Follow Us On

29

March

2024

Friday

പാസ്റ്റർ ടൈറ്റസ് കാപ്പനും ശുശ്രൂഷകരും കത്തോലിക്കാസഭയിലേക്ക്

പാസ്റ്റർ ടൈറ്റസ് കാപ്പനും ശുശ്രൂഷകരും കത്തോലിക്കാസഭയിലേക്ക്

റവ. റോയ് പാലാട്ടി സി.എം.ഐ

ഇതൊരു മടക്കയാത്രയുടെ കാലമാണ്, വിവിധ കാലങ്ങളായി മാതൃസഭയുടെ പടിയിറങ്ങിയവർ ആ തറവാട്ടിലേക്ക് മടങ്ങുന്ന കാലം. ശരിയാണ്, ദൈവാലയങ്ങളിൽ ആഘോഷമായ പൊതുവായ തിരുക്കർമങ്ങളോ കൂട്ടായ്മകളോ അത്രകണ്ട് നടക്കാത്ത ക്ലേശങ്ങളുടെ കോവിഡ് കാലത്താണ് നാം. പീഡാസഹനങ്ങളുടെ കാലമാണല്ലോ എക്കാലത്തും സഭയുടെ കൊയ്ത്തുകാലം! 22 വർഷംമുമ്പ് കത്തോലിക്കാസഭയുടെ പടിയിറങ്ങി, വ്യക്തിഗത സഭ സ്ഥാപിക്കുകയും അതിന്റെ പാസ്റ്ററായി ശുശ്രൂഷ ചെയ്യുകയും ചെയ്തിരുന്ന പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും മാതൃസഭയിലേക്കു മടങ്ങുന്നു- 2020 ഡിസംബറിൽ. വിവിധ സ്ഥലങ്ങളിൽനിന്ന് ഇദ്ദേഹത്തോടൊപ്പം കൂട്ടുചേർന്നവരും ശുശ്രൂഷകരും സഭയുടെ മടിത്തട്ടിലേക്ക് അന്നേദിനം മടങ്ങിവരും.

ഗൾഫിൽ ജോലി ചെയ്യവേ ഒരു വ്യക്തിഗത പെന്തക്കോസ്ത് സഭ ഒരുക്കിയ ധ്യാനത്തിൽ പങ്കെടുക്കുകയായിരുന്നു ടൈറ്റസ് അന്ന്. എന്തെന്നില്ലാത്ത ഒരു ദൈവാനുഭവവും അനുതാപവുമെല്ലാം വന്നുനിറഞ്ഞതുപോലെ. കത്തോലിക്കാ ദൈവാലയത്തിലെ മതാധ്യാപകനും ദൈവാലയ ശുശ്രൂഷയുമൊക്കെയായി സേവനം ചെയ്തിരുന്നെങ്കിലും അവിടെയൊന്നും ലഭിക്കാത്ത ഒരനുഭവം ഈ ധ്യാനത്തിൽ ലഭിച്ചതായി തോന്നി. 1996ലെ ഡിസംബറിലായിരുന്നു ഇത്. പിന്നീട് പതുക്കെ പതുക്കെ വിവിധ വ്യക്തിഗത സഭകളുടെ പിന്നാലെയായി യാത്ര.

പ്രാർത്ഥനാ സമൂഹങ്ങളിൽ പങ്കുചേർന്നും വചനം പറഞ്ഞും വളർന്നുവന്നു. രണ്ടായിരമാണ്ടു മുതൽ പൊതുസർവീസുകൾ സ്വന്തമായി ചെയ്യാൻ തുടങ്ങി. ‘വീണ്ടും ജനന സഭ’ എന്ന പേരിൽ സഭയും ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരിൽ ശുശ്രൂഷകളും ആരംഭിച്ചു. ഇന്ത്യയിൽ മാംഗ്ലൂർ കേന്ദ്രമാക്കിയും ഒപ്പം ഗൾഫ്‌നാടുകൾ, ന്യൂസിലാൻഡ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിക്കാനും ശുശ്രൂഷകൾ നടത്താനും തുടങ്ങി. അബുദാബിയിൽ മാത്രം വിവിധ ജോലിക്കായെത്തിയ 300ൽപ്പരം ശ്രീലങ്കക്കാരെ സ്‌നാനപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. രോഗശാന്തിയും ആത്മാവിന്റെ പ്രസരിപ്പുമെല്ലാം കണ്ടാണ് ചിലരെല്ലാം കൂടിച്ചേർന്നത്.

