Follow Us On

29

March

2024

Friday

വിശുദ്ധിയിൽ വളരാൻ ആത്മീയപോരാട്ടം അനിവാര്യം: പാപ്പ

വിശുദ്ധിയിൽ വളരാൻ ആത്മീയപോരാട്ടം അനിവാര്യം: പാപ്പ

വത്തിക്കാൻ സിറ്റി: വിശുദ്ധിയിൽ വളരാൻ ആത്മീയ പോരാട്ടവും കെട്ടുറപ്പുള്ള പ്രതിജ്ഞാബദ്ധതയും അനിവാര്യമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആത്മീയ പോരാട്ടവും ചില ത്യാഗങ്ങളും ഇല്ലാതെ വിശുദ്ധിയുടെ വഴിയേ സഞ്ചരിക്കാൻ കഴിയില്ലെന്നും പാപ്പ ഓർമിപ്പിച്ചു. ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിന്മയ്ക്കുമേൽ നന്മയുടെയും സ്വാർത്ഥതയ്ക്കുമേൽ സ്‌നേഹത്തിന്റെയും തിരഞ്ഞെടുപ്പ് പുതുക്കാനാണ് ക്രിസ്തീയതയിലൂന്നിയ വിശുദ്ധിയുടെ വഴി നമ്മോട് ആവശ്യപ്പെടുന്നതെന്നും പാപ്പ പറഞ്ഞു.

പരിത്യാഗങ്ങളും ആത്മീയ പോരാട്ടവും വിശുദ്ധിയിലേക്കുള്ള പാതയിൽ ഒഴിച്ചുകൂടാനാവില്ല. നന്മയ്ക്കായി പോരാടാൻ, പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ, സുവിശേഷഭാഗ്യങ്ങളിലെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ എന്നിങ്ങനെ വ്യക്തിപരമായ പവിത്രതയ്ക്കുള്ള പോരാട്ടത്തിന് കൃപ ആവശ്യമാണ്. കത്തോലിക്കാ പാരമ്പര്യമനുസരിച്ച് ആത്മീയവിശുദ്ധി സാധ്യമാക്കാൻ ആന്തരിക പ്രാർത്ഥനായുദ്ധം അനിവാര്യമാണ്. മെച്ചപ്പെട്ട ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനും ദാനധർമം ചെയ്യാനും സദ്ഗുണങ്ങൾ വളർത്താനും ആത്മീയ പോരാട്ടം സഹായിക്കും.

മാനസാന്തരം അഥവാ ഹൃദയപരിവർത്തനം എന്നത് ധാർമികതയെ മൂടിയിരിക്കുന്ന പടലങ്ങൾ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തനമാണ്. മനപരിവർത്തനം നാം എപ്പോഴും ആവശ്യപ്പെടേണ്ട ഒരു കൃപയുമാണ്. ദൈവം എല്ലാവരോടും ക്ഷമയുള്ളവനാണ്. അവിടുന്ന് തളരുന്നില്ല. നമ്മുടെ വിസമ്മതം കേട്ട് അവിടുന്ന് പിന്തിരിയുന്നില്ല. കർത്താവ് എന്നും നമ്മെ കാത്തിരിക്കുന്നു. നമ്മെ സഹായിക്കാൻ അവിടുന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നാൽ, നമ്മുടെ സ്വാതന്ത്ര്യത്തെ അവിടന്ന് മാനിക്കുന്നു.

നമ്മെ തന്റെ പിതൃകരവലയത്തിനുള്ളിലാക്കാനും തന്റെ അതിരറ്റ കാരുണ്യത്താൽ നമ്മെ നിറയ്ക്കാനും നമ്മുടെ ‘സമ്മതം’ അവിടുന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിനാൽ, നല്ല ക്രിസ്ത്യാനിയാകാനുള്ള കൃപക്കായി കർത്താവിനോട് നാം പ്രാർത്ഥിക്കണം. മനോഹരമായ സ്വപ്‌നങ്ങൾകൊണ്ട് നെയ്‌തെടുക്കാൻ കഴിയുന്ന ഒന്നല്ല ക്രിസ്തീയ ജീവിതം. മറിച്ച് നമ്മെത്തന്നെ ദൈവസ്‌നേഹത്തിന് വിട്ടുകൊടുത്തും സഹോദരസ്‌നേഹത്തിലും ആയിരിക്കേണ്ട പ്രതിജ്ഞാബദ്ധതയാണ് ക്രിസ്തീയ ജീവിതത്തിന്റെ ആധാരമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?