Follow Us On

25

October

2020

Sunday

ഫാ. ബെയ്ൻ ഇനി ഓർമ; വിടചൊല്ലിയത് കുഷ്ഠരോഗികളെ മാറോടണച്ച ഡോക്ടറച്ചൻ!

ഫാ. ബെയ്ൻ ഇനി ഓർമ; വിടചൊല്ലിയത് കുഷ്ഠരോഗികളെ മാറോടണച്ച ഡോക്ടറച്ചൻ!

ബെർലിൻ: ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷം കുഷ്ഠരോഗികളെ പരിചരിച്ച ഫാ. അഗസ്റ്റ് ഓട്ടോ ബെയ്ൻ (87) നിര്യാതനായി. വിശുദ്ധ ഡാമിയന്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കുഷ്ഠരോഗികളെ മാറോടണച്ച ‘ഡോക്ടറച്ചനെ’യാണ്. 1964മുതൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ട് ഇന്ത്യയിൽ സേവനം ചെയ്ത അദ്ദേഹം 2013ലാണ് സ്വദേശമായ ജർമനിയിലേക്ക് തിരിച്ചുപോയത്.

കുഷ്ഠരോഗികളെ പരിചരിക്കാൻ തൃശൂർ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ‘ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടി’ലെ ആദ്യകാല ഡോക്‌റായിരുന്നു ഫാ. ഡോ. ബെയ്ൻ. പ്ലാസ്റ്റിക് സർജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സർജറിയിലൂടെ അനേകം കുഷ്ഠരോഗികൾക്ക് ‘പുതിയമുഖം’ നൽകിയ ഡോക്ടറാണ് അദ്ദേഹം. 1964മുതൽ 1968വരെ ഡാമിയൻ ഇസ്റ്റിറ്റിയൂട്ടിൽ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്.

തന്റെ ജീവിതത്തിന്റെ ഏറിയപങ്കും ഇന്ത്യയിൽ സേവനം ചെയ്ത ഫാ. ബെയ്ൻ മൊളോക്കയിലെ വിശുദ്ധ ഡാമിയന്റെ നേർപകർപ്പായിരുന്നു. ഓരോ കുഷ്ഠരോഗിയിലും ക്രിസ്തുവിനെ ദർശിച്ച അദ്ദേഹം അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ 6500 കുഷ്ഠരോഗികൾക്കാണ് പ്ലാസ്റ്റിക് സർജറിയിലൂടെ സൗഖ്യസ്പർശം നൽകിയത്. ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓപറേഷൻ തിയേറ്ററും വിരലുകളും മറ്റ് ശരീരഭാഗങ്ങളും ഇല്ലാതായിപ്പോയ കുഷ്ഠരോഗികൾക്ക് ധരിക്കാൻ ചെരിപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തയാറാക്കാനുള്ള വർക്ക്‌ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പിന്നീട് കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവടെ ആശുപത്രിയുടെ മേധാവിയായ സേവനം ചെയ്തപ്പോഴും 2001വരെ മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കുഷ്ഠരോഗികൾക്കു ശസ്ത്രക്രിയകൾ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു.

ജർമനിയിൽനിന്ന് എം.ബി.ബി.എസും പ്ലാസ്റ്റിക് സർജറിയിലും ഓർത്തോപീഡിക്കിലും വിദഗ്ദ്ധ പരിശീലനവും പൂർത്തിയാക്കിയശേഷമാണ് കേരളത്തിലെത്തിയത്. ജർമനിയിലെ കേബ്‌ളൻസിനടുത്തുള്ള ബെൻഡോഫ് സെന്റ് മെഡാർഡ് ഇടവക ദൈവാലയത്തിൽ ഒക്‌ടോബർ 21നാണ് മൃതസംസ്‌ക്കാര കർമം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?