Follow Us On

29

March

2024

Friday

‘റാറ്റ്‌സിംഗർ പുരസ്‌ക്കാരം’ ഇത്തവണ ഫ്രാൻസിലേക്കും ഓസ്‌ട്രേലിയയിലേക്കും! നവംബറിൽ പാപ്പ സമ്മാനിക്കും

‘റാറ്റ്‌സിംഗർ പുരസ്‌ക്കാരം’ ഇത്തവണ ഫ്രാൻസിലേക്കും ഓസ്‌ട്രേലിയയിലേക്കും! നവംബറിൽ പാപ്പ സമ്മാനിക്കും

വത്തിക്കാൻ സിറ്റി: ദൈവശാസ്ത്ര മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ ‘റാറ്റ്‌സിംഗർ പുരസ്‌ക്കാരം’ ഈ വർഷം രണ്ടു പേർക്ക്. ഓസ്‌ട്രേലിയയിൽനിന്നുള്ള ദൈവശാസ്ത്ര പ്രൊഫസർ ട്രേസി റോളണ്ട്, ഫ്രാൻസിൽനിന്നുള്ള തത്വശാസ്ത്രജ്ഞൻ ജീൻ ലൂക്ക് മരിയൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വത്തിക്കാൻ ആസ്ഥാനമായ ‘റാറ്റ്‌സിംഗർ ഫൗണ്ടേഷൻ’ പ്രസിഡന്റ് ഫാ. ഫ്രെദറിക്കൊ ലൊമ്പാർദിയാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.

ബനഡിക്ട് 16-ാമൻ പാപ്പയുടെ ദൈവശാസ്ത്രപഠനങ്ങളും പ്രബോധനങ്ങളും എല്ലാക്കാലത്തുമുള്ള ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2007ൽ വത്തിക്കാനിൽ സ്ഥാപിതമായ സംരംഭമാണ് ‘റാറ്റ്‌സിംഗർ ഫൗണ്ടേഷൻ’. ബനഡിക്ട് 16-ാമൻ പാപ്പയുടെ ജ്ഞാനസ്‌നാന നാമമാണ് ജോസഫ് റാറ്റ്‌സിംഗർ. അഞ്ച് അംഗങ്ങളുള്ള സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി ഫ്രാൻസിസ് പാപ്പയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയയിലെ നോട്രെഡാം സർവകലാശാലയിലെ അധ്യാപികയായ ട്രേസി റോളണ്ട് ‘ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷൻ’ അംഗവുമാണ്. ദൈവശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ട്രേസിയുടെ ശ്രദ്ധേയമായ രണ്ട് രചനയാണ് ‘റാറ്റ്‌സിംഗേഴ്‌സ് ഫെയ്ത്ത്: ദ തിയോളജി ഓഫ് ദ പോപ്പ് ബനഡിക്ട് XVI’, ‘ബനഡിക്ട് XVI : എ ഗൈഡ് ഫോർ ദ പെർപ്ലെക്‌സ്ഡ്’ എന്നിവ.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ തത്ത്വചിന്തകനായ ജാക്വസ് ഡെറിഡയുടെ വിദ്യാർത്ഥിയായിരുന്ന മരിയൻ, ‘അനശ്വരന്മാർ’ (immortals) എന്നറിയപ്പെടുന്ന 40 ഫ്രഞ്ച് ബുദ്ധിജീവികളുടെ സംഘമായ ‘അകാദെമി ഫ്രാഞ്ചസി’ അംഗമാണ്. ചിക്കാഗോ യൂണിവേഴ്‌സിറ്റി ഡിവിനിറ്റി സ്‌കൂളിലെ പ്രൊഫസറും പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ അംഗവുമാണ്. കൂടാതെ, ‘saturated phenomena’ എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലോകത്തെ പ്രമുഖ കത്തോലിക്കാ ചിന്തകൻ എന്ന വിശേഷണവും ഇദ്ദേഹത്തിന് സമ്മാനിച്ചു.

അവാർഡ് സമർപ്പണ തിയതി പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി നവംബറിൽ ഫ്രാൻസിസ് പാപ്പയാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?