Follow Us On

25

October

2020

Sunday

സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭ ക്രിയാത്മകമായി പ്രതികരിക്കുന്നു, കെസിബിസി ജാഗ്രതാ കമ്മീഷന്‍

സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭ ക്രിയാത്മകമായി പ്രതികരിക്കുന്നു, കെസിബിസി ജാഗ്രതാ കമ്മീഷന്‍

തുറന്നുപറയലുകള്‍ ചിലപ്പോള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. അതിന് വഴിതുറക്കാന്‍ സംവാദം സഹായകമാകും. സമകാലിക പ്രശ്‌നങ്ങളില്‍ കേരളസഭയുടെ പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പ്രസ്തവാനയില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.

ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളില്‍ നിന്നാണ് മതമൗലികവാദവും തീവ്രവാദ ചിന്തകളും ഉടലെടുക്കുന്നത്. സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിന് തന്നെയും മറ്റ് സമുദായങ്ങള്‍ക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി എന്ന് സഭ നിരീക്ഷിക്കുന്നു. അധിനിവേശ ശ്രമങ്ങള്‍ വിവിധ രീതികളില്‍ പല സ്വഭാവങ്ങളോട് കൂടിയവയുണ്ട്. ദേശീയതാവാദത്തില്‍ ഊന്നിനിന്നുള്ള മൗലികവാദവും അതിന്റെ ഫലമായ അധിനിവേശങ്ങളുമുണ്ട്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍പ്പെട്ട ആശയങ്ങളുടെ പിന്‍ബലത്തില്‍ നമുക്കിടയില്‍ കരുക്കള്‍ നീക്കുന്നു.

അതേസമയം, ഇസ്‌ലാമിക തീവ്രവാദം ഒരു ആഗോള പ്രതിഭാസമാണ്. ഇതിനെതിരെ പുതിയ സംഘടനാ സംവിധാനങ്ങള്‍ രൂപം കൊണ്ടിട്ടുമുണ്ട്. എന്നാല്‍, അത്തരം ചില ചെറുസമൂഹങ്ങള്‍ കൈക്കൊണ്ടുവരുന്ന തീവ്ര നിലപാടുകള്‍ അപകടകരമാണ്.
അതോടൊപ്പം, സഭാനേതൃത്വത്തെയും, തുറന്ന് സംസാരിക്കാന്‍ തയ്യാറാവുന്നവരെയും കടന്നാക്രമിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നു. ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന സംഭവങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടുകളും, രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങള്‍ക്കുള്ള സൂചനകളാണ്. അതിനാല്‍, ഈ മേഖലയില്‍ ചെറുത്തുനില്‍പ്പ് അനിവാര്യവും അടിയന്തിരവുമായ ഒരു കാലഘട്ടമാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാം.

യാതൊരുവിധ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് സാധ്യമല്ല. കൂടാതെ,  കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാര്‍ഹമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പൗരത്വബില്‍, കാര്‍ഷിക നയങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

സംവാദത്തില്‍ ചരിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങള്‍ ഉടലെടുത്തേക്കാം. പക്ഷേ, ചരിത്രത്തില്‍ തിരുത്തെഴുത്തുകള്‍ നടക്കുമ്പോഴും, സ്ഥാപിത താത്പര്യങ്ങള്‍ക്കായി അര്‍ദ്ധ സത്യങ്ങളെ ഉയര്‍ത്തിക്കാണിക്കുമ്പോഴും, ചില സത്യങ്ങളെ തമസ്‌കരിക്കുമ്പോഴും നിശബ്ദത യുക്തമല്ല. ഹാഗിയ സോഫിയയുടെ ഒരു ഘട്ടം വരെയുള്ള ചരിത്രം വിസ്മരിക്കപ്പെട്ടതിലും മലബാര്‍ കലാപം സംബന്ധിച്ചുള്ള സമീപകാല വിവാദങ്ങളിലും ചരിത്രത്തിന്റെ തിരുത്തെഴുത്തലുകള്‍ക്കുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്. യഥാര്‍ത്ഥ ചരിത്രങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള തലമുറകളുടെ അവകാശത്തെ നിഷേധിക്കാന്‍ പാടില്ലാത്തതാണ്.  അതിനപ്പുറം ചരിത്രത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളുണ്ടെങ്കില്‍ അവിടെ സംവാദങ്ങള്‍ നടക്കട്ടെ.

സാമൂഹികമായയും ക്രൈസ്തവര്‍ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് നിപതിച്ച കാലമാണ് ഇത്. മുഖ്യമായും തീവ്ര മുസ്‌ലീം സംഘടനകളുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ് കേരളത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ‘ലൗ ജിഹാദ്’ എന്ന പേരില്‍ ഒരു പദ്ധതി ഇല്ല എന്ന് സാങ്കേതികമായി സ്ഥാപിക്കാമെങ്കിലും, പ്രണയക്കുരുക്കുകളില്‍ അകപ്പെട്ട് ജീവിതം പോലും കൈവിട്ടുപോകുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട് എന്നുള്ളത് കേവലയഥാര്‍ത്ഥ്യം മാത്രമാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടുള്ള സകലര്‍ക്കും ഇത്തരമൊരു കെണി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംശയങ്ങളില്ല.

ബൗദ്ധികമായി ക്രൈസ്തവ ആശയങ്ങള്‍ക്കും, ആദര്‍ശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങളും ഇവിടെ പ്രകടമാണ്. വിവിധ രീതികളില്‍ തങ്ങള്‍ക്കനുകൂലമായ മാധ്യമങ്ങളിലൂടെ ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കും, കത്തോലിക്കാ സഭയുടെ സ്വത്വത്തിനും നിലപാടുകള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി. സഭയുടെ ആന്തരിക വിഷയങ്ങളില്‍ പോലും ഇടപെടാനും അവയെ വഴിതെറ്റിച്ച് പൊതുസമൂഹത്തില്‍ അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാകുന്നതിനെ അധിനിവേശ തന്ത്രമായല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും?

ഇത്തരം എണ്ണമറ്റ വിഷയങ്ങളെ അന്വേഷണാത്മകമായി സമീപിച്ചപ്പോള്‍, ‘നിശബ്ദത തിന്മയാണ്’ എന്ന നിലപാട് സ്വീകരിക്കുകയാണ് ഇവിടെ ചിലരെങ്കിലും ചെയ്തത്. അത്തരത്തില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ ആരോഗ്യകരമായ സംവാദത്തിലേക്കുള്ള തുറന്ന ക്ഷണങ്ങളായിരുന്നു. യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്ക് ഈ സമൂഹം കടന്നെത്തുമ്പോള്‍ അവര്‍ വാസ്തവങ്ങള്‍ തിരിച്ചറിയുകയും, ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് സ്വയം സജ്ജരാവുകയും ചെയ്യും എന്ന് കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?