Follow Us On

25

October

2020

Sunday

പൊലീസ് ഉദ്യോഗത്തിന് വിട; ആന്റണി ജോർജ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

പൊലീസ് ഉദ്യോഗത്തിന് വിട; ആന്റണി ജോർജ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

കെനിയ: ഉയർന്ന ശമ്പളവും പദവിയുമുള്ള ഉദ്യോഗം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിക്കുന്ന ദൈവവിളികൾ കേരളത്തിലേതുപോലെ ലോകത്തെമ്പാടും സംഭവിക്കുന്നുണ്ട്. ആ നിരയിൽ ഏറ്റവും പുതുതായി പേരുചേർക്കപ്പെട്ട നവവൈദികനാണ് ഫാ. ആന്റണി ജോർജ് (Fr. Antony Njoroge) എന്ന കെനിയൻ സ്വദേശി. കുറ്റവാളികളെ നിയമത്തിനു മുന്നിൽ ഏൽപ്പിക്കാൻ അധികാരമുള്ള പൊലീസ് ഉദ്യോഗം രാജിവെച്ചാണ് ഈ 41 വയസുകാരൻ ദൈവജനത്തിന്റെ ശുശ്രൂഷകനാകുന്നത്.

സ്‌കൂൾ ജീവിതകാലത്ത് നഷ്ടമായ ദൈവവിശ്വാസം തിരികെപ്പിടിച്ചും കൂദാശാ ജീവിതം നയിച്ചും 31-ാം വയസിൽ സെമിനാരി പ്രവേശനം നേടിയ ആന്റണി ജോർജ് ഒക്‌ടോബർ ഒന്നിന് ന്‌ഗോംഗ് രൂപതാധ്യക്ഷൻ ബിഷപ്പ് ജോൺ ഒബല്ലയിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. സാമ്പത്തിക ദദ്രതയുള്ള കുടുംബത്തിലായിരുന്നു ആന്റണിയുടെ ജനനം. പിതാവ് സർക്കാർ ഉദ്യോഗസ്ഥൻ. ഉത്തമ വിശ്വാസിയായ അമ്മയായിരുന്നു ആത്മീയ ജീവിതത്തിൽ ആന്റണിക്ക് മാതൃക.

കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പം പ്രാർത്ഥനയിലും ദിവ്യബലിയിലുമെല്ലാം പങ്കെടുക്കുമായിരുന്നെങ്കിലും സ്‌കൂൾ പഠനകാലത്ത് ആന്റണിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ദൈവവിശ്വാസത്തിൽനിന്ന് അകന്ന അവൻ ദൈവാലയ തിരുക്കർമങ്ങളിൽ പങ്കെടുക്കാതെയായി. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കിഗാൻജോയിലെ പൊലീസ് ട്രയിനിംഗ് സ്‌കൂളിൽ ചേർന്ന് ഉപരിപഠനം നടത്തി. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ഒരു പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം.

കുറച്ച് നാളുകൾക്കകം അവന്റെ മനസിൽ ഒരു സംശയം പ്രബലമായി: ‘ഇതാണോ എന്റെ വഴി.’ മികച്ച ശമ്പളവും പദവിയുമെല്ലാം ഉണ്ടെങ്കിലും ഒരു ശൂന്യത അവനെ വേട്ടയാടി. ആ തിരിച്ചറിവ് അവനെ ദൈവാലയത്തിലേക്കും ക്രിസ്തുവിലേക്കും തിരിച്ചെത്തിച്ചു. കുടുംബജീവിതം സ്വപ്‌നം കണ്ടു തുടങ്ങിയെങ്കിലും, തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കണം എന്ന തടുക്കാനാവാത്ത പ്രചോദനമാണ് ആന്റണിയിൽ നിറഞ്ഞത്.

പൗരോഹിത്യമാണോ ദൈവം തന്നിൽനിന്ന് ആഗ്രഹിക്കുന്നത് എന്നറിയാൻ ന്‌ഗോംഗ് രൂപതയിലെ ദൈവവിളി ഡയറക്ടറെ കാണാനെത്തി. പ്രായം 30 കഴിഞ്ഞതിനാൽ തന്റെ ആഗ്രഹത്തിൽനിന്ന് അദ്ദേഹം പിൻതിരിപ്പിക്കുമോ എന്ന് സംശയമുണ്ടായെങ്കിലും, ലഭിച്ചത് വലിയ പ്രോത്‌സാഹനമാണ്. ആന്റണിയുടെ തീരുമാനം കുടുംബത്തെ മാത്രമല്ല സുഹൃത്തുക്കളെയും അമ്പരപ്പിച്ചു. ഒടുവിൽ എല്ലാവരുടെയും പ്രാർത്ഥനാശംസകളോടെ 31-ാം വയസ് ആഘോഷിച്ച 2010ൽ ആന്റണി സെമിനാരി അർത്ഥിയായി.

2019ലായിരുന്നു ഡീക്കൻ പട്ടം. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന ന്‌ഗോംഗ് കത്തീഡ്രലിൽവെച്ചായിരുന്നു തിരുപ്പട്ട സ്വീകരണം. ‘വൈദികനായി സഭയെ സേവിക്കുക എന്ന എന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷം വിവരിക്കാനാവില്ല. ആഗ്രഹം ഉള്ളിലുണ്ടായിരുന്നെങ്കിലും അനേക വർഷങ്ങൾ അതിനായി അലയേണ്ടി വന്നു. വൈദികനാകുക എന്ന എന്റെ വിളി ഇപ്പോൾ എനിക്ക് മനസിലാക്കാനാകുന്നുണ്ട്, പൂർണത എനിക്ക് അനുഭവിക്കാനാകുന്നു,’ ഫാ. ആന്റണി സാക്ഷ്യപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?