ഫാത്തിമയിലെ മരിയൻ ദർശനത്തിന്റെ സമാപനത്തിൽ സംഭവിച്ച ‘സൂര്യാത്ഭുത’ത്തിൽ പരിശുദ്ധ അമ്മ വെളിപ്പെടുത്തിയ മൂന്ന് ദൃശ്യങ്ങൾ, ആ ദിനത്തിന്റെ സ്മരണ പുതുക്കുന്ന ദിനത്തിൽ (ഒക്‌ടോബർ 13) പങ്കുവെക്കുന്നു ലേഖകൻ.
ഫാ. ജയ്‌സൺ കുന്നേൻ mcbs
ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 105 വർഷം പൂർത്തിയാകുന്നു. 1917 മേയ് 17ന് ആരംഭിച്ച ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13ന് നടന്ന സൂര്യാത്ഭുതത്തോടെയാണ്. അതേക്കുറിച്ച്, അത് സാക്ഷിയായ മൂന്ന് ഇടയബാലകരിൽ ഒരാളും പിൽക്കാലത്ത് സന്യാസവ്രതം സ്വീകരിക്കുകയും ചെയ്ത സിസ്റ്റർ ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്:
‘അന്ന് പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്‌നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതി യാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി, തളർവാത രോഗികൾ എഴുന്നേറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി, എകദേശം എഴുപതിനായിരം പേരാണ് ഈ അത്ഭുഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.’
പരിശുദ്ധ അമ്മയുമായുള്ള സംസാരം
1917 ഒക്ടോബർ 13 ഇടയകുട്ടികളായ ലൂസി, ജസീന്താ, ഫ്രാൻസിസ്‌കോ എന്നിവരാണ് ഈ സൂര്യാത്ഭുഭുതം ആദ്യം ദർശിച്ചത്. ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയവും ലൂസിയും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു. അതിങ്ങനെ:
ലൂസി: ഞാൻ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
പരിശുദ്ധ മറിയം: എന്റെ ബഹുമാനാർത്ഥം ഇവിടെ ഒരു ചാപ്പൽ പണിയണം. ഞാൻ ജപമാല നാഥയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരുക. യുദ്ധം അവസാനിക്കാറായി. അതുപോലെ പട്ടാളകാർക്കു ഉടനെ അവരുടെ വീടുകളിലേക്കു മടങ്ങാനാകും.
ലൂസി: എനിക്കു നിന്നോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കാനുണ്ട്, നിനക്കു ചില രോഗികളെ സുഖപ്പെടുത്താനും പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനും കഴിയുമോ?
പരിശുദ്ധ മറിയം: ചിലരെ സുഖപ്പെടുത്താൻ എനിക്കു കഴിയും. അവർ അവരുടെ ജീവിതം പരിവർത്തനപ്പെടുത്തുകയും പാപങ്ങൾക്കു പൊറുതി അപേക്ഷിക്കുകയും വേണം.
ദു:ഖിതയായ അവൾ കൂട്ടിച്ചേർത്തു, അവർ നമ്മുടെ കർത്താവിനെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കട്ടെ, കാരണം അവിടുന്ന് ഇതിനകം വളരെ അസ്വസ്ഥനാണ്.
സൂര്യാത്ഭുതത്തിൽ മൂന്ന് ദൃശ്യങ്ങൾ
പരിശുദ്ധ കന്യകാമറിയം ആകാശത്തുനിന്ന് അപ്രത്യക്ഷമാമായപ്പോൾ, മൂന്ന് രംഗങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. ആദ്യം ജപമാലയുടെ സന്തോഷകരമായ രഹസ്യങ്ങൾ, പിന്നീടു ദുഃഖത്തിന്റെയും മഹിമയുടെയും രഹസ്യങ്ങൾ.
ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ലൂസി മാത്രമാണ് മൂന്നു ദൃശ്യങ്ങൾ ദർശിച്ചത്. ഫ്രാൻസിസ്‌കോയ്ക്കും ജസീന്തായ്ക്കും ആദ്യത്തെ ദൃശ്യം മാത്രമേ കാണാൻ സാധിച്ചുള്ളൂ.
ഒന്നാമത്തെ ദൃശ്യത്തിൽ, വിശുദ്ധ യൗസേപ്പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നുനിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വിശുദ്ധ യൗസേപ്പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വിശുദ്ധ യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു.
രണ്ടാമത്തെ ദൃശ്യത്തിൽ, വ്യാകുലമാതാവിന്റെ ദൃശ്യമാണ് ലൂസി കണ്ടത്. അവളുടെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറിയിരിക്കുന്നതും കാൽവരിയിലേക്കുള്ള ഈശോയുടെ യാത്രകണ്ട് അതീവ വേദന അനുഭവിക്കുന്ന മറിയത്തെയും ലൂസി ദർശിച്ചു. ഈശോ കുരിശിന്റെ മുദ്രയാൽ ജനസമൂഹത്തെ ആശീർവദിച്ചിരുന്നു. ഈശോയുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമേ ലൂസിക്കു കാണാൻ കഴിയുമായിരുന്നുള്ളൂ.
മൂന്നാമത്തെ ദൃശ്യത്തിൽ, സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ട കർമല മാതാവിനെയാണ് ലൂസി കണ്ടത്. കർമല നാഥാ തന്റെ ഹൃദയത്തോടു ഉണ്ണീശോയെ ചേർത്ത് പിടിച്ചിരുന്നു.
പിന്നീട് മറിയം അവളുടെ കൈകൾ തുറന്നു, അതിൽനിന്നു പ്രകാശം സൂര്യനിലേക്കു പ്രവഹിച്ചു. ലൂസി എഴുന്നേൽക്കാൻ പരിശ്രമിക്കുമ്പോൾ സൂര്യപ്രകാശത്തിന്റെ ആധിക്യത്താൽ ഭയപ്പെട്ടു അവൾ വിളിച്ചു പറഞ്ഞു: ‘സൂര്യനിലേക്കു നോക്കുക!’
പെട്ടെന്ന് മഴ പെയ്യുന്നത് നിന്നു. മേഘങ്ങൾ നടുവേ വിഭജിച്ചു, സൂര്യരശ്മികൾ ദൃശ്യമായി.പെട്ടെന്ന് സൂര്യൻ അതിശക്തമായ വേഗതയിൽ ഒരു തീഗോളമായി സ്വയം കറങ്ങി. മഞ്ഞ, പച്ച, ചുവപ്പ്, നീല, വയലറ്റ് എന്നീ നിറങ്ങളിൽ രശ്മികൾ അവയിൽ നിന്നു പുറപ്പെട്ടു.
രണ്ടാമത്തെയും മൂന്നാമത്തെയും തവണ ആദ്യത്തേതിലും വർണാഭമായി സൂര്യൻ നൃത്തം ചെയ്തു. സൂര്യന്റെ ഒരു ഭാഗം സ്വയം അകന്നുമാറി ആകാശത്തിൽനിന്ന് ഭൂമിയിലേക്ക് ജനക്കൂട്ടത്തിലേക്ക് വീഴുന്നതായി ദർശിച്ചു. എഴുപതിനായിരത്തോളം വരുന്ന ജനാവലി ഭയപ്പെട്ട് ദൈവ കരുണയ്ക്കായി നിലവിളിച്ച് പ്രാർത്ഥിച്ചു. 10 മിനിറ്റിനുശേഷം സൂര്യൻ പൂർവസ്ഥിതിയിലായി.
*****
ഫാത്തിമാ ജപം ഭക്തിയോടെ അനുദിനം നമുക്കും ജപിക്കാം:
ഓ! എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ, നരകാഗ്‌നിയിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേക്കാനയിക്കണമേ!
Leave a Comment
Your email address will not be published. Required fields are marked with *