‘ഇതെല്ലാമായി മുമ്പോട്ട് പോകുമ്പോഴും എന്തെന്നില്ലാത്ത ഒരു സംതൃപ്തിക്കുറവ് എന്നെ വേട്ടയാടുന്നുണ്ടായിരുന്നു,’ പാസ്റ്റർ ടൈറ്റസ് തന്റെ മടക്കവഴികളെക്കുറിച്ച് സൺഡേ ശാലോമിനോട് മനസുതുറക്കുന്നു:

‘ശുശ്രൂഷകളുണ്ട്, സ്‌നാനമുണ്ട്, അഭിഷേകമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലേയില്ല. എന്നിട്ടും തൃപ്തിയില്ലാത്ത അവസ്ഥ. ഇതിനിടയിലും ഹാർവെസ്റ്റ് ടി.വി, പവർ വിഷൻ, ഹോളി ഗോഡ് ടി.വി ഇവയിലൊക്കെ ശുശ്രൂഷകൾ നടത്തുമായിരുന്നു. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന സഭാപള്ളികളിൽ പുതിയ പാസ്റ്റേഴ്‌സിനെ നിയോഗിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ആത്മാക്കളെ നേടണമെന്ന വലിയ ആഗ്രഹം എപ്പോഴും മനസിലുണ്ടായിരുന്നതിനാൽ കത്തോലിക്കാ സഭാംഗങ്ങളിൽനിന്ന് ആളെക്കൂട്ടിച്ചേർത്ത് ഒരു പെന്തക്കോസ്ത സഭ പണിയാൻ ഞാൻ അധ്വാനിച്ചിട്ടില്ല. മറിച്ച്, മറ്റു വിശ്വാസങ്ങളിൽ കഴിയുന്നവരെയാണ് ഞാൻ സ്വാഗതംചെയ്തത്. ഒരു ‘സോൾ വിന്നർ’ ആകാനുള്ള ആഗ്രഹമായിരുന്നു എപ്പോഴും.

ഇതിനിടയിലാണ് 2004ൽ കാഞ്ഞങ്ങാട് നടന്ന ഒരു എക്യുമെനിക്കൽ കൺവെൻഷനിൽ ഞാൻ ശുശ്രൂഷയ്‌ക്കെത്തിയത്. സി.എസ്.ഐ സഭയും കത്തോലിക്കാ സഭയുമെല്ലാം അതിൽ പങ്കാളികളായിരുന്നു. ആ ശുശ്രൂഷ കഴിഞ്ഞപ്പോൾ ഞാൻ തേടുന്ന പലതും കത്തോലിക്കാസഭയിൽ ഉണ്ടല്ലോ എന്നെന്നെ ചിന്തിപ്പിച്ചു. തുടർന്ന്, ലക്ഷക്കണക്കിന് ജനങ്ങളെ ക്രിസ്തുവിനായി നേടിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറും വിശുദ്ധ പാട്രിക്കുമെല്ലാം എന്റെ പഠനവിഷയവും പ്രാർത്ഥനാവിഷവുമായി. സ്വീഡനിലെ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ ഉൾഫ് എക്മാനും സംഘവും കത്തോലിക്കാസഭയിലേക്ക് മടങ്ങിയ കാരണങ്ങൾ ഞാനും പഠിച്ചു. ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും അപ്പസ്‌തോലന്മാരുടെ തുടർച്ചയും കത്തോലിക്കാസഭയിലാണെന്ന് ഞാൻ ഗ്രഹിക്കാൻ തുടങ്ങി.

