Follow Us On

25

October

2020

Sunday

ജിഹാദികളുടെ മാനസാന്തരത്തിന് പ്രാർത്ഥന തുടരും; ക്രിസ്തീയ ക്ഷമയുടെ സന്ദേശം പ്രഘോഷിച്ച് ഫാ. പിയർലുയിജി

ജിഹാദികളുടെ മാനസാന്തരത്തിന് പ്രാർത്ഥന തുടരും; ക്രിസ്തീയ ക്ഷമയുടെ സന്ദേശം പ്രഘോഷിച്ച് ഫാ. പിയർലുയിജി

റോം: ‘വിശുദ്ധ കുർബാന അർപ്പിക്കാൻ അവസരം ലഭിച്ചില്ല. എങ്കിലും എല്ലാ ദിവസവും പ്രത്യേകിച്ച്, എല്ലാ ഞായറാഴ്ചകളിലും ബലിയർപ്പണത്തിലെ സ്‌തോത്രയാഗ പ്രാർത്ഥന ഞാൻ ചൊല്ലി- ആഫ്രിക്കയ്ക്കുവേണ്ടി, ലോകത്തിനുവേണ്ടി. ബൈബിൾ അവർ തന്നില്ലെങ്കിലും എല്ലാ ഞായറാഴ്ചയും ഞാൻ ഒരു സുവിശേഷഭാഗം ധ്യാനിച്ചുപോന്നു,’ ഇസ്ലാമിക തീവ്രവാദികളുടെ ബന്ധനത്തിൽനിന്ന് രണ്ട് വർഷത്തിനുശേഷം മോചിപ്പിക്കപ്പെട്ട ഫാ. പിയർ ലുയിജി തടവുജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു തുടങ്ങിയത് ഇപ്രകാരമാണ്.

തന്റെ ജീവിതത്തിലെ രണ്ട് വർഷം അപഹരിച്ചെങ്കിലും ശത്രുക്കളെയും സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച ക്രിസ്തുനാഥനെപ്രതി തീവ്രവാദികളോട് നിരുപാധികം ക്ഷമിക്കുകയാണ് ഫാ. ലുയിജി. അതിനുതെളിവാണ്, ജിഹാദികളുടെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ. പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസിന്’ നൽകിയ അഭിമുഖത്തിലായിരുന്നു, ക്രിസ്തീയ ക്ഷമ പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ:

‘പലപ്പോഴും യുവാക്കളായിരുന്നു എനിക്ക് കാവൽ നിന്നിരുന്നത്. അവരെപ്രതി ഞാൻ സങ്കടപ്പെട്ടു. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്ക് അറിയില്ലല്ലോ. തടവിൽ ആയിരുന്നപ്പോഴും അവർക്ക് തിരിച്ചറിവുണ്ടാകാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥന ഇനിയും തുടരും. തടവിൽനിന്ന് മുക്തനായ സമയത്ത് കാവൽനിന്നിരുന്നയാളോടും ഞാൻ പ്രാർത്ഥനാപൂർവം പറഞ്ഞു- നമെല്ലാം സഹോദരങ്ങളാണെന്ന്‌ മനസിലാക്കാനാകുന്ന ഒരു ദിനം ദൈവം തരട്ടെ.’

ആഫ്രിക്കയിൽ സേവനം ചെയ്യവേ 2018 സെപ്തംബറിൽ അൽ ഖ്വയിദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷണറി ഫാ. പിയർലുയിജി മക്കല്ലി (59) ഒക്‌ടോബർ എട്ടിനാണ് മോചിതനായത്. തെക്കുപടിഞ്ഞാറൻ നൈജറിൽ ബുർകിന ഫാസോയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ദൈവാലയത്തിൽനിന്നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനി’ലെ അംഗമായ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഏപ്രിലിൽ തീവ്രവാദികൾ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഫാ. പിയർ ലുയിജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

‘ഇസ്ലാം മതത്തെ അംഗീകരിക്കാത്ത കാഫിറായാണ് അവർ എന്നെ കണക്കാക്കിയത്. ഒരു പൈജാമയും ചെരുപ്പും ധരിക്കാൻ തന്നു. ജീവിതത്തിലേക്ക് തിരികെയെത്താനുള്ള അതിയായ ആഗ്രഹമാണ് ആ ദിനങ്ങളിൽ പിടിച്ചുനിർത്തിയത്. രാത്രിയും പകലും പ്രാർത്ഥന മാത്രമായിരുന്നു ആശ്രയം. മറ്റൊന്നിലും പ്രത്യാശവെക്കാനായില്ല. എന്റെ അമ്മയിൽനിന്നും എന്റെ കുടുംബത്തിൽനിന്നും ഞാൻ മനസിലാക്കിയ പ്രാർത്ഥനയും മുത്തശ്ശി ധ്യാനാത്മകമായി പഠിപ്പിച്ച ജപമാലയും മാത്രമായിരുന്നു ആശ്രയം.

വലിയ നിശബ്ദതയുടേയും ശുദ്ധീകരണത്തിന്റെയും ഉത്ഭവാവസ്ഥയിലേക്കുള്ള മടങ്ങിവരവിന്റെയും സമയമായിരുന്നു തടവയിൽ കഴിഞ്ഞ നിമിഷങ്ങൾ. എന്റെ ജീവിതം മുഴുവൻ ഒരു സിനിമ എന്നതുപോലെ വിശകലനം ചെയ്യാൻ ലഭിച്ച അവസരമായിരുന്നു അത്. ഞാൻ എന്നോടുതന്നെ പല ചോദ്യങ്ങളും ചോദിച്ചു. ഹൃദയം തകർന്ന് ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു. അവിടുന്ന് എവിടെയാണ്? എന്തിനാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്? എന്നുവരെ ഞാൻ ഇവിടെ തുടരേണ്ടതുണ്ട്? എന്നൊക്കെ ഞാൻ ദൈവത്തോട് ചോദിച്ചു. കാരണം, അവിടുന്ന് എന്നോടൊപ്പമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.

