Follow Us On

25

October

2020

Sunday

അടിയന്തിര സഹായം ലഭ്യമാക്കുന്നവരെല്ലാം ദൈവദൂതന്മാർ; പരമ്പരാഗതമായ ‘ബ്ലൂ മാസ്’ അർപ്പിച്ച് ആർച്ച്ബിഷപ്പ്

അടിയന്തിര സഹായം ലഭ്യമാക്കുന്നവരെല്ലാം ദൈവദൂതന്മാർ; പരമ്പരാഗതമായ ‘ബ്ലൂ മാസ്’ അർപ്പിച്ച് ആർച്ച്ബിഷപ്പ്

സാൻഫ്രാൻസിസ്‌കോ: പൊലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും ഉൾപ്പെടെ ആപത്ഘട്ടത്തിൽ അടിയന്തിര സഹായവുമായി ഓടിയെത്തുന്നവർ (ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്) ദൈവത്തിന്റെ ദൂതന്മാരാണെന്ന് ഓർമിപ്പിച്ച് സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. സാൻഫ്രാൻസിസ്‌കോ നഗരത്തിൽ സേവനം ചെയ്യുന്ന ‘ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനു’വേണ്ടി എല്ലാ വർഷവും പരമ്പരാഗതമായി അർപ്പിക്കുന്ന ‘ബ്ലൂ മാസി’ൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രപഞ്ചത്തിലെ ക്രമങ്ങൾ താറുമാറാകുമ്പോൾ അതിനെ വീണ്ടും ക്രമത്തിലെത്തിക്കുന്ന ദൈവത്തെപ്പോലെ, പ്രതിസന്ധികളോട് ആദ്യമേ പ്രതികരിക്കുന്നവരാണ് ‘ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്’. പൊലീസ് ഉദ്യോഗസ്ഥർ, അഗ്‌നിശമന സേനാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എതുതരത്തിലുള്ള പ്രതിസന്ധികളിലും ആദ്യം പ്രതികരിക്കുന്ന ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്. പ്രപഞ്ച സൃഷ്ടാവിന്റെ ദാസരെന്നപോലെയാണ് അവരുടെ സേവനങ്ങൾ.

പ്രപഞ്ചത്തിന്റെ രാജാവായ ദൈവത്തിന്റെ ദാസരാണവർ. സുവിശേഷത്തിൽ പ്രതിപാദിക്കുന്ന ദാസന്മാരെപോലെ അത്രമാത്രം കൃത്യമായാണ് അവർ തങ്ങളുടെ തൊഴിൽ നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശീലനത്തിനിടെ കഴിഞ്ഞയാഴ്ച സാൻഫ്രാൻസിസ്‌കോയിൽ നിര്യാതനായ അഗ്‌നിശമന സേനാംഗം ജേസൺ കോർട്ടെസിനെ പ്രത്യേകം പരാമർശിച്ച അദ്ദേഹം, ഉദ്യോഗസ്ഥരുടെ ബാഡ്ജുകൾ ആശീർവദിക്കുകയും ദിവ്യബലിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ‘സെന്റ് മൈക്കിൾ മെഡലുകൾ’ വിതരണം ചെയ്യുകയും ചെയ്തു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെന്റ് മേരി ഓഫ് ദ അസംപ്ഷൻ കത്തീഡ്രൽ അങ്കണത്തിലായിരുന്നു ദിവ്യബലിയർപ്പണം. ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനിന്റെ കുടുംബാഗങ്ങളും ‘ബ്ലൂ മാസി’ൽ പങ്കെടുത്തു. വാഷിംഗ്ടൺ ഡി.സിയിലെ സെന്റ് പാട്രിക്‌സ് ദൈവാലയത്തിലാണ് ആദ്യമായി ‘ബ്ലൂ മാസ്’ അർപ്പിക്കപ്പെട്ടത്, 1934 സെപ്റ്റംബർ 29ന്.

കത്തോലിക്കരായ പൊലീസ് ഉദ്യോഗസ്ഥർ, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവർക്കായുള്ള കൂട്ടായ്മയുടെ ചുമതല വഹിച്ചതിന്റെ ഭാഗമായി ഫാ. തോമസ് ഡേഡ് അർപ്പിച്ച് ‘ബ്ലൂ മാസ്’ പിൽക്കാലത്ത് രാജ്യവ്യാപകമായ ആഘോഷമായി മാറുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ നിറവുമായ് ബന്ധപ്പെട്ടാണ് ‘ബ്ലൂ മാസ്’ എന്ന വിശേഷണം കൈവന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?