ഏതാനും നാളുകൾക്കു മുമ്പാണ് എന്റെ സഹോദരന്റെ മകളുടെ കല്യാണത്തിന് കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധ കുർബാനയിൽ ഞാൻ വീണ്ടും പങ്കെടുത്തത്. കുർബാനയിലെ ഓരോ വരിയിലൂടെയും ഞാൻ സഞ്ചരിച്ചു. ഓരോ വാക്കും വചനമാണെന്നും ശക്തിയാണെന്നും ഞാൻ അനുഭവിച്ചു. വചനത്തിൽ ആഴ്ന്നിറങ്ങിയ വാക്കുകളാണല്ലോ ഈ ബലി എന്നു ഞാൻ ഓർത്തു. വലിയ ദൈവാനുഭവത്തിന്റെ സമയമായിരുന്നു അത്. എല്ലാ ദിവസവും ഇപ്പോൾ ശാലോം ടി.വിയിൽ കുർബാനയിൽ പങ്കെടുക്കാറുണ്ട്. എന്റെ മനസു തേടി നടന്നവ കത്തോലിക്കാ സഭയിലുണ്ട്. വചനവും ആത്മാവും ബലിയും വിശുദ്ധരും ആത്മരക്ഷയുമെല്ലാം. പത്രോസിന്റെ പിൻഗാമി നയിക്കുന്ന സഭയിൽ എനിക്കു തിരിച്ചെത്തണം. ഒപ്പം എന്റെ ശുശ്രൂഷകരെയെല്ലാം പതുക്കെ പതുക്കെ ഈ വഴിയിലേക്ക് കൊണ്ടുവരണം.’

ഭാര്യ സുശീലയും മൂന്നു മക്കളും ഉൾപ്പെടുന്ന പാസ്റ്റർ ടൈറ്റസിന്റെ കുടുംബം കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുമായി ചർച്ചകൾ നടത്തി. പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തനുമായി ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഒരു വ്യക്തിഗത സഭയുടെ പാസ്റ്ററായി രണ്ടു പതിറ്റാണ്ടിലേറെ ജീവിച്ച ഒരാൾക്ക് എത്ര പടവുകൾ ചവിട്ടിയാലാകും മാതൃസഭയുടെ മടിത്തട്ടിൽ ശുശ്രൂഷ ചെയ്യാനാവുക എന്നറിയില്ല. എങ്കിലും ഇടയന്മാരുടെ സ്വാഗതവും സ്‌നേഹിതരുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും ഈ യാത്രയിലുണ്ടെന്നതാണ് പാസ്റ്റർ ടൈറ്റസിന്റെ ബലം. സത്യസഭയിൽ ഇനിയും ആത്മാക്കൾക്കായി അധ്വാനിക്കണം. അതിനപ്പുറം ആഗ്രഹങ്ങളൊന്നുമില്ല ഇദ്ദേഹത്തിന്.

‘ഗ്രേസ് കമ്യൂണിറ്റി’യുടെ പാസ്റ്റർ സജിത്ത് ജോസഫും ബില്ലി ഗ്രഹാം ചർച്ചിന്റെ പാസ്റ്റർ മാർക്ക് ഗില്ലിയും ആംഗ്ലിക്കൻ ബിഷപ്പ് ഡോ. ഗാവിൻ ആഷെൻഡർ തുടങ്ങിയവരുമൊക്കെ ഈ മടക്കയാത്ര നടത്തിയത് ഇക്കഴിഞ്ഞ ഏതാനും മാസങ്ങളിലാണ്. അതെ ഇതൊരു മടക്കയാത്രയുടെ കാലം തന്നെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?