Follow Us On

29

March

2024

Friday

വിശ്വാസതീക്ഷണതയ്ക്ക് മുന്നിൽ നഗരസഭ തീരുമാനം തിരുത്തി; ദൈവാലയ തിരുക്കർമങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം

വിശ്വാസതീക്ഷണതയ്ക്ക് മുന്നിൽ നഗരസഭ തീരുമാനം തിരുത്തി; ദൈവാലയ തിരുക്കർമങ്ങളിൽ 100 പേർക്ക് പങ്കെടുക്കാം

സാൻ ഫ്രാൻസിസ്‌കോ: ദൈവാലയത്തിൽ 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുക്കർമങ്ങൾ അർപ്പിക്കാൻ അനുമതി നൽകി സാൻഫ്രാൻസിസ്‌കോ ഭരണകൂടം. സഭാനേതൃത്വത്തിന്റെ നിരന്തരമായ അഭ്യർത്ഥനയ്ക്കപ്പുറം വിശ്വാസീസമൂഹത്തിന്റെ തീക്ഷ്ണതയാണ് ആദ്യം പുറപ്പെടുവിച്ച വിവാദ ഉത്തരവ് പുനപരിശോധിക്കാൻ സാൻഫ്രാൻസിസ്‌കോ നഗരസഭയെ നിർബന്ധിതരാക്കിയത്. 25 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകൂ എന്ന തീരുമാനമാണ് നഗര സഭ തിരുത്തിയത്.

ദൈവാലയത്തിന്റെ വിസ്തൃതിക്ക് അനുപാതികമായി 25% പേർക്ക്, പരമാവധി 100 പേർക്ക് തിരുക്കർമങ്ങളിൽ പങ്കെടുക്കാം എന്നാണ് പുതുക്കിയ ഉത്തരവ്. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കുമ്പോഴും ദൈവാലയങ്ങളിലെ തിരുക്കർമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നഗരസഭ നീക്കാത്ത സാഹചര്യത്തിൽ സാൻഫ്രാൻസിസ്‌കോ അതിരൂപതയിലെ വിശ്വാസീസമൂഹം നഗരനിരത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. കൂടാതെ 35,000ൽപ്പരം പേർ ഒപ്പുരേഖപ്പെടുത്തിയ നിവേദനവും നഗരസഭയ്ക്ക് കൈമാറിയിരുന്നു.

ദൈവാലയങ്ങളുടെ കാര്യത്തിൽമാത്രം പിടിമുറുക്കിയ ഭരണകൂടത്തിനെതിരെ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ തുറന്നടിക്കുകയും ചെയ്തു. കൊറോണാ വ്യാപനം തടയാനെന്ന പേരിൽ ദൈവാലയങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ദൈവത്തെയും ദൈവജനത്തെയും പരിഹസിക്കുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ദൈവാലയത്തിന് പുറത്തുമാത്രം തിരുക്കർമങ്ങൾ നടത്താനേ ഇതുവരെ അനുമതിയുണ്ടായിരുന്നുള്ളൂ. പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയിരുന്നു. എന്നാൽ, ദൈവാലയത്തിന് പുറത്ത് അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ 200പേർക്ക് വരെ പങ്കെടുക്കാമെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അണിചേരുകയും ദിവ്യബലിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനത്തിൽ ഒപ്പിടുകയും ചെയ്ത വിശ്വാസികൾക്കും വിശ്വാസജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ മേയറിനും ആർച്ച്ബിഷപ്പ് കോർഡിലിയോൺ നന്ദി അർപ്പിച്ചു.

‘വ്യക്തിപരമായ അവകാശങ്ങളോടും ആവശ്യങ്ങളോടുമുള്ള ബഹുമാനവും അനുകമ്പയും പ്രകടമാക്കുന്നു എന്നതാണ് സാൻ ഫ്രാൻസിസ്‌കോയുടെ മഹത്വം. അതിനോട് ഉചിതമാംവിധം പ്രതികരിച്ചതിന് മേയറെ ദൈവം അനുഗ്രഹിക്കട്ടെ,’ സുരക്ഷാ പ്രോട്ടോക്കോളുകൾ എല്ലാം പാലിച്ചുകൊണ്ടുമാത്രമേ പൊതുആരാധനകൾ നടത്തൂവെന്നും അദ്ദേഹം പറഞ്ഞു. അരാധനാലയങ്ങൾക്കും തുല്യനീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് മേയർക്ക് ഇക്കഴിഞ്ഞ ദിവസം കത്തെഴുതുകയും ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?