Follow Us On

25

October

2020

Sunday

അനുതപിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കണം: ഫ്രാങ്ക്‌ളിൻ ഗ്രഹാം; അമേരിക്കയിൽ നാളെ ‘പ്രയർ മാർച്ച്’

അനുതപിച്ച് ദൈവത്തെ വിളിച്ചപേക്ഷിക്കണം: ഫ്രാങ്ക്‌ളിൻ ഗ്രഹാം; അമേരിക്കയിൽ നാളെ ‘പ്രയർ മാർച്ച്’

വാഷിംഗ്ടൺ ഡി.സി: അമേരിക്കയെ അലട്ടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവത്തിനു മാത്രമേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ് അനുതാപത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ ആഹ്വാനംചെയ്ത് ലോകപ്രശസ്ത വചനപ്രഘോഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം. വാഷിംഗ്ടൺ ഡി.സിയിൽ നാളെ (സെപ്തംബർ 26) സംഘടിപ്പിക്കുന്ന ‘പ്രയർ മാർച്ചി’ന് മുന്നോടിയായി പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ പ്രസിഡന്റുമാണ് ഫ്രാങ്ക്‌ളിൻ ഗ്രഹാം.

വിവിധ വിഷയങ്ങളിൽ ഭിന്നിപ്പുകളും മറ്റും രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ് ‘നാഷണൽ പ്രയർ മാർച്ച്’ എന്ന പേരിൽ പ്രാർത്ഥനാകൂട്ടായ്മ സംഘടിപ്പിക്കാനുള്ള പ്രചോദനം. മഹാമാരിയും ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിലില്ലായ്മയും കച്ചവട സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും മേൽപ്പറഞ്ഞ ഭിന്നിപ്പുകളെ അതികഠിനമാക്കുകയും ചെയ്തു. അനുതപിച്ച് സർവശക്തനായ ദൈവത്തെ വിളിച്ച് അപേക്ഷിക്കാതെ ഇതിൽനിന്നെല്ലാം മുക്തിനേടി മുന്നോട്ട് പോകാൻ കഴിയില്ല.

ഭരണകൂടം, വിദ്യാലയങ്ങൾ, സമൂഹം എന്നിവിടങ്ങളിൽനിന്നെല്ലാം ദൈവവും ദൈവീക വഴികളും നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കയെ ചുറ്റിവരിഞ്ഞിരിക്കുന്ന ആത്മീയ അന്ധകാരം അകറ്റാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. നാം അനുതപിക്കുകയും ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാതെ യഥാർത്ഥ പ്രശ്‌നപരിഹാരം സാധ്യമല്ല. ‘പ്രയർ മാർച്ച്’ എന്നത് പ്രാർത്ഥനയ്ക്കും ദൈവത്തെ വിളിച്ചപേക്ഷിക്കാനുംമാത്രം സമർപ്പിക്കപ്പെട്ട കൂട്ടായ്മയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിനോദപരിപാടികളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. പ്രാർത്ഥിക്കാൻവേണ്ടി മാത്രമാണ് ജനം ഒരുമിച്ച് കൂടുന്നത്. രാജ്യത്തിനുവേണ്ടി, നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ. ഒരുമിച്ച് ചേർന്നും ഒരുമിച്ച് സഞ്ചരിച്ചും നമുക്കും ഐക്യം പ്രഘോഷിക്കാം. 1960 കളിലെ സിവിൽ റൈറ്റ്‌സ് കാലഘട്ടത്തിൽ, ഐക്യം പ്രഘോഷിച്ച ഫ്രീഡം മാർച്ചുകൾക്ക് സമാനമായി സഭയ്ക്ക് ഒത്തുചേർന്ന് ഐക്യം പ്രഘോഷിക്കാനുള്ള അവസരവുമാകും ഈ പ്രാർത്ഥനാ കൂട്ടായ്മ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിലാണ് പ്രാർത്ഥനാകൂട്ടായ്മ സംഘടിപ്പിക്കുന്നത്. ലിങ്കൺ മെമ്മോറിയലിൽനിന്ന് ഉച്ചയ്ക്ക് 12.00ന് ആരംഭിക്കുന്ന മാർച്ച് 1.8 മൈൽ ദൂരം സഞ്ചരിച്ച് വൈകിട്ട് 6.00ന് യു.എസ് കാപ്പിറ്റലിൽ സമാപിക്കും. പാപമോചനം യാചിക്കുക; ദേശത്തെ സൗഖ്യപ്പെടുത്തൽ; ദേശീയ സമാധാനവും സുരക്ഷയും; പകർച്ചവ്യാധി, ഗർഭച്ഛിദ്രം എന്നീ വിപത്തുകളുടെ അറുതി; മതസ്വാതന്ത്ര്യം തുടങ്ങിയവയാൺ പ്രാർത്ഥനാ നിയോഗങ്ങൾ. ആരോഗ്യ, സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രയർ മാർച്ച് സംഘടിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?