വിശുദ്ധ കുർബാന അർപ്പിക്കാൻ അവസരം ലഭിച്ചില്ല. എങ്കിലും എല്ലാ ദിവസവും പ്രത്യേകിച്ച്, എല്ലാ ഞായറാഴ്ചകളിൽ ഞാൻ സ്‌തോത്രയാഗ പ്രാർത്ഥന ചൊല്ലി. ‘ഇത് എന്റെ ശരീരം, നിങ്ങൾക്കും വിശിഷ്യാ, ലോകത്തിനും ആഫ്രിക്കയ്ക്കും വേണ്ടി മുറിക്കപ്പെട്ട അപ്പം’. ബൈബിൾ ആവശ്യപ്പെട്ടെങ്കിലും അവർ തന്നില്ല. എങ്കിലും, എല്ലാ ഞായറാഴ്ചയും ഞാൻ ഒരു സുവിശേഷഭാഗം ധ്യാനിച്ചുപോന്നു. മേയ് 20ന് ഒരു ഷോർട്ട് വേവ് റേഡിയോ തന്നു. തുടർന്നുള്ള എല്ലാ ശനിയാഴ്ചയും ‘വത്തിക്കാൻ റേഡിയോ’യിൽ നിന്നുള്ള ഞായർ സുവിശേഷത്തിന്റെ വ്യാഖ്യാനം കേൾക്കാൻ കഴിഞ്ഞു.

ഒരിക്കൽ വിശുദ്ധ കുർബാനയുടെ തത്സമയ പ്രക്ഷേണത്തിലും പങ്കെടുക്കാനായി. പന്തക്കുസ്ത തിരുനാൾ ദിനത്തിലായിരുന്നു അത്. അന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ഇപ്പോൾ ഞാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ്.’ പൗരോഹിത്യത്തെക്കുറിച്ചുള്ള സുവിശേഷവ്യാഖ്യാനം പൂർണഹൃദയത്തോടെ അന്ന് ഞാൻ ശ്രവിച്ചു. വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ബൈബിൾ വ്യാഖ്യാനം കേട്ടുകൊണ്ട് ഈശോയോടൊപ്പം ആയിരിക്കാൻ എനിക്ക് കഴിഞ്ഞു.

ഞാൻ കൊല്ലപ്പെടും എന്ന ഭീതി നാളുകൾ കഴിയുന്തോറും കുറഞ്ഞുതുടങ്ങി. ജിഹാദികളെ സംബന്ധിച്ചിടത്തോളം തടവുകാർ വളരെ വിലപിടിപ്പുള്ളവരാണ് എന്നതുതന്നെ അതിന് കാരണം. അതിനാൽ തടവുകാരോട് അവർ നന്നായി പെരുമാറാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ മാത്രമാണ് തീവ്രവാദികളിൽ ഒരാൾ പ്രകോപനത്തോടെ എനിക്കുനേരെ തിരിഞ്ഞത്. അയാളുടെ കണ്ണിൽ ഞാൻ ഇസ്ലാം മതത്തിൽ വിശ്വസിക്കാത്ത, ഖുറാനെ അപമാനിക്കുന്ന കാഫിറായിരുന്നു.

അന്ന് അയാൾ അത്യധികം പ്രകോപിതനായി. എന്നെ കൊല്ലുമെന്നുപോലും ഞാൻ കരുതി. എങ്കിലും എനിക്ക് കാവൽ നിന്നവർ പൊതുവേ എന്നെ ബഹുമാനിച്ചിരുന്നു. യുവാക്കളായിരുന്നു കാവലിന് നിയോഗിക്കപ്പെട്ടവരിൽ ഏറെയും. ‘പ്രായമായ മനുഷ്യൻ’ എന്ന് അർത്ഥംവരുന്ന ‘ഷെബാനി’ എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. എന്റെ വെളുത്ത താടി അവരെ ആകർഷിച്ചിട്ടുണ്ടാകാം. അവരെ ഓർത്ത് എനിക്ക് സങ്കടം തോന്നി. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കു അറിയില്ലല്ലോ. അവർക്ക് തിരിച്ചറിവുണ്ടാകാനായി ഞാൻ ആരംഭിച്ച പ്രാർത്ഥന ഇനിയും ഞാൻ തുടരും.

ഇന്ന് ഞാൻ സ്വാതന്ത്രനാണ്. നിരവധി പേർ എനിക്കായി പ്രാർത്ഥിച്ചു. ആരാധനകൾ എനിക്കായി അർപ്പിക്കപ്പെട്ടു. ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ഇന്നിൽ ജീവിക്കുക എന്ന വലിയ തിരിച്ചറിവ് സമ്മാനിച്ച നാളുകളായിരുന്നു തടവുജീവിതം. ഭീകരരുടെ തടവിൽനിന്ന് മോചനം നേടിയതിൽ അതിയായ സന്തോഷമുണ്ട്. അതാണ് എന്റെ ഇന്ന്. നാളെ എന്നത് ദൈവത്തിന്റെ കരങ്ങളിലാണ്. ദൈവത്തിന്റെ ഹിതം അനുസരിച്ച് ഭാവി ക്രമീകരിക്കപ്പെടും. അതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഞാൻ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?