രാജം ദമ്പതികളുടെ മകനാണ് സെലസ്റ്റിൻ. ഇലക്ട്രിക് വൊക്കേഷണൽ ഹയർസെക്കൻഡറി പഠനത്തിനുശേഷം ഐ.ടിയിൽ ബി.ടെക് ബിരുദം നേടി. 2014ൽ ടെക്‌നോപാർക്കിലെ ഒരു കമ്പനിയിൽ സോഫ്ട് വെയർ ഡവലപ്പറായി ജോലി ആരംഭിച്ച സെലസ്റ്റിൻ 2017ലാണ് ഇൻഫോസിസിൽ എത്തിയത്.

ജീവിതപ്രാരാബ്ദങ്ങൾ ഏറെയുള്ള കുടുംബത്തിലെ ഏക ആൺതരിയുടെ തീരുമാനം മാതാപിതാക്കൾക്കും സഹോദരിക്കും ആദ്യം ഉൾക്കൊള്ളാനായില്ല. മകന്റെ വിവാഹം സ്വപ്‌നം കണ്ട മാതാപിതാക്കൾ വിവാഹാലോചനകൾ തുടങ്ങവേയാണ് മകന്റെ ആഗ്രഹം അറിഞ്ഞതും. ‘എന്റെ ആഗ്രഹം എന്നതിലുപരി, എന്നെക്കുറിച്ചുള്ള ദൈവഹിതമാണെന്ന് അവർക്ക് മനസിലാക്കിയപ്പോൾ പൂർണ മനസോടെ അവർ സമ്മതംതന്നു,’ ദൈവം അവിടുത്തെ പൗരോഹിത്യത്തിലേക്ക് തന്നെക്കൂടി കൂട്ടിച്ചേർത്തതിനെക്കുറിച്ച് പങ്കുവെക്കുമ്പോൾ സെലസ്റ്റിന്റെ കണ്ണുകളിൽ വലിയ തിളക്കം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?