Follow Us On

04

June

2023

Sunday

ജസ്റ്റീസ് കുര്യൻ ജോസഫ്: ദൈവമാതാവിന്റെ കരം പിടിച്ച ന്യായാധിപൻ

ജസ്റ്റീസ് കുര്യൻ ജോസഫ്: ദൈവമാതാവിന്റെ കരം പിടിച്ച ന്യായാധിപൻ

ആഗോളസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജഡ്ജി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്.

സ്വന്തം ലേഖകൻ

‘ഒക്‌ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം നാവാണ്. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കുട്ടിക്കാലം മുതൽ തുടങ്ങിയ യാത്രയിലെ ഓരോ രംഗവും കൺമുന്നിൽ നിറയും.

അഭിഭാഷകനായിരുന്നപ്പോഴും പിന്നീട് ജസ്റ്റീസിന്റെ പദവി വഹിച്ചപ്പോഴുമെല്ലാം തിരക്കുകൾ ഏറെയുണ്ടായെങ്കിലും ജപമാലയിൽ കോർത്ത്, പരിശുദ്ധ അമ്മയുടെ കരം വിടാതെയായിരുന്നു ആ യാത്രകൾ. ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

“എന്റെ അമ്മേ, എന്റെ ആശ്രയമേ”

എന്ന  സുകൃതജപം അമ്മ എന്നെ മടിയിലിരുത്തി പറഞ്ഞുതന്നതുകൊണ്ട് പരിശുദ്ധ അമ്മയോടുള്ള പ്രത്യേകമായ ഭക്തിയില്‍ വളര്‍ന്നു വരാന്‍ സാധിച്ചിരുന്നു. അതുകഴിഞ്ഞ് ജപമാല ചൊല്ലാന്‍ പഠിപ്പിച്ചതും മാതാപിതാക്കളായിരുന്നു. അപ്പച്ചന്‍ എറണാകുളത്ത് ജോലിക്കുപോകുമ്പോള്‍ ബസിലിരുന്ന് ജപമാല ചൊല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹം പേഴ്‌സില്‍ കൊന്ത സൂക്ഷിച്ചിരുന്നു. യാത്രകളില്‍ കൊന്ത ചൊല്ലുന്നത് അപ്പച്ചന്റെ പതിവായിരുന്നു. ആത്മീയമായ നിയോഗങ്ങള്‍ക്കായി ഇത്ര ജപമാലകള്‍ ചൊല്ലി കാഴ്ചവെച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്ന് എന്റെ സഹോദരങ്ങളും എന്നെ പഠിപ്പിച്ച സിസ്റ്റര്‍മാരും പറഞ്ഞുതന്നിരുന്നു.

വൈദികര്‍ക്ക് നല്‍കിയ സുകൃതമഞ്ജരികള്‍

അന്നൊക്കെ സ്ഥലംമാറിപ്പോകുന്ന വൈദികര്‍ക്ക് ഏറ്റവും വിലപ്പെട്ട
സമ്മാനമായി കൊടുത്തിരുന്നത് സുകൃതമഞ്ജരിയാണ്. അതായത് സുകൃതജപങ്ങളുടെ എണ്ണവും ജപമാലയുടെ എണ്ണവും ചേര്‍ത്തിട്ട് സുകൃതമഞ്ജരി എന്നു പറഞ്ഞാണ് സമ്മാനം നല്‍കിയിരുന്നത്. വിലയേറിയ സമ്മാനങ്ങളെക്കാള്‍ കൂടുതലായി അവര്‍ക്ക് പ്രിയപ്പെട്ടതും അതായിരുന്നു. ഇന്ന് അങ്ങനെയുള്ള നല്ല കീഴ്‌വഴക്കമൊന്നും കാണുന്നില്ല. അത് വാങ്ങിക്കുന്നവര്‍ക്ക് താല്‍പ്പര്യമില്ലാഞ്ഞിട്ടാണോ കൊടുക്കുന്നവര്‍ക്ക് അതൊരു നാണക്കേടായി തോന്നിയിട്ടാണോ എന്തോ, അങ്ങനെയൊന്നും കാണുന്നില്ല.

