Follow Us On

29

March

2024

Friday

ശാന്തതയോടെ മരണം വരിച്ച കൗമാരക്കാരൻ വേറെയുണ്ടാവില്ല! ശ്രദ്ധേയമാകുന്നു, രോഗീലേപനം നൽകിയ ചാപ്ലൈന്റെ സാക്ഷ്യം

ശാന്തതയോടെ മരണം വരിച്ച കൗമാരക്കാരൻ വേറെയുണ്ടാവില്ല! ശ്രദ്ധേയമാകുന്നു, രോഗീലേപനം നൽകിയ ചാപ്ലൈന്റെ സാക്ഷ്യം

അസീസി: വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ അവസാന ദിനങ്ങളെക്കുറിച്ച് സെന്റ് ജെറാൾഡ് ആശുപത്രി ചാപ്ലൈൻ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇത്രമാത്രം ശാന്തതയോടെ മരണം വരിക്കാൻ തയാറെടുക്കുന്ന കൗമാരപ്രായക്കാരനെ താൻ കണ്ടിട്ടില്ല എന്നാണ് ഫാ. സാൻഡ്രോ വിൽ, കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ലുക്കീമിയ ബാധിതനായ കാർലോ, ‘കോമ’യിലേക്ക് പോകുന്നതിന് തലേന്ന് വിശുദ്ധ കുർബാനയും രോഗീലേപനവും നൽകിയത് ഫാ. സാൻഡ്രോയാണ്.

‘ഒരു ചെറിയ മുറിയിലാണ് കാർലോ കിടന്നിരുന്നത്. അവന്റെ ശാന്തമായ മുഖം എന്നെ അദ്ഭുതപ്പെടുത്തി. ഇത്രയും ഗുരുതരമായ രോഗമുള്ള കൗമാര പ്രായത്തിലുള്ള കുട്ടികളിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു അവൻ. ആശുപത്രിയിൽ വെച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കാർലോക്കുണ്ടായ ഭക്തിയും സംതൃപ്തിയും എന്നെ അത്ഭുതപ്പെടുത്തി,’ അസീസിയിൽ സംഘടിപ്പിച്ച ഒരു അനുസ്മരണാ പരിപാടിയിൽ ഫാ. സാൻഡ്രോ മനസിൽനിന്ന് മായാത്ത ആ രംഗം പങ്കുവെച്ചു:

‘വിശുദ്ധ കുർബാനയ്ക്കായി കാർലോ ദാഹിച്ചിരുന്നപോലെയാണ് ദിവ്യകാരുണ്യം അവന് നൽകിയപ്പോൾ എനിക്ക്‌ തോന്നിയത്. ഈശോയുടെ അടുത്തേക്ക് പോകാൻ അവൻ കാത്തിരിക്കുന്നതുപോലെ ആയിരുന്നു ആ ദിനങ്ങളിൽ അവൻ. രണ്ടു കൂദാശകളും അവൻ സ്വീകരിച്ചു. അതിനായി കാത്തിരിക്കുന്നതുപോലെയായിരുന്നു അവന്റെ മുഖഭാവം. പിന്നീട് അവന്റെ ജീവിതത്തെക്കുറിച്ച് പഠിച്ചപ്പോൾ വിശുദ്ധ കുർബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തിൽ അവൻ അഗാധമായി വിശ്വസിച്ചിരുന്നുവെന്ന് എനിക്ക് മനസിലായി.’

അവന്റെ സൗമ്യമായ കണ്ണുകൾ നമ്മെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്.ജീവിതം, ഹ്രസ്വമായാലും ദീർഘമായാലും തീക്ഷണതയോടെ ദൈവത്തിനുവേണ്ടിയും മനുഷ്യർക്ക് വേണ്ടിയും ജീവിക്കണം എന്നതാണ് അതിൽ പ്രധാനമെന്നും ഫാ. സാൻഡ്രോ കൂട്ടിച്ചേർത്തു.

സെന്റ് ജെറാൾഡ് ആശുപത്രിയിലെ ഡോക്ടർമാരായ ആൻഡ്രിയ ബിയൊണ്ടി, മോംസിളോ ജാൻകൊവിച്ച് എന്നിവരും കാർലോയേ കുറിച്ചുള്ള തങ്ങളുടെ ഓർമകൾ പങ്കുവെച്ചു. അവന്റെ നോട്ടത്തിൽ ധൈര്യവും സ്‌നേഹവും സഹതാപവും ഉണ്ടായിരുന്നുവെന്നും ദൈവത്തിലുള്ള തന്റെ വിശ്വാസം മറ്റുള്ളവർക്കും പകർന്നു നൽകാൻ കാർലോ ആഗ്രഹിച്ചിരുന്നുവെന്നും ഡോക്ടർമാർ സ്മരിച്ചു.

1991ൽ ജനിച്ച കാർലോ, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അവൻ ശ്രദ്ധേയനായത്. വിവര സാങ്കേതിക വിദ്യകളിൽ പ്രതിഭയായിരുന്ന കാർലോ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്. കാൻസർ രോഗം സമ്മാനിച്ച വേദനകൾ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ച കാർലോ ഒക്‌ടോബർ 10നാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?