Follow Us On

19

April

2024

Friday

ദിവ്യകാരുണ്യ ഭക്തി ഓരോ വിശ്വാസിയും നവീകരിക്കണം; ആഹ്വാനവുമായ് ആർച്ച്ബിഷപ്പ്

ദിവ്യകാരുണ്യ ഭക്തി ഓരോ വിശ്വാസിയും നവീകരിക്കണം; ആഹ്വാനവുമായ് ആർച്ച്ബിഷപ്പ്

സാൻ ഫ്രാൻസിസ്‌കോ: ഓരോ വിശ്വാസിയും ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആരാധനയും നവീകരിക്കണമെന്ന ആഹ്വാനവുമായി സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോട് അനുബന്ധിച്ച് സെന്റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രൽ അങ്കണത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

ജനപങ്കാളിത്തത്തോടെയുള്ള തിരുക്കർമങ്ങൾക്കുണ്ടായിരുന്ന വിലക്കുകളിൽ ഇളവു ലഭിച്ചതിലൂടെ വിശ്വാസീസമൂഹത്തിന് ദിവ്യകാരുണ്യത്തോട് ചേർന്ന് നിൽക്കാനുള്ള അവസരം കൂടുതലായി ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി അനുരജ്ഞനപ്പെട്ടുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാനും ദിവ്യബലിയിൽ പങ്കെടുക്കാനും ശ്രദ്ധിക്കണം. ദിവ്യകാരുണ്യ സാന്നിധ്യത്തിലായിരിക്കുമ്പോൾ മാതൃകാപരമായ വസ്ത്രം ധരിച്ച് പ്രാർത്ഥനാപൂർവം മൗനം പാലിക്കണം.

എന്തെന്നാൽ, പുതുക്കപ്പെടലിന്റെ യഥാർത്ഥ പ്രവർത്തനം ഓരോ ആത്മാവിലും സഭയുടെ ഹൃദയത്തിൽനിന്നുമാണ് ആരംഭിക്കുന്നത്. അസീസിയിലെ വിശുദ്ധന്റെ ജീവിതമാതൃക ഉൾകൊണ്ട് ആന്തരിക വിശുദ്ധി നാം നേടിയെടുക്കണം. പ്രാർത്ഥന, ഉപവാസം, സ്‌നേഹം, ബഹുമാനം, പാവപ്പെട്ടവരോടുള്ള കരുതൽ എന്നിവയിലൂടെ ദിവ്യകാരുണ്യഭക്തി വളർത്തിയെടുക്കണം. ദിവ്യകാരുണ്യത്തിലുള്ള വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികളുടെ ഇടപെടലിനെ തുടർന്ന് ദൈവാലയത്തിൽ 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുക്കർമങ്ങൾ അർപ്പിക്കാൻ സാൻഫ്രാൻസിസ്‌കോ നഗരസഭ കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. 25 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകൂ എന്ന തീരുമാനം നഗര സഭ തിരുത്തുകയായിരുന്നു. ദൈവാലയത്തിന് പുറത്തു നടത്തുന്ന തിരുക്കർമങ്ങളിലെ പങ്കാളിത്തം 50ൽനിന്ന് 200 ആയി ഉയർത്തുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കുമ്പോഴും ദൈവാലയങ്ങളിലെ തിരുക്കർമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നഗരസഭ നീക്കാത്ത സാഹചര്യത്തിലാണ് സാൻഫ്രാൻസിസ്‌കോ അതിരൂപതയിലെ വിശ്വാസീസമൂഹം രംഗത്തെത്തിയത്. വിശ്വാസീസമൂഹം നഗരനിരത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചതും 35,000ൽപ്പരം പേർ ഒപ്പുരേഖപ്പെടുത്തിയ നിവേദനം നഗരസഭയ്ക്ക് കൈമാറിയതും ശ്രദ്ധേയമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?