ജൂഡ്‌സൺ കൊച്ചുപറമ്പൻ
പരിശുദ്ധാത്മാവിന്റെ കിന്നരമെന്നും ആഗോള സഭയുടെ മൽപ്പാനെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അപ്രേമിനോടുള്ള ബഹുമാനാർത്ഥം വത്തിക്കാൻ തപാൽ സ്റ്റാംപ് പുറത്തിറക്കി. വിശുദ്ധ അപ്രേമിനെ സഭയുടെ വേദപാരംഗതനായി ഉയർത്തിയതിന്റെ ശതാബ്ദി സ്മാരകമായാണ് സ്റ്റാംപ് പുറത്തിറക്കിയത്. ‘പ്രിൻസിപ്പി ആപോസ്‌തോലോരം പെട്രോ’ എന്ന തിരുവെഴുത്തുവഴി ബെനഡിക്ട് 15-ാമൻ പാപ്പയാണ് 1920 ഒക്ടോബർ അഞ്ചിന് വിശുദ്ധ അപ്രേമിനെ വേദപാരംഗതനായി (ഡോക്‌ടേഴ്‌സ് ഓഫ് ദ ചർച്ച് ആൻഡ് ഡോക്ടർ ഓഫ് സിറിയൻസ്) ഉയർത്തിയത്.
ജീവിതകാലം മുഴുവൻ ശെമ്മാശ്ശനും അധ്യാപകനുമായി ലളിതജീവിതം നയിച്ച വിശുദ്ധ അപ്രേം തന്റെ ആത്മീയകവിതകളിലൂടെ കത്തോലിക്കാ സഭയ്ക്ക് നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. നാലാം നൂറ്റാണ്ടിൽ എദേസായിൽ ജീവിച്ചിരുന്ന മാർ അപ്രേമിന്റെ കവിതകളാണ് സുറിയാനി സഭകളുടെ ദൈവശാസ്ത്രത്തിന്റെ കാതൽ. സുറിയാനി, അർമേനിയൻ, ഗ്രീക്ക്, ലത്തീൻ സഭകളിലെ ആരാധനാക്രമങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ ഇന്നും ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
നാലാം നൂറ്റാണ്ടിൽ വിശുദ്ധ അപ്രേം രചിച്ച ‘പരിശുദ്ധ കന്യാമറിയത്തിൽ പാപക്കറിയില്ല’ എന്ന പ്രബോധനവും പ്രധാനപ്പെട്ടതാണ്. സഭാപിതാക്കന്മാർക്കിടയിലെ ആദ്യ മരിയൻ പ്രബോധകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശതാബ്ദിയോട് അനുബന്ധിച്ച് സ്റ്റാംപ് പുറത്തിറക്കിയ നടപടി വിശുദ്ധ അപ്രേമിന്റെ പ്രബോധനങ്ങൾക്ക് ആധുനിക സഭ നൽകുന്ന പ്രാധാന്യത്തിനുള്ള ഉത്തമദൃഷ്ടാന്തമാണ്. 1.15 യൂറോ വിലയുള്ള തപാൽ സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത് ഡാനിയേലാ ഫുസ്‌കോയാണ്.
Leave a Comment
Your email address will not be published. Required fields are marked with *