ഇന്നിപ്പോള്‍ മെറ്റീരിയല്‍ സമ്മാനങ്ങളാണ്. ആകര്‍ഷകമായ അല്ലെങ്കില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സമ്മാനങ്ങളാണ് കൊടുക്കുന്നത്. എന്റെ അഭിപ്രായത്തില്‍ പഴയ നടപടിക്രമം തന്നെയായിരുന്നു നല്ലത്. ലോകത്തെ ഉപേക്ഷിച്ചവര്‍ക്ക് ലോകത്തിന്റെ ആകര്‍ഷണങ്ങള്‍ സമ്മാനങ്ങളായി കൊടുക്കുന്നതിനെക്കാള്‍ നല്ലത് പരിശുദ്ധ അമ്മയുടെ വാത്സല്യത്തില്‍ വളര്‍ന്നുവരാന്‍ തക്കവണ്ണം വിലപ്പെട്ട പ്രാര്‍ത്ഥനകളാണ് നല്‍കേണ്ടത്. കാരണം, വിലയേറിയതെന്ന് പറഞ്ഞ് നല്‍കുന്ന പല സമ്മാനങ്ങളും ഒരുപക്ഷേ വിലകെട്ടതായി മാറും,

അത് ഉപയോഗിക്കുന്ന വ്യക്തികളുടെ മനോഭാവത്തിലോ അല്ലെങ്കില്‍ നശ്വരമായ അതിന്റെ ഉപയോഗത്തെ സംബന്ധിച്ചോ ആലോചിക്കുമ്പോള്‍. നേരെമറിച്ച് നാം കൊടുക്കുന്ന ദൈവികചിന്തയുണര്‍ത്തുന്ന സമ്മാനങ്ങള്‍ ഒരിക്കലും വില കെടാത്തതാണ്. അത് ആ വ്യക്തിയുടെ ആത്മീയമായ വളര്‍ച്ചയ്ക്കും ഉല്‍ക്കര്‍ഷത്തിനും ഉപകരിക്കുകയും ചെയ്യും.

ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലണോ?

കുറച്ചുകൂടി പ്രായമായപ്പോള്‍ എന്നെ ചിന്തിപ്പിച്ച മറ്റൊരു കാര്യം എന്തുകൊണ്ട് പരസ്യമായി ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ച് ജപമാല ചൊല്ലുന്നു എന്നതായിരുന്നു. പല വൈദികരോടും യുവത്വത്തിന്റെ തിളപ്പില്‍ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍, അത് യുക്തിഭദ്രമാണെന്ന് എനിക്ക് മനസിലായത് പരിശുദ്ധ കുര്‍ബാനയെയും പരിശുദ്ധ ജപമാലയെയും കുറിച്ച് ഒരുമിച്ച് ധ്യാനിക്കാന്‍ ആരംഭിച്ചപ്പോഴാണ്. പരിശുദ്ധ കുര്‍ബാനയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ക്രൈസ്തവ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത രണ്ട് ഘടകങ്ങളാണ്. ഇതില്‍ ഏതെങ്കിലുമൊന്ന് ഒഴിവായാല്‍ ക്രിസ്ത്യാനിയുടെ ആത്മീയജീവിതത്തില്‍ എവിടെയോ ഒരു കുറവുള്ളതായി നമുക്ക് തോന്നുകയും ഒരു മുരടിച്ച അവസ്ഥ, വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യും.

ആത്മീയ ജീവിതത്തെ എന്നും പുഷ്ടിയുള്ളതാക്കി വളര്‍ത്തി നിര്‍ത്തുന്ന രണ്ട് ഭക്തികളാണ് ദിവ്യകാരുണ്യവും ജപമാലയും. പരിശുദ്ധ കുര്‍ബാനയുടെ അമ്മയാണ് പരിശുദ്ധ അമ്മ. പരിശുദ്ധ കുര്‍ബാന എവിടെയുണ്ടോ അവിടെ അമ്മയുടെ സാന്നിധ്യവുമുണ്ടാകും. കാരണം കുര്‍ബാനയാകുന്ന മകന്റെ ജീവിതത്തില്‍, കുര്‍ബാന സ്ഥാപിച്ചപ്പോള്‍ മാത്രമല്ല ആ ജീവിതത്തെ പിന്തുടര്‍ന്ന്, കുര്‍ബാനയാകാന്‍വേണ്ടി പരിശുദ്ധ അമ്മ മകന്റെ കൂടെനിന്നു. അതിനാല്‍ മാതാവ് പരിശുദ്ധ കുര്‍ബാനയുടെ അമ്മതന്നെയാണ്.

