Follow Us On

28

March

2024

Thursday

പ്രസക്തം യു.എന്നിലെ പേപ്പൽ പ്രസംഗം: പാപ്പ ചൂണ്ടിക്കാട്ടിയത് സർവപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം

പ്രസക്തം യു.എന്നിലെ പേപ്പൽ പ്രസംഗം: പാപ്പ ചൂണ്ടിക്കാട്ടിയത് സർവപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം

ന്യൂയോർക്ക്: ഗർഭച്ഛിദ്രം, മതപീഡനം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം എന്നുവേണ്ട ലോക ഇന്ന് നേരിടുന്ന സർവപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം മനുഷ്യാന്തസിനോടുള്ള അനാദരമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് 75-ാമത് ജനറൽ അസംബ്ലിയെ ഓൺലൈനായി അഭിസംബോധന ചെയ്യവേയാണ്, അടിസ്ഥാനപരമായി സംഭവിക്കേണ്ട തെറ്റുതിരുത്തൽ പാപ്പ ലോകനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

‘ മനുഷ്യാന്തസിനോടുള്ള അനാദരം, മനുഷ്യജീവന്റെ മൂല്യത്തെ വിലകുറച്ചുകാണുന്ന ആശയങ്ങൾക്ക് കൽപ്പിക്കപ്പെടുന്ന പ്രാമുഖ്യം, മനുഷ്യാവകാശ ലംഘനങ്ങളിലുള്ള സാർവദേശീയത, അധികാരത്തിനും നിയന്ത്രണത്തിനുംവേണ്ടിയുള്ള അത്യാഗ്രഹം എന്നിവ ഇന്ന് പ്രബലപ്പെടുന്ന ‘വലിച്ചെറിയൽ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന കാരണങ്ങളാണ്,’ ഇതിനെ മനുഷ്യത്വത്തിന് നേരായ അക്രമമെന്ന് ചൂണ്ടിക്കാട്ടി പാപ്പ തുടർന്നു:

‘മനുഷ്യന്റെ മൗലീകാവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നുണ്ട്, ഒഴിവാക്കപ്പെടുന്നുണ്ട്. ഇത്തരം ലംഘനങ്ങളുടെ പട്ടിക വളരെവലുതാണ്. അതിന്റെയെല്ലാം ഫലമായി അനേകർ പീഡിപ്പിക്കപ്പെടുന്നു. വംശഹത്യയും മതപീഡനങ്ങളും അതിന്റെ ഭാഗമാണ്. ക്രിസ്തുവിശ്വാസികളും അതിന്റെ ഇരകളാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങൾ നമ്മുടെ എത്രമാത്രം സഹോദരങ്ങളാണ് പീഡനങ്ങൾക്ക് ഇരയാകുന്നത്. നാടും വീടും പൈതൃകമായി ലഭിച്ച സംസ്‌ക്കാരവും ഉപേക്ഷിച്ച് പലായാനം ചെയ്യാൻ നിർബന്ധിതരാകുന്നവരും അസംഖ്യമാണ്,’ പാപ്പ ചൂണ്ടിക്കാട്ടി.

ലോക രാജ്യങ്ങളുടെ പ്രതിനിധികൾ സമ്മേളിച്ച വേദിയിൽ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ, ഐക്യദാർഢ്യത്തിന്റെ അനിവാര്യത, മൗലികാവകാശങ്ങളുടെ ലംഘനം, കുഞ്ഞുങ്ങളുടെ ദുരവസ്ഥ, മതപീഡനം, ആണവായുധ നിർവ്യാപനം, കുടിയേറ്റം, സ്ത്രീകളുടെ ഔന്നത്യം, സമാധാനത്തിനെതിരായ വെല്ലുവിളികൾ, പരിസ്ഥിതി പരിപാലനം, രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയവയാണ് പാപ്പ പ്രധാനമായും പരാമർശിച്ചത്.

കോവിഡ് മഹാമാരി നമ്മുടെ സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ സംവിധാനങ്ങളെ താറുമാറാക്കുകയും നമ്മുടെ ബലഹീനത എടുത്തുകാട്ടുകയും ചെയ്യുന്നു. ഈ കാലം ക്ഷണികമായവയെയും സത്താപരമായവയെയും തമ്മിൽ വേർതിരിച്ചറിയാൻ നമ്മെ ക്ഷണിക്കുന്നു. അതെ, നമ്മുടെ ജീവിതശൈലിയിൽ ഒരു മാറ്റം അനിവാര്യമായിരിക്കുന്നുവെന്നും ഈ കാലം ഓർമിപ്പിക്കുന്നു. പരസ്പരാശ്രയമില്ലാതെയും പരസ്പര ശത്രുതാമനോഭാവം പുലർത്തിയും ജീവിക്കാനാവില്ലെന്നും ഈ മഹാമാരി നമുക്കു കാണിച്ചു തന്നു.

ഗർഭച്ഛിദ്രത്തിനെതിരെയും പാപ്പ തുറന്നടിച്ചു. അമ്മയുടെ ഉദരത്തിൽ വളരുന്ന ജീവനെ ഗർഭച്ഛിദ്രം വഴി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കൊറോണ മഹാമാരിക്ക് പരിഹാരമല്ല. മഹാമാരിയോടുള്ള പ്രതികരണത്തിന്റെ അത്യാവശ്യ ഘടകമായി ചില രാഷ്ട്രങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഗർഭച്ഛിദ്രത്തെ ഉയർത്തിക്കാട്ടുന്നത് ദൗർഭാഗ്യകരമാണൈന്നും പാപ്പ വ്യക്തമാക്കി. കോവിഡ് കാലയളവിൽ ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ യു.എന്നും രംഗത്തുണ്ടായിരിന്നത് പരിഗണിക്കുമ്പോൾ പാപ്പയുടെ പ്രതികരണത്തിന് വലിയ പ്രസക്തിയുണ്ട്.

സാമ്പത്തിക അനീതി ഇല്ലായ്മ ചെയ്യാൻ അന്താരാഷ്ട്രസമൂഹം പരിശ്രമിക്കണമെന്ന് ചൂണ്ടിക്കാട്ടിയതിനൊപ്പം സമാധാനത്തിന് ഭീഷണിയായ ദാരിദ്ര്യം, മഹാമാരികൾ, ഭീകരപ്രവർത്തനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻ ആത്മശോധന ചെയ്യണമെന്നും പാപ്പ ആഹ്വാനം ചെയ്തു. എക്കാലത്തും യു.എൻ സമാധാനത്തിന്റെ പണിപ്പുര ആയിരിക്കണമെന്ന് ഓർമിപ്പിച്ച പാപ്പ, രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും മനുഷ്യ സേവനത്തോടുള്ള അടയാളത്തിന്റെയും യഥാർത്ഥ ഉപകരണമായി യു.എൻ ഭവിക്കട്ടെയെന്നും ആശംസിച്ചു. ഇത് രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പ യു.എന്നിനെ അഭിസംബോധന ചെയ്യുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?