Follow Us On

19

April

2024

Friday

യുവജനങ്ങൾക്ക് പാപ്പയുടെ മുന്നറിയിപ്പ്: ആശയങ്ങളിലും ജീവിതശൈലിയിലും ജാഗ്രത വേണം

യുവജനങ്ങൾക്ക് പാപ്പയുടെ മുന്നറിയിപ്പ്: ആശയങ്ങളിലും ജീവിതശൈലിയിലും ജാഗ്രത വേണം

വത്തിക്കാൻ സിറ്റി: ഇന്നിന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ യുവജനങ്ങൾ ജീവിതശൈലിയിലും ആശയങ്ങളിലും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ഫ്രാൻസിസ് പാപ്പ. ഭൗതികമായ ആഗ്രഹങ്ങളോടും ആവശ്യങ്ങളോടും മാത്രം പ്രത്യുത്തരിക്കുന്ന ആശയങ്ങളും ജീവിതശൈലിയും പിൻതുടർന്നാൽ ആത്മാവ് കവർച്ച ചെയ്യപ്പെടുന്ന അപകടത്തിൽ വീഴുമെന്നും ഫ്രാൻസിസ് പാപ്പ ഓർമപ്പെടുത്തി.

സ്വിസ് ഗ്വാർഡ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരെയും അവരുടെ മാതാപിതാക്കളെയും അഭിസംബോധന ചെയ്യവേയാണ് ആധുനിക യുവത നേരിടുന്ന പ്രധാനവെല്ലുവിളിയെക്കുറിച്ച് പാപ്പ മുന്നറിയിപ്പ് നൽകിയത്. ‘നാം എന്തു ചെയ്തു എന്നതിനെയല്ല, പ്രത്യുത, എത്രമാത്രം സ്‌നേഹത്തോടെ ചെയ്തു എന്നതിനെ ആശ്രയിച്ചാവും ജീവിതാന്ത്യത്തിൽ നാം വിധിക്കപ്പെടുക,’ എന്ന കൽക്കട്ടയിലെ വിശുദ്ധ തെരേസയുടെ വാക്കുകളും പാപ്പ ഓർമിപ്പിച്ചു.

വത്തിക്കാനിൽ പാപ്പയ്ക്ക് സംരക്ഷണം ഒരുക്കുന്ന സേനാവിഭാഗമാണ് സ്വിസ് ഗാർഡ്‌സ്. 1527 മേയ് ആറിന് ചാൾസ് അഞ്ചാമൻ രാജാവ് പേപ്പൽ സംസ്ഥാനത്തെ ആക്രമിച്ചപ്പോൾ, ക്ലെമന്റ് ഏഴാമൻ പാപ്പയെ സംരക്ഷിക്കാൻ പോരാടിയ 189 സ്വിസ് പടയാളികളിൽ 147 പേരും രക്തസാക്ഷിത്വം വരിച്ച ചരിത്രം അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിച്ചത്. റോമാ നഗരം കൊള്ളയടിക്കപ്പെട്ട ഈ സംഭവത്തിന്റെ സ്മരണ ഒരു ആത്മീയ കവർച്ചയെക്കൂടി ഓർമിപ്പിക്കുന്നു എന്ന മുഖവുരയോടെയായിരുന്നു പാപ്പയുടെ മുന്നറിയിപ്പ്.

തങ്ങളുടെ യൗവനകാലത്തിന്റെ ഒരു ഭാഗം പത്രോസിന്റെ പിൻഗാമിയെ സേവിക്കാൻ നീക്കിവെക്കുന്ന സ്വിറ്റ്‌സർലൻഡുകാരായ ഈ യുവാക്കൾക്കും അവർക്ക് ധാർമിക ശിക്ഷണവും ക്രിസ്തീയവിശ്വാസവും പകർന്ന മാതാപിതാക്കൾക്കും പാപ്പ നന്ദി പറഞ്ഞു. റോമാ നഗരത്തിലായിരിക്കുന്ന സമയം, ഈ നഗരം പ്രദാനം ചെയ്യുന്ന ഭാവാത്മകമായ കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സ്വിസ് ഗാർഡ്‌സിലെ പുതിയ അംഗങ്ങൾക്ക് കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു.

ക്യാപ്ഷൻ: ലോക യുവജനസംഗമത്തിൽനിന്ന് (ഫയൽ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?