Follow Us On

23

November

2020

Monday

മാമ്മോദീസ സ്വീകരിച്ചവർ സുവിശേഷത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടവർ: വത്തിക്കാൻ തിരുസംഘം

മാമ്മോദീസ സ്വീകരിച്ചവർ സുവിശേഷത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടവർ: വത്തിക്കാൻ തിരുസംഘം

വത്തിക്കാൻ സിറ്റി: മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ ശിഷ്യത്വം സ്വീകരിച്ച ഓരോരുത്തരും സുവിശേഷാധിഷ്ഠിത ജീവിതം നയിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമിപ്പിച്ച് ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘം സെക്രട്ടറി ആർച്ച്ബിഷപ്പ് പ്രോട്ടാസ് റുഗാംബ്വ. സുവിശേഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിതത്തിന്റെയും സമൂഹത്തിന്റെയും സമസ്തമേഖലകളിലും മാറ്റംവരുത്തണമെന്ന ക്രിസ്തുവിന്റെ ആഹ്വാനത്തോട് നാം ക്രിയാത്മകമായി പ്രത്യുത്തരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച ‘മിഷൻ ഞായർ’ സന്ദേശം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മിഷൻ ഞായർ ആഘോഷം ആഗോള സഭയെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ ഉറവിടമാണ്. ‘ഇതാ ഞാൻ, എന്നെ അയച്ചാലും’ എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. നാം ഓരോരുത്തരും സുവിശേഷവൽക്കരണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രസ്തുത ആപ്തവാക്യത്തിന്റെ കാതൽ. എന്തൊക്കെ സംഭവിച്ചാലും യേശു നമ്മെ ഏൽപ്പിച്ച സുവിശേഷദൗത്യം സഭ അഭംഗുരം തുടരുമെന്നും പാപ്പയുടെ സന്ദേശം വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കി.

‘മഹാമാരിയുടെ ഈ പ്രത്യേക സാഹചര്യത്തിൽ വ്യത്യസ്ത മാർഗത്തിലൂടെയായിരിക്കും തിരുസഭ തന്റെ സുവിശേഷവൽക്കരണ ദൗത്യം മുന്നോട്ടുകൊണ്ടുപോവുക. യേശുവിനെ അയക്കുകയും നിലനിറുത്തുകയും ചെയ്ത അതേ പിതാവ് തന്നെയാണ് നമ്മെയും അയച്ചിരിക്കുന്നതും പരിശുദ്ധാത്മ ശക്തിയിൽ നിലനിറുത്തുന്നതും. മാമ്മോദീസ സ്വീകരിച്ച നാമെല്ലാം സഭയുടെ മിഷൻ ദൗത്യത്തിൽ പങ്കുകൊള്ളാൻ വിളിക്കപ്പെട്ടിരിക്കുന്നു.’

ലോകത്തിന്റെ പല ഭാഗങ്ങളിലും ദൈവാലയങ്ങൾ അടഞ്ഞുകിടക്കെയാണ് 2020ലെ മിഷൻ ഞായർ ആചരിക്കുന്നത്. എങ്കിലും സഭാംഗങ്ങൾ ക്രിസ്തുവിന്റെ സുവിശേഷസാക്ഷികളായി ജീവിക്കണമെന്ന് ഈ ദിനം അനുസ്മരിപ്പിക്കുന്നു. പ്രതിസന്ധികളുള്ള സമൂഹത്തിൽ പുളിമാവായും, ജീവിതപരിമിതികളിൽ ഒതുങ്ങിനിന്നും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും ശൈലിയിൽ സമൂഹത്തിൽ വിശ്വാസജീവിതത്തിന്റെ മാറ്റു തെളിയിക്കാനുള്ള വിളിയാണ് മിഷൻദിനം നൽകുന്നതെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും പാപ്പയുടെ പേരിൽ ഏർപ്പെടുത്തിയ മിഷൻ ഫണ്ടും സുവിശേഷവൽക്കരണ പ്രവർത്തനങ്ങളിൽ നിർവഹിക്കുന്ന പങ്കിനെക്കുറിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് (പി.എം.എസ്) പ്രസിഡന്റ് ആർച്ച്ബിഷപ്പ് ജിയാംപിയട്രോ ഡാൽ ടോസോ വിവരിച്ചു. ഈ വർഷം പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ശേഖരിക്കുന്ന പണം ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, തെക്കെ അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിലെ മിഷൻ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സെക്രട്ടറി ഫാ. തദേവൂസ് നൊവാക്ക് അറിയിച്ചു.

ഫോട്ടോ ക്യാപ്ഷൻ: ഈശോയുടെ ജ്ഞാനസ്‌നാ തിരുനാളിനോട് അനുബന്ധിച്ച് 2020 ജനുവരിയിൽ ഫ്രാൻസിസ് പാപ്പ കുഞ്ഞുങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്തിയപ്പോൾ (ഫയൽ ചിത്രം)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?