Follow Us On

29

November

2020

Sunday

മതനേതാക്കളോട് പാപ്പ: നിസംഗത തുടരരുത്, സമാധാനം സംജാതമാക്കാൻ പരിശ്രമിക്കണം

മതനേതാക്കളോട് പാപ്പ: നിസംഗത തുടരരുത്, സമാധാനം സംജാതമാക്കാൻ പരിശ്രമിക്കണം

വത്തിക്കാൻ സിറ്റി: മതപരമായ വൈജാത്യങ്ങൾ ഉണ്ടെങ്കിലും സമാധാനം സംജാതമാക്കാൻ വേണ്ടിയാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സമാധാനം സംസ്ഥാപിക്കുക, അത് നിലനിർത്തുക എന്നതാണ് ഓരോ മതത്തിന്റെയും മതനേതാക്കളുടെയും ദൗത്യമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസീസിയിൽ വിളിച്ചുകൂട്ടിയ സമാധാന പ്രാർത്ഥനാ സംഗമത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് റോമിലെ സാൻ എജിഡിയോ കൂട്ടായ്മ സംഘടിപ്പിച്ച 34-ാമത് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

മതപരമായ വൈജാത്യങ്ങൾ നിസംഗതയേയും ശത്രുതയേയും ന്യായീകരിക്കില്ലെന്ന് ഓരോ മതവിശ്വാസിയും മനസിലാക്കണം. യുദ്ധത്തിന്റെയും പൈശാചിക കൃത്യങ്ങളുടെയും മുന്നിൽ നിസംഗതരാകാതെ, അവരവരുടെ മതവിശ്വാസം അനുസരിച്ച് സമാധാനം സംജാതമാക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിക്കേണ്ടത്. സമാധാനത്തിന്റെ കൽപ്പനകൾ മതപാരമ്പര്യങ്ങളുടെ ആഴത്തിലാണ് അടങ്ങിയിരിക്കുന്നത്. സമാധാന സംസ്ഥാപനവും അതു നിലനിർത്തുന്നതുമാണ് ഓരോ മതങ്ങളുടെയും അതിലെ നേതാക്കളുടെയും ദൗത്യം.

സമാധാനമാണ് നമുക്ക് ആവശ്യം. സമാധാനത്തിനുവേണ്ടി തീവ്രമായി ദാഹിക്കുന്നുണ്ട് ലോകം. അതിനാൽ നിസംഗത തുടരരുത്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന അനേകരുണ്ട്. യുദ്ധങ്ങൾക്ക് അറുതിവരുത്തുക എന്നതാണ് രാഷ്ട്രീയ ഉത്തരവാദിത്വം കൈയാളുന്ന ഓരോരുത്തരുടെയും ഉദാത്തമായ ദൗത്യം. അതിന് വിരുദ്ധമായി സമാധാനം സംജാതമാക്കാൻ പ്രവർത്തിക്കാത്ത, സംഘർഷങ്ങൾ പ്രോത്‌സാഹിപ്പിക്കുന്ന സകലരും ദൈവതിരുമുമ്പിൽ കണക്കുബോധിപ്പിക്കേണ്ടിവരും.

സഹോദരീ സഹോദരന്മാരെപ്പോലെ പരസ്പര സഹകരണത്തിലും സ്‌നേഹത്തിലും വർത്തിക്കാൻ നമുക്കെല്ലാവർക്കും സാധിക്കും എന്ന പ്രത്യാശയാണ് ഈ സമ്മേളനത്തിലുടെ ലഭിക്കുന്നതെന്നും പാപ്പ പറഞ്ഞു. ‘സമാധാനവും സാഹോദര്യവും: ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല’ എന്നതായിരുന്നു ഉത്തവണത്തെ ചിന്താവിഷയം. തുടർന്ന് ആഗോള സമാധാന ആഹ്വാന ഉടമ്പടിയിൽ ഫ്രാൻസിസ് പാപ്പ ഉൾപ്പെടെ വിവിധ മതനേതാക്കൾ ഒപ്പുവെച്ചു. മതനേതാക്കൾക്ക് പുറമെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമത്തിൽ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?