Follow Us On

28

March

2024

Thursday

മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാൻ ഇനി വിശേഷാൽ മണിനാദം; ‘പോളിഷ് ബെൽ’ വെഞ്ചിരിച്ച് പാപ്പ

മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാൻ ഇനി വിശേഷാൽ മണിനാദം; ‘പോളിഷ് ബെൽ’ വെഞ്ചിരിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാനും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനായി ലോകമനസാക്ഷിയെ ഉണർത്താനും ഇനി വിശേഷാൽ മണിനാദം ഉയരും! ലോകമെങ്ങും വിശിഷ്യാ, പോളണ്ടിൽ ഗർഭച്ഛിദ്ര വിരുദ്ധ പോരാട്ടങ്ങളുടെ ശബ്ദമായി മാറുക എന്ന ലക്ഷ്യത്തോടെ പോളീഷ് സംഘടനയായ ‘യെസ് ടു ലൈഫ് ഫൗണ്ടേഷൻ’ കമ്മീഷൻ ചെയ്ത മണിക്ക് ‘വോയിസ് ഓഫ് ദ അൺബോൺ ബെൽ’ (ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) എന്നാണ് പേരിട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം സാൻ ഡമാസോ ചത്വരത്തിൽവെച്ച് ഫ്രാൻസിസ് പാപ്പയാണ് മണിയുടെ ആശീർവാദ കർമം നിർവഹിച്ചത്. പോളണ്ടിലേക്ക് കൊണ്ടുപോകാനുള്ള മണി ആദ്യമായി മുഴക്കുകയും ചെയ്തു പാപ്പ. ‘ഈ മണിനാദം ലോകമെങ്ങുമുള്ള നിയമനിർമാതാക്കളുടെയും സുമനസുകളുടെയും ചിന്തയെ ഉണർത്തട്ടെ. ഗർഭധാരണം മുതൽ സ്വഭാവിക മരണം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ഓർമിക്കാൻ മണിനാദം സഹായമാകട്ടെ,’ പാപ്പ പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനമാണ് ഈ മണി നാദമെന്ന് ‘യെസ് ടു ലൈഫ് ഫൗണ്ടേഷൻ’ പ്രസിഡന്റ് ഡോ. ബോഗ്ദാൻ ചാസൻ പറഞ്ഞു. ഓരോ വർഷവും 42 ദശലക്ഷം ഗർഭസ്ഥ ശിശുക്കൾ അരുംകൊല ചെയ്യപ്പെടുന്നു എന്ന നടുക്കുന്ന വിവരമാണ് ഈ മണിയുടെ നിർമാണത്തിന് പ്രചോദനമായതെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബോഗ്ദാൻ റൊമാനിയൂക് വ്യക്തമാക്കി. പോളണ്ടിൽ നടത്തുന്ന മാർച്ച് ഫോർ ലൈഫ് ഉൾപ്പെടെയുള്ള പ്രോ ലൈഫ് പരിപാടികളിൽ ഈ മണി ഉപയോഗിക്കും.

2,000 പൗണ്ട് ഭാരവും നാലടി വ്യാസവുമുള്ള മണിയിൽ ഗർഭസ്ഥ ശിശുവിന്റെ അൾട്രാസൗണ്ട് ഇമേജും ‘ഒരു കുട്ടിയുടെ ജീവിതം അമ്മയുടെ ഹൃദയത്തിൽനിന്ന് ആരംഭിക്കുന്നു’ എന്ന വാഴ്ത്തപ്പെട്ട ജേർസി പോപിയലൂസ്‌കോയുടെ ഉദ്ധരണിയും ആലേഖനം ചെയ്തിട്ടുണ്ട്. ‘നിയമത്തെ ഇല്ലാതാക്കുവാനാണ് ഞാൻ വന്നിരിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കരുത്’ (മത്തായി 5:17), ‘കൊല്ലരുത്’ (പുറപ്പാട് 20:13) എന്നീ തിരുവചനങ്ങൾ എഴുതി ചേർത്തിരിക്കുന്ന ഫലകങ്ങളും മണിയുടെ സവിശേഷതയാണ്. കോൾബുസോവായിലെ ഓൾ സെയിന്റ്‌സ് ദൈവാലയത്തിലാണ് മണി സ്ഥാപിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?