ആദ്യത്തെ സക്രാരിയല്ലേ പരിശുദ്ധ അമ്മ. പരിശുദ്ധ കുര്‍ബാന ഇരിക്കുന്നിടത്തെല്ലാം പരിശുദ്ധ അമ്മയുണ്ടാകും. കാരണം, മകന്റെ സാന്നിധ്യത്തിലേക്ക് മക്കളെ കൊണ്ടുവരിക എന്നതാണ് പരിശുദ്ധ അമ്മയുടെ ദൗത്യം. ഞാന്‍ കൈ വിട്ടാലും എന്നെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധ അമ്മ ഈശോയോട് മക്കളെ ചേര്‍ത്തുനിര്‍ത്തുന്നു. ഓരോ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയിലും ഞങ്ങള്‍ക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ കരം പിടിച്ചാണ് നാം പ്രാര്‍ത്ഥിക്കുന്നത്.

പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്നുകൊണ്ട് ജപമാല ചൊല്ലുന്നതില്‍ യുക്തിസഹമായും തെറ്റില്ല. അത് വളരെ അര്‍ത്ഥവത്തായ ഭക്തകൃത്യംകൂടിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭക്തിയില്‍ യുക്തിക്ക് സ്ഥാനമില്ല എന്നുണ്ടെങ്കിലും ഇത് യുക്തിഭദ്രവുമാണ് എന്ന് മനസിലായത് പിന്നീടാണ്. അതുകൊണ്ടുതന്നെ പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്നുകൊണ്ട് ജപമാലയര്‍പ്പിക്കുമ്പോള്‍ പ്രത്യേകമായ ആത്മീയാനുഭവം എനിക്ക് തോന്നിയിട്ടുണ്ട്.

അഭിഭാഷകനായിരുന്ന സമയത്തും ജഡ്ജിയായിരുന്നപ്പോഴും പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് ആത്മീയമായ നിര്‍വൃതിയോടുകൂടി ജപമാലകള്‍ ചൊല്ലിയിട്ടുണ്ട്. എല്ലാ ദിവസവും ചൊല്ലുമായിരുന്നു. ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പരിശുദ്ധ ജപമാല ചൊല്ലാന്‍ താല്‍പ്പര്യമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച് വളരെ വ്യക്തമായി ധ്യാനിക്കാന്‍ അപ്രകാരമുള്ള അവസരങ്ങള്‍ ഉപകരിച്ചിട്ടുണ്ട്.

ജപമാലയിലെ പലവിചാരങ്ങള്‍

ഏത് ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുമ്പോഴും പലവിചാരങ്ങള്‍ ഉണ്ടാകും. രണ്ടു വിധത്തിലുള്ള പലവിചാരങ്ങളാണ് കണ്ടിട്ടുള്ളത്. ഒന്ന്, മനസിലെ ചിന്തകള്‍- ഞാന്‍ അനുവദിക്കുന്ന പലവിചാരങ്ങള്‍. രണ്ട്, ധ്യാനചിന്തയുടെ സമയത്ത് ദൈവം മനസിലേക്ക് നല്‍കുന്ന വിചാരങ്ങള്‍. അവ പ്രാര്‍ത്ഥനാനിയോഗങ്ങളാണ്. മനസില്‍ താലോലിച്ചുകൊണ്ടിരിക്കുന്ന ചിന്തകള്‍ പ്രാര്‍ത്ഥനാ വിഷയങ്ങളാണ്. ആ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യണം. നേരെമറിച്ച് ആത്മീയരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ മനസിലേക്ക് വരുന്ന ചിന്തകള്‍ എന്നു പറയുന്നത് ദൈവം അനുവദിക്കുന്നതാണ്. അതെന്റെ പ്രാര്‍ത്ഥനാ നിയോഗങ്ങളാണ്.

പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പരിശുദ്ധ അമ്മയോട് ചേര്‍ത്തുവെക്കുകയും പ്രാര്‍ത്ഥനാ വിഷയങ്ങള്‍ പരിശുദ്ധ അമ്മയുടെയും പരിശുദ്ധ കുര്‍ബാനയുടെയും മുമ്പിലിരുന്നുകൊണ്ട് ധ്യാനിക്കുകയും വേണം. അങ്ങനെ ഈശോയുടെ നല്ല മക്കളായിത്തീരാന്‍, അമ്മയുടെ മക്കളായി ഈശോയുടെ കൂടെയിരിക്കാന്‍ തക്കവണ്ണമുള്ള വിശുദ്ധി സമ്പാദിക്കാന്‍ ജപമാലപ്രാര്‍ത്ഥന ഏറെ ഉപകരിക്കും. എനിക്ക് മനസിലാകാത്തതും പിടികിട്ടാത്തതുമായ ജീവിതത്തിന്റെ രഹസ്യങ്ങളാണ് ഈശോയുടെ ജീവിതരഹസ്യങ്ങളോടു ചേര്‍ത്തുവെച്ച് ധ്യാനിക്കുന്നത്. അപ്പോഴാണ് പലതിന്റെയും കുരുക്ക് അഴിയുന്നത്.

കുരുക്കഴിക്കുന്ന പ്രാര്‍ത്ഥന

മാതാവിനോടുള്ള കുരുക്കഴിക്കുന്ന പ്രാര്‍ത്ഥന ഞാന്‍ ചൊല്ലിയിട്ടുണ്ട്. അത് ജപമാലയില്‍ ധ്യാനിക്കാവുന്നതാണ്. എന്റെ ജീവിതത്തിലെ കുരുക്കുകള്‍ എവിടെയാണ് കിടക്കുന്നതെന്നത് തിരിച്ചറിയാനും എനിക്ക് പിടികിട്ടാത്ത പലതും മനസിലാക്കാനും അതുവഴി കഴിഞ്ഞിട്ടുണ്ട്. കുടുംബമായി യാത്ര ചെയ്യുന്ന സമയങ്ങളിലെല്ലാം ജപമാല ചൊല്ലുന്നത് പതിവാണ്.

എത്രയോ അപകടങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചത് ജപമാല പ്രാര്‍ത്ഥനവഴിയായിട്ടാണെന്ന് എനിക്ക് വ്യക്തമായി പറയാന്‍ കഴിയും. എന്റെ മനസില്‍ ഇന്നും മറക്കാനാവാത്ത ഒരു ഓര്‍മ എന്നു പറയുന്നത് ഞങ്ങള്‍ ജപമാല ചൊല്ലി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എതിരെ ഒരു വണ്ടി (ഞാനാണ് അന്ന് വണ്ടി ഓടിച്ചിരുന്നത്) വരുന്നുണ്ടായിരുന്നു. ഞാന്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് ആ വാഹനത്തെ കാണുന്നത്. പക്ഷേ ഒരു പോറലുപോലും ഏല്‍ക്കാതെ വാഹനത്തെ ഞങ്ങള്‍ മറികടന്നു.

യാത്ര ചെയ്യുന്ന അവസരങ്ങളില്‍ ചൊല്ലുന്ന ജപമാലകള്‍ വഴി കുടുംബത്തില്‍ കൂടുതല്‍ സന്തോഷവും ഐക്യവും സമാധാനവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വലിയ വളര്‍ച്ചയുമൊക്കെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയ വളര്‍ച്ചയോടൊപ്പംതന്നെ ഭൗതികമായി അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചെന്നു മാത്രം.

ജപമാലയെക്കുറിച്ച് ഓര്‍ക്കാനും പറയാനും ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ഓരോ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോഴും എപ്രകാരം എന്റെ ജീവിതത്തെ ഈശോയുടെ ജീവിതവുമായിട്ട് ചേര്‍ത്തുവെച്ച് മനസിലാക്കാനും ധ്യാനിക്കാനും പഠിക്കാനും മാറ്റാനും കഴിയും എന്ന ചിന്തയാണ് ആത്യന്തികമായി ഉണ്ടാകേണ്ടത്.

ഈശോയ്ക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങളെക്കാള്‍ കൂടുതലായി ഈശോയ്ക്കുണ്ടായ അനുഭവങ്ങള്‍ പരിശുദ്ധ അമ്മ നേരിട്ടത് എങ്ങനെയെന്ന് ധ്യാനിക്കണം. നമുക്കും ഒരു ജീവിതബലിയായി മാറാന്‍ കഴിയണമെന്ന വലിയ പ്രാര്‍ത്ഥനയിലേക്ക് ഈ ജപമാല പ്രാര്‍ത്ഥനകള്‍ കൊണ്ടുചെന്നെത